മഹാമാരിയില്‍ പണി പോയി, ദില്ലിയിലെ തെരുവുകളിൽ കഴിഞ്ഞു, ഇന്ന് ആഹാരമുണ്ടാക്കി വിറ്റ് മാസം 60,000 സമ്പാദിക്കുന്നു

Published : Mar 21, 2022, 12:43 PM IST
മഹാമാരിയില്‍ പണി പോയി, ദില്ലിയിലെ തെരുവുകളിൽ കഴിഞ്ഞു, ഇന്ന് ആഹാരമുണ്ടാക്കി വിറ്റ് മാസം 60,000 സമ്പാദിക്കുന്നു

Synopsis

ഭക്ഷണം പാകം ചെയ്യുന്നതിനായി നഗരത്തിലെ മാണ്ഡി ഹൗസിൽ ഒരു സ്ഥലം വാടകയ്‌ക്കെടുക്കാൻ അവർ വായ്പയെടുത്തു. പുലർച്ചെ 3.30 -ന് ഉണർന്ന ദമ്പതികൾ ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്യുകയും 10 മണിയോടെ ഭക്ഷണം വിൽക്കാനായി പോവുകയും ചെയ്തു. ഓരോ ദിവസവും അവർ ഓരോ സ്ഥലങ്ങളിൽ കൊണ്ട് ചെന്ന് വിറ്റു. 

ഡൽഹിയിലെ തലക്‌തോറ സ്റ്റേഡിയ(Talkatora stadium in Delhi)ത്തിനടുത്ത് ഒരു മൊബൈൽ തട്ടുകട നടത്തുകയാണ് ദമ്പതികളായ കരണും അമൃതയും(Karan and Amrita). എല്ലാ ദിവസവും കവലയിൽ 12:30 -നും 4 മണിക്കും ഇടയിൽ അവരുടെ വെള്ള ആൾട്ടോ നിർത്തിയിട്ടിരിക്കുന്നത് കാണാം. സാധാരണയായി 100 പേരെങ്കിലും അവിടെ ഒരു ദിവസം ഭക്ഷണം കഴിക്കാൻ എത്തുന്നു. വെളുപ്പിന് മൂന്നരയ്ക്കാണ് അവരുടെ ഒരു ദിവസം തുടങ്ങുന്നത്. അപ്പോൾ തുടങ്ങുന്ന അധ്വാനം വൈകും വരെ നീളുന്നു. എന്നാൽ, പകർച്ചവ്യാധിയ്ക്ക് മുൻപ് അവരുടെ ജീവിതം ഇതായിരുന്നില്ല.

ഒരു പാർലമെന്റ് അംഗത്തിന്റെ ഡ്രൈവറായി വർഷങ്ങളോളം കരൺ ജോലി ചെയ്തു. എന്നാൽ, മഹാമാരി അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടുത്തി. പന്ത്രണ്ടാം ക്ലാസ് വരെ കരൺ പഠിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർന്ന് പഠിക്കാൻ അദ്ദേഹത്തിനായില്ല. “എങ്ങനെയും പണം സമ്പാദിക്കുന്നതിനായിരുന്നു മുൻഗണന. മോശമായ സാമ്പത്തിക സാഹചര്യം കാരണം പഠിപ്പിൽ ശ്രദ്ധചെലുത്താൻ എനിക്ക് സാധിച്ചില്ല" കരൺ പറഞ്ഞു. പിന്നീട് 2015 -ലാണ് അദ്ദേഹം അമൃതയെ വിവാഹം കഴിക്കുന്നത്. ജീവിക്കാൻ പല ജോലികളും അദ്ദേഹം ചെയ്തു. എന്നാൽ, പകർച്ചവ്യാധി വന്നതോടെ ജീവിതമാകെ കീഴ്മേൽ മറിഞ്ഞു. കരണിന് തന്റെ അഭയകേന്ദ്രവും വരുമാന സ്രോതസ്സും നഷ്ടപ്പെട്ടു. ഒറ്റരാത്രികൊണ്ട് വീട് വിട്ട് തെരുവിൽ ഇറങ്ങേണ്ടി വന്നു. “ജോലി വിട്ട് പോകണമെന്ന് എംപി ആവശ്യപ്പെടുകയും സ്ഥലം ഒഴിയാൻ ഞങ്ങൾക്ക് രണ്ട് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു. ഞങ്ങൾക്ക് പോകാൻ ഒരിടമില്ലായിരുന്നു” അദ്ദേഹം പറയുന്നു.

സ്വത്ത് തർക്കത്തിന്റെ പേരിൽ 2016 -ൽ അദ്ദേഹത്തെ സ്വന്തം കുടുംബം ഉപേക്ഷിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സ്വന്തം കുടുംബത്തിലേക്ക് അദ്ദേഹത്തിന് മടങ്ങാനായില്ല. “എനിക്ക് ഒരു ജോലി കിട്ടുന്ന വരെ എന്റെ ഭാര്യവീട്ടുകാർ ഞങ്ങൾക്ക് താമസിക്കാൻ ഇടം തന്നു. പക്ഷേ, കൂടുതൽ നാൾ അവരെയും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല” അദ്ദേഹം പറയുന്നു. ആ അനിശ്ചിതത്വത്തിനിടയിൽ അവർ വീട് വിട്ടിറങ്ങി. എന്നാൽ, സ്നേഹനിധിയായ അമ്മായിഅച്ഛൻ അദ്ദേത്തിന്റെ കാർ അവർക്ക് ഉപയോഗിക്കാൻ കൊടുത്തു.    

