
മറാഠാ രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവ് ഛത്രപജി ശിവജി (Chhatrapati Shivaji), 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്‍റെ ജനറൽ അഫ്സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച 'കടുവ നഖ' (tiger claw) ആയുധം, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ശിവജിയുടെ കിരീടധാരണത്തിന്‍റെ 350-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് ഈ അപൂര്‍വ്വായുധം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്ന് മൂന്ന് വർഷത്തെ പ്രദർശനത്തിനായിട്ടാണ് കടുവ നഖം ഇന്ത്യയിലെത്തുന്നത്. ആയുധം തിരികെ നൽകുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ നാളെ (2.10.'23) ലണ്ടനിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും 'വാഗ് നാഖി'ന്‍റെ (wagh nakh) പ്രദര്‍ശനം ഉണ്ടാകുക. അഫ്സൽ ഖാനെ പരാജയപ്പെടുത്തിയ ദിവസം ഇത് പ്രദര്‍ശനത്തിന് വയ്ക്കാന്‍ കഴിയുമെന്നും മുംഗന്തിവാർ പറഞ്ഞു. മറാഠാ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ യുദ്ധമായി 1659-ലെ പ്രതാപ്ഗഡ് യുദ്ധത്തെ (Battle of Pratapgad) വിലയിരുത്തുന്നു. യുദ്ധത്തില്‍ മറാഠാ സൈന്യം, ബിജാപൂർ സൈന്യത്തെക്കാള്‍ വളരെ ചെറുതായിരുന്നു. എന്നാല്‍, വിജയം മറാഠകള്‍ക്കൊപ്പമായിരുന്നത് സൈനിക തന്ത്രജ്ഞനെന്ന നിലയിൽ ശിവജിയുടെ പ്രശസ്തി ഉയര്‍ത്തി.
ഇന്നത്തെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വാഗ് നാഖ് ഉപയോഗിച്ച് വധിച്ചത്. പിന്നീട് ഈ സംഭവം നിരവധി നാടോടിക്കഥകളിലൂടെ മറാഠാ ഭൂമിയില്‍ പ്രചരിച്ചു. അതിലൊന്ന് സൈനിക സംഭാഷണത്തിനിടെ ശിവാജിയെ അഫ്സൽ ഖാൻ പുറകില്‍ നിന്നും കുത്തിയെന്നും തുടര്‍ന്ന് അഫ്സല്‍ ഖാനെ കൊലപ്പെടുത്താന്‍ ശിവജി വാഗ് നാഖ് ഉപയോഗിച്ചെന്നുമാണ്. മറ്റൊരു കഥ, സൈനിക ശക്തിയില്‍ കുറവായിരുന്ന ശിവജി, അഫ്സല്‍ ഖാനെ നേരിട്ടുള്ള മല്ല യുദ്ധത്തിന് ക്ഷണിച്ചെന്നും. ഇരുവരും തമ്മിലുള്ള ദ്വന്ദ യുദ്ധത്തിനിടെ ശിവജി, അഫ്സല്‍ ഖാന്‍റെ വയര്‍, വാഗ് നാഖ് ഉപയോഗിച്ച് പിളര്‍ന്ന് കുടല്‍മാല വെളിയിലിട്ടെന്നുമാണ്.
മൂന്നാം ആംഗ്ലോ - മറാഠ യുദ്ധത്തില്‍ പരാജയപ്പെട്ട മറാഠകളുടെ അവസാന പേഷ്വ (പ്രധാനമന്ത്രി) ആയിരുന്ന ബാജി റാവു രണ്ടാമന്‍ 1818 ജൂണില്‍ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങി. പിന്നാലെ അന്നത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി സത്താറ റെസിഡന്‍റായ ജെയിംസ് ഗ്രാന്‍റ് ഡഫിന് അദ്ദേഹം വാഗ് നാഖ് അടിയറ വെച്ചെന്നാണ് കരുതുന്നത്. എന്നാല്‍, ഇത് ആധികാരികമായി തെളിക്കപ്പെട്ടിട്ടില്ല. അതിനാല്‍ വാഗ് നഖിന്‍റെ ആധികാരികത, പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. ഛത്രപതി ശിവജി ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം വെബ്‌സൈറ്റിൽ പറയുന്നതായി ചരിത്ര വിദഗ്ധൻ ഇന്ദർജിത് സാവന്ത് ചൂണ്ടിക്കാട്ടുന്നു. ഒപ്പം ശിവസേന നേതാവ് ആദിത്യ താക്കറെയും വാഗ് നഖിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.