രണ്ടാംവയസ്സില്‍ കാണാതായി, 32 വര്‍ഷങ്ങള്‍ക്കുശേഷം മകനെ തിരികെകിട്ടി, സഹായമായത് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി

By Web TeamFirst Published May 20, 2020, 10:32 AM IST
Highlights

അന്വേഷണങ്ങളുടെയും താരതമ്യപ്പെടുത്തലുകളുടെയും തുടര്‍പരമ്പരകള്‍ക്കും ഡിഎന്‍എ ടെസ്റ്റുകള്‍ക്കും ഒടുവില്‍ ആ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടി തന്നെയാണ് മാവോ എന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. 

മാവോ ഴെൻജിങ്-ലി ജിങ്ഷി ദമ്പതികള്‍ മൂന്ന് പതിറ്റാണ്ടുകളായി തങ്ങളുടെ മകന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. 32 വര്‍ഷം മുമ്പാണ് അവരുടെ രണ്ടുവയസ്സുകാരന്‍ മകന്‍ മാവോയെ ആരോ തട്ടിക്കൊണ്ടുപോകുന്നത്. ഒടുവിലിപ്പോള്‍ കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കും വിരാമമിട്ട് സ്വന്തം അച്ഛന്‍റെയും അമ്മയുടെയും അടുത്തെത്തിച്ചേര്‍ന്നിരിക്കുകയാണ് മാവോ. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജിയുപയോഗിച്ചാണ് മാവോയെ കണ്ടെത്തിയതെന്ന് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവം ഇങ്ങനെയാണ്, 1988 -ലാണ് രണ്ട് വയസുള്ളപ്പോള്‍ മാവോയെ കാണാതാവുന്നത്. ചൈനീസ് നഗരമായ സിയാനിലുള്ള ഒരു ഹോട്ടലിന്‍റെ മുന്നില്‍ വെച്ചാണ് അവനെ കാണാതാവുന്നത്. ഒടുവില്‍ സിചുവാനിലെ മക്കളില്ലാത്ത ഒരു കുടുംബത്തിന് അവനെ തട്ടിക്കൊണ്ടുപോയവര്‍ വിറ്റു. എന്നാല്‍, മാവോയുടെ തിരോധാനത്തെ കുറിച്ച് 32 വര്‍ഷങ്ങള്‍ക്കിപ്പുറവും പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പക്ഷേ, മാവോയെ കുറിച്ചോ അവനെ വാങ്ങിയവരെ കുറിച്ചോ യാതൊരു വിവരവും അവര്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍, യഥാര്‍ത്ഥ മാതാപിതാക്കള്‍ തങ്ങളുടെ കൂടെ വളരുന്ന കുട്ടിക്ക് വേണ്ടി അന്വേഷിക്കുന്നുണ്ട് എന്നറിയാതെയാണ് അവന്‍റെ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും അവനെ നോക്കിയത്. മാവോയ്ക്കും ഇതൊന്നും അറിയില്ലായിരുന്നു.

എന്നാല്‍, ഏപ്രില്‍ മാസം അവസാനം പൊലീസിന് ഒരു വിവരം കിട്ടി. സിചുവാന്‍ പ്രവിശ്യയിലെ ഒരു കുടുംബത്തിന് 1980 -ല്‍ ഷാന്‍സിയില്‍വെച്ച് ഒരു കുട്ടിയെ ഒരാള്‍ വിറ്റിരുന്നുവെന്നായിരുന്നു ലഭിച്ച വിവരം. അങ്ങനെയാണ് പൊലീസ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി ഉപയോഗിക്കുന്നതും മാവോയെ കണ്ടെത്തുന്നതും. മാവോയുടെ പഴയ ഫോട്ടോ ഉപയോഗിച്ച് അവന്‍ മുതിര്‍ന്ന ശേഷം എങ്ങനെയിരിക്കുമെന്ന ചിത്രമുണ്ടാക്കുകയായിരുന്നു പൊലീസ്. പിന്നീട് അത് നാഷണല്‍ ഡാറ്റാബേസിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ഒടുവില്‍ മാവോയുമായി ബന്ധം തോന്നുകയും ചെയ്യുകയായിരുന്നു. ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. 

അന്വേഷണങ്ങളുടെയും താരതമ്യപ്പെടുത്തലുകളുടെയും തുടര്‍പരമ്പരകള്‍ക്കും ഡിഎന്‍എ ടെസ്റ്റുകള്‍ക്കും ഒടുവില്‍ ആ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടി തന്നെയാണ് മാവോ എന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. തിങ്കളാഴ്ച 34 -കാരനായ മാവോ തന്‍റെ യഥാര്‍ത്ഥ അച്ഛനെയും അമ്മയെയും കണ്ടുമുട്ടി. വൈകാരികമായ ആ രംഗം, കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. 

''ഇനിയൊരിക്കലും എന്നെവിട്ട് എങ്ങോട്ടും പോവാന്‍ ഇവനെ ഞാന്‍ വിടില്ല. എപ്പോഴും ഇവനെന്‍റെ കൂടെ വേണം...'' പൊട്ടിക്കരഞ്ഞുകൊണ്ട് മാവോയുടെ അമ്മയായ ലി പറഞ്ഞു.  മാവോയെ കാണാതായതിനു പിന്നാലെ മകനെ അന്വേഷിക്കുന്നതിനായി ലി തന്‍റെ ജോലി ഉപേക്ഷിച്ചിരുന്നു. അതിനായി ആയിരക്കണക്കിനാളുകളെ അവര്‍ കണ്ടു. പല ടിവി പരിപാടികളിലും പങ്കെടുത്ത് തന്‍റെ മകനെ കണ്ടെത്താന്‍ സഹായിക്കണമെന്നപേക്ഷിച്ചു. കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സന്നദ്ധസംഘത്തിലെ അംഗമായും അവര്‍ പ്രവര്‍ത്തിച്ചു. ആ സംഘടനയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് 29 കുഞ്ഞുങ്ങളെയാണ് കണ്ടെത്താനായത്. 

ചൈനയില്‍ ഓരോ വര്‍ഷവും ഇങ്ങനെ നിരവധി കുട്ടികളെ കാണാതാവുന്നുണ്ട്. കൃത്യമായി എത്രപേരെന്ന കണക്കുകള്‍ ലഭ്യമല്ല. കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താനായി മാതാപിതാക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന 'ബേബി കം ഹോം' എന്ന വെബ്സൈറ്റില്‍ ഇതുവരെ 51,000 കുടുംബങ്ങളാണ് കുഞ്ഞുങ്ങളെ കാണാനില്ല എന്ന് ഒദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 


 

click me!