പിന്നീട് ദമ്പതികൾ രണ്ട് മാസത്തോളം ഡൽഹിയിലെ തെരുവുകളിൽ കഴിഞ്ഞു. “ഞങ്ങൾ പകൽ സമയത്ത് ജോലി അന്വേഷിച്ചു. ഗുരുദ്വാരകളിൽ പോയി ഭക്ഷണം കഴിച്ചു. രാത്രികളിൽ കാറിനുള്ളിൽ കഴിച്ചു കൂട്ടി. കുളിക്കാനും മറ്റും പൊതുടോയ്‌ലറ്റുകൾ ഉപയോഗിച്ചു. ഞങ്ങളുടെ വിധിയോർത്ത് ഞങ്ങൾ കരഞ്ഞു” അദ്ദേഹം പറഞ്ഞു. ഒടുവിൽ ജോലി അന്വേഷിക്കുന്നത് നിർത്താനും, പകരം സ്വന്തമായി ഒരു ഭക്ഷണശാല നടത്തുന്നതിനെ കുറിച്ചും അവർ ചിന്തിച്ചു.  

ഇതിനായുള്ള മൂലധനം സ്വരൂപിക്കുന്നതിനായി കൈയിലുണ്ടായിരുന്ന അലമാരയും മറ്റ് വസ്തുക്കളും അവർ വിറ്റു. ചില സുഹൃത്തുക്കളും അച്ഛനും ഒരു ചെറിയ തുക സംഭാവന നൽകി. അതുപയോഗിച്ച് കുറിച്ച് പലചരക്ക് സാധനങ്ങളും പാചക ഉപകരണങ്ങളും വാങ്ങി. ഭക്ഷണം പാകം ചെയ്യുന്നതിനായി നഗരത്തിലെ മാണ്ഡി ഹൗസിൽ ഒരു സ്ഥലം വാടകയ്‌ക്കെടുക്കാൻ അവർ വായ്പയെടുത്തു. പുലർച്ചെ 3.30 -ന് ഉണർന്ന ദമ്പതികൾ ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്യുകയും 10 മണിയോടെ ഭക്ഷണം വിൽക്കാനായി പോവുകയും ചെയ്തു. ഓരോ ദിവസവും അവർ ഓരോ സ്ഥലങ്ങളിൽ കൊണ്ട് ചെന്ന് വിറ്റു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുകൾ കൂട്ടി. എന്നാൽ, ഒരു മാസത്തിനുശേഷം, തൽക്കത്തോറ സ്റ്റേഡിയത്തിന് സമീപം കൂടുതൽ ആളുകൾ എത്തുന്ന ഒരിടം അവർ കണ്ടെത്തി.  

വളരെ കുറച്ച് ആഹാരസാധനങ്ങൾ മാത്രമേ അവർ തുടക്കത്തിൽ വിറ്റിരുന്നുള്ളൂ. ഇതിനായി പ്രതിദിനം 1,600 രൂപ ചിലവുണ്ടായിരുന്നെന്ന് കരൺ പറയുന്നു. ഇരിക്കാൻ സ്ഥലമില്ലാത്തതും, ഭക്ഷണം കാറിൽ എത്തിക്കുന്നതും ശുചിത്വത്തെയും സുരക്ഷയെയും കുറിച്ച് ആശങ്കകൾ ജനിപ്പിച്ചു. എന്നാൽ, ബിസിനസ്സ് ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു സോഷ്യൽ മീഡിയ ബ്ലോഗർ കരൺ ദുവ തന്റെ ചാനലായ ദിൽ സേ ഫുഡിയിൽ അവരെക്കുറിച്ചുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചു. അത് വലിയ സഹായമായി. വീഡിയോ വൈറലാവുകയും, കൂടുതൽ ആളുകൾ അവിടേയ്ക്ക് വരാൻ തുടങ്ങുകയും ചെയ്തു. അതിനുശേഷം, ഒരു ദിവസത്തെ ലാഭം 320 രൂപയിൽ നിന്ന് 800 രൂപയായി വളർന്നു. ഇപ്പോൾ ചുരുങ്ങിയത് പ്രതിമാസം 60,000 രൂപയെങ്കിലും ലാഭമുണ്ടാകുന്നുവെന്ന് ദമ്പതികൾ പറയുന്നു. കരണും അമൃതയും തങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നു. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പിടിച്ച് നില്ക്കാൻ സഹായിച്ചത് പരസ്പരം അവർ പുലർത്തിയ സ്‌നേഹവും, വിശ്വാസവും മൂലമാണെന്ന് അവർ പറയുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്