
ഭരണത്തിലിരിക്കുന്ന നേതാക്കൾ അത് പോയതിനു ശേഷവും അതേ ആഡംബരപൂർണമായ ജീവിതം പിന്തുടരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സാഹചര്യങ്ങൾ കാരണം അധികാരമുപേക്ഷിക്കേണ്ടി വന്ന ഒരു മുൻമന്ത്രി കുടുംബം പുലർത്താൻ തെരുവിൽ ഊബർ ഓടിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ മുൻ ധനമന്ത്രി(Afghanistan’s Last Finance Minister) ഖാലിദ് പയേന്ദ(Khalid Payenda)യാണ് ആ വ്യക്തി. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തിയപ്പോൾ ഖാലിദ് അമേരിക്കയിലേക്ക് പലായനം ചെയ്യുകയിരുന്നു. തുടർന്ന് ഒളിവിൽ പോയ അദ്ദേഹം, കഴിഞ്ഞ ആറ് മാസമായി വാഷിംഗ്ടണിൽ ഊബർ(Uber) കാർ ഡ്രൈവറായി ജോലി ചെയ്യുന്നു.
തന്റെ മാതൃരാജ്യത്ത് 6 ബില്ല്യൺ ഡോളർ ബജറ്റിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഖാലിദ് അഷ്‌റഫ് ഗാനി സർക്കാരിന്റെ അവസാനത്തെ ധനമന്ത്രിയായിരുന്നു. താലിബാൻ കാബൂൾ പിടിച്ചെടുക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഖാലിദ് ധനമന്ത്രി സ്ഥാനം രാജിവച്ചത്. ഗാനിയുമായുള്ള ബന്ധം വഷളായതിനെത്തുടർന്നായിരുന്നു രാജി. പ്രസിഡന്റ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന അദ്ദേഹം അമേരിക്കയിലേക്ക് പലായനം ചെയ്തു.
ഒരിക്കൽ അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാല സ്ഥാപിച്ച ഖാലിദ് ഇന്ന് ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി പാർട്ട് ടൈം ജോലിയും ചെയ്യുന്നു. എന്നിട്ടും പക്ഷെ നാല് കുട്ടികളുടെ അച്ഛനായ അദ്ദേഹത്തിന് അതിൽ നിന്ന് കിട്ടുന്ന ശമ്പളം കുടുംബത്തെ പോറ്റാൻ തികയാതെ വരുന്നു. അതുകൊണ്ട് രാത്രിയിൽ കാബ് ഡ്രൈവറായും താൻ ജോലി ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ ഒരു അഭിമുഖത്തിലൂടെയാണ് തന്റെ ദുരവസ്ഥ അദ്ദേഹം ലോകത്തോട് വെളിപ്പെടുത്തിയത്.
2020 -ന്റെ അവസാനത്തിൽ, കൊവിഡ്-19 ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ കാബൂളിലെ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ഒരു ആശുപത്രിയിൽ കിടന്ന് മരിച്ച അനുഭവം അദ്ദേഹം വിവരിച്ചു. അതിന് ശേഷമാണ് അദ്ദേഹം ധനമന്ത്രിയായത്. എന്നാൽ സ്വന്തം നാട് വിട്ട് അദ്ദേഹം പോകുന്നത് ഇതാദ്യമായല്ല. 1992 -ൽ അഫ്ഗാനിസ്ഥാനിൽ നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം 11-ാം വയസ്സിൽ കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് കുടിയേറിയതാണ് അദ്ദേഹം. റിപ്പോർട്ട് അനുസരിച്ച്, യുഎസ് താലിബാനെ പുറത്താക്കി ഒരു ദശാബ്ദത്തിന് ശേഷം, അദ്ദേഹം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങി. അവിടെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയുടെ സഹസ്ഥാപകനായി.
എന്നാൽ, ഇപ്പോൾ തനിക്ക് പോകാൻ ഒരിടമില്ലെന്നും, ഇവിടെയും, അവിടെയും താൻ ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മുൻ ധനമന്ത്രിയുടെ അഭിപ്രായത്തിൽ, ഇത്തരമൊരു സാഹചര്യം ഉടലെടുക്കാൻ അദ്ദേഹം ഉൾപ്പെടെ എല്ലാവരും ഒരുപോലെ ഉത്തരവാദികളാണ്. യുഎസ് അഫ്ഗാനിസ്ഥാനെ കൈവിട്ടപ്പോൾ, അതിൽ നിന്ന് കരകയറാനുള്ള ഇച്ഛാശക്തി അഫ്ഗാനിസ്ഥാന് ഉണ്ടായിരുന്നില്ല, അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതിന് അമേരിക്കയും ഉത്തരവാദികളാണെന്ന് ഖാലിദ് അഭിമുഖത്തിൽ പറഞ്ഞു. 9/11 ന് ശേഷമുള്ള നയത്തിന്റെ കേന്ദ്രബിന്ദുവായി അഫ്ഗാനിസ്ഥാനെ മാറ്റിയതിന് ശേഷം, ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും ഉള്ള പ്രതിബദ്ധതയിൽ യുഎസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക അഫ്ഗാനികളെ അനാഥരായി വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''അഴിമതിയുടെ ഒരു ചീട്ടുകൊട്ടാരമായിരുന്നു ഞങ്ങൾ ഉണ്ടാക്കിയത്. അതുകൊണ്ടാണ് പെട്ടെന്ന് അത് തകർന്നത്. ഞങ്ങൾ ഞങ്ങളുടെ ജനങ്ങളെ വഞ്ചിച്ചു” ഖാലിദ് പറഞ്ഞു.