കൊവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പുരുഷനേതാക്കളെക്കാളും സ്ത്രീ നേതാക്കളാണോ മുന്നിൽ ?

By Web TeamFirst Published May 19, 2020, 3:15 PM IST
Highlights

എന്നാൽ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ മഹാമാരിയെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അവർ സ്ത്രീകളാണ് എന്നത് കൊണ്ട് മാത്രമല്ല. കുറച്ചു കൂടി വിശാലമായി ചിന്തിച്ചാൽ, സ്ത്രീകളെ തെരഞ്ഞെടുത്ത ആ സമൂഹത്തിന്റെ പ്രതിഫലനമാണ് അത് എന്ന് പറയാൻ കഴിയും.

കൊറോണ വൈറസിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ രാജ്യങ്ങൾ എല്ലാം കൈയുംമെയ്യും മറന്ന് പ്രവർത്തിക്കുകയാണ്. എന്നിരുന്നാലും ഈ കാര്യത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നത് പുരുഷനേതാക്കളെക്കളേക്കാള്‍ കൂടുതല്‍ വനിതാ നേതാക്കളാണോ? ആണെന്ന് വേണം പറയാൻ. ഒരു പെണ്ണ് വിചാരിച്ചാൽ എന്ത് നടക്കാനാ എന്ന് ചിന്തിക്കുന്ന ഒരു ലോകത്തിൽ, ഞങ്ങൾ വിചാരിച്ചാലും പലതും നടക്കുമെന്ന് തെളിയിക്കുകയാണ് ഈ സ്ത്രീ നേതാക്കൾ. കൊവിഡിനെ നിയന്ത്രിച്ച ഡെൻമാർക്ക്, ഫിൻ‌ലാൻ‌ഡ്, ജർമ്മനി, തായ്‌വാൻ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ നേതാക്കളെല്ലാം തന്നെ വനിതകളാണ്. അല്ലെങ്കിൽ അവിടങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നത് വനിതകളാണ്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ അവരുടെ നടപടികൾ പുരുഷ നേതാക്കളേക്കാൾ മികച്ചതാണെന്നാണ് അനുമാനിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡെനിനെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനിക്കാവുന്ന ഒരു ദിവസമായിരുന്നു. കൊവിഡ് -19 -നെ നിയന്ത്രിക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവർ. മാർച്ച് 25 -ന് അവർ കൊണ്ടുവന്ന ലോക്ക് ഡൗൺ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജസീന്ത. അവർ മാത്രമല്ല, ഈ സമരപോരാട്ടത്തിൽ വിജയിച്ച് നിൽക്കുന്ന വനിതാ നേതാവ്.  

ഏഞ്ചല മെർക്കല്‍

ഏഞ്ചല മെർക്കലിന്റെ നേതൃത്വത്തിലുള്ള ജർമ്മനിയിൽ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവയേക്കാൾ മരണനിരക്ക് വളരെ കുറവാണ്. വെറും മുപ്പത്തിനാല് വയസ്സുള്ള പ്രധാനമന്ത്രി സന മാരിൻ ഭരണം നടത്തുന്ന ഫിൻ‌ലാൻഡിൽ സ്വീഡനേക്കാൾ 10 ശതമാനത്തിൽ താഴെ മാത്രമേ മരണങ്ങൾ ഉണ്ടായിട്ടുള്ളൂ. വൈറസ് നിയന്ത്രണത്തിൽ ലോകത്തിലെ ഏറ്റവും വിജയകരമായ ശ്രമങ്ങളിലൊന്നാണ് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ നേതൃത്വം നൽകിയത്. സ്ത്രീകൾ നയിക്കുന്ന രാജ്യങ്ങളിലെ ഈ വിജയം ഭാവിയിലെ ഒരു പുതിയ സംസ്കാരത്തിന്റെ നേർകാഴ്‌ചയാണ്.

സന മരിന്‍

രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവും, പ്രായോഗികതയും, ദയയും, പരസ്പര സഹായവും, വിനയവും സ്ത്രീകളുടെ പൊതുസവിശേഷതയായി പരാമർശിക്കപ്പെടുന്നു. എന്നാൽ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള രാജ്യങ്ങൾ മഹാമാരിയെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അവർ സ്ത്രീകളാണ് എന്നത് കൊണ്ട് മാത്രമല്ല. കുറച്ചു കൂടി വിശാലമായി ചിന്തിച്ചാൽ, സ്ത്രീകളെ തെരഞ്ഞെടുത്ത ആ സമൂഹത്തിന്റെ പ്രതിഫലനമാണ് അത് എന്ന് പറയാൻ കഴിയും. Organisation for Economic Co-operation and Development അംഗങ്ങളായ രാജ്യങ്ങൾക്കിടയിൽ ലിംഗ തുല്യതയെക്കുറിച്ച് ലോക സാമ്പത്തിക ഫോറം ഒരു വാർഷിക പഠനം നടത്തുകയുണ്ടായി. ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് 2020 അനുസരിച്ച്, മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ടവരിൽ സ്ത്രീകളാണ് മുന്നിൽ.  

സായ് ഇംഗ്-വെൻ

സ്ത്രീകളുടെ പ്രതിരോധ പ്രവർത്തനം കൂടുതൽ മികവുറ്റതാണ് എന്നാണ് കരുതപ്പെടുന്നത്. ജർമ്മനിയിൽ, കൊറോണ വൈറസ് നയം വികസിപ്പിക്കുന്നതിനായി പലയിടത്തു നിന്നും വിവരങ്ങൾ ശേഖരിക്കാൻ മെർക്കലിന്റെ സർക്കാർ ശ്രമിച്ചിരുന്നു. മെഡിക്കൽ ദാതാക്കളിൽ നിന്നും വിവരങ്ങൾ അവർ ശേഖരിച്ചു. കൂടാതെ ദക്ഷിണ കൊറിയയുടെ വിജയകരമായ കൊവിഡ് നിയന്ത്രണ പദ്ധതികളും അവർ പരിഗണനക്കെടുത്തു. തൽഫലമായി, കൊറോണ വൈറസ് മരണനിരക്ക് മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ കുറക്കാൻ അവർക്കായി. ഇതിനു വിപരീതമായി, സ്വീഡനിലെയും ബ്രിട്ടനിലെയും പുരുഷ നേതൃത്വത്തിലുള്ള സർക്കാരുകൾ പ്രാഥമികമായി സ്വന്തം ഉപദേഷ്ടാക്കളുടെ ഉപദേശം മാത്രമാണ് ആശ്രയിച്ചിരുന്നത്. പുറത്തുനിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ല. 

മെറ്റി ഫ്രെഡറിക്‌സണ്‍

പ്രസിഡന്റ് ട്രംപ് പൊതുവേദിയിൽ മാസ്ക് ധരിക്കാത്തതിനെ ചൊല്ലി പത്രപ്രവർത്തകനായ ഡേവിഡ് മാർക്കസ്, ഫെഡറലിസ്റ്റ് എന്ന വെബ്‌സൈറ്റിൽ ഒരു ലേഖനം എഴുതി. ട്രംപ് മാസ്ക് ധരിക്കുകയാണെങ്കിൽ, “ചൈനയിൽ നിന്ന് ഉടലെടുത്ത ഈ അദൃശ്യ ശത്രുവിനെ നേരിടാൻ അമേരിക്കയ്ക്ക് ശക്തിയില്ലെന്നതിന്റെ സൂചനയായി അതിനെ ആളുകൾ കാണുമെന്ന്" അതിൽ അദ്ദേഹം എഴുതി.  മാർക്കസിന്റെ വിശകലനം യഥാർത്ഥത്തിൽ അമേരിക്കൻ നേതാവ് ശക്തനായിരിക്കണമെന്നുള്ള പണ്ടുമുതലേ നിലനിൽക്കുന്ന ആശയത്തെ ഉയർത്തി കാട്ടുന്നു. അധികാരം കാണിക്കുന്ന, അക്രമണാത്മകമായി പ്രവർത്തിക്കുന്ന എല്ലാറ്റിനുമുപരിയായി ഒരു ഭയവും കാണിക്കാത്ത അതുവഴി രാജ്യത്തിന്റെ ശത്രുക്കളെ കീഴടക്കുന്ന ഒരു നേതാവ്.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പുരുഷത്വത്തിന്റെ ആദർശങ്ങളുമായി പൊരുത്തപ്പെടുന്ന ഒരാളാണ് ശക്തമായ നേതാവ് എന്നാണ് പൊതുവെ നമ്മൾ കരുതി വച്ചിരിക്കുന്നത്. എന്നാൽ, കാര്യക്ഷമായ പ്രവർത്തങ്ങൾക്ക് ഇത്തരം ചിന്തകൾ പലപ്പോഴും ഒരു തടസ്സമാണ്.  

ഇത്തരം കാഴ്ചപ്പാടുകൾ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരാൻ സ്ത്രീകൾക്ക് തടസ്സമായി നിലനിൽക്കുന്നു. ഏതെങ്കിലും സ്ത്രീ നേതാവ് ഇത്തരം ഗുണങ്ങൾ കാണിച്ചാൽ, അവരെ സ്ത്രീവിരുദ്ധയായി കാണുകയും ചെയ്യും. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് നേതാക്കളായി വളരാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, ഇത്തരം സങ്കല്പങ്ങൾക്ക് ഇളക്കം സംഭവിക്കാൻ തുടങ്ങി എന്ന് വേണം കരുതാൻ. സ്ഥിരം നിലനിന്നിരുന്ന അധികാരവും ആധിപത്യവും നിയന്ത്രണങ്ങളും നിറഞ്ഞ ഒരു ഭരണത്തിൽ നിന്ന് കൂടുതൽ സഹകരണവും, കരുതലും, സമാനുഭാവവും നിറഞ്ഞ ഒന്നിലേക്ക് സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങൾ ഇപ്പോൾ മാറുകയാണ്.  

ഇത് ഇന്നത്തെ കാലത്ത് ഒരു പുതിയ മാറ്റം കൊണ്ടുവരാനും, ആരോഗ്യം, പരിസ്ഥിതി, ജനസംഖ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കൂടുതൽ നല്ല രീതിയിൽ നേരിടാനും നമ്മെ സഹായിക്കുമെന്നാണ് അനുമാനിക്കുന്നു. ഭാവിയിലെ സാമൂഹിക ക്ഷേമത്തിനും, സമഗ്രമായ വളർച്ചക്കും, സുസ്ഥിര വികസനത്തിനും സ്ത്രീ പുരുഷ സമത്വം വളരെ അനിവാര്യമായ ഒന്നാണ്. അതിലൂടെ മാത്രമേ ഒരു നല്ല ലോകം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ.  

click me!