മകളുടെ ജീവനെടുത്ത അപകടം; നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ദിവസവും റോഡിൽ കാവലിരുന്ന് പിതാവ്

Published : Nov 09, 2026, 03:00 PM IST
chinese man visits junction to catch traffic violators

Synopsis

സ്കൂളുകൾക്കും കളിസ്ഥലങ്ങൾക്കും സമീപമുള്ള തിരക്കേറിയ ജംങ്ഷനുകളിലാണ് ഇപ്പോൾ വുവിന്റെ നിരീക്ഷണം. ടിപ്പർ ലോറികൾ, കോൺക്രീറ്റ് മിക്സറുകൾ, ചരക്കുവാഹനങ്ങൾ എന്നിവയുടെ നിയമലംഘനങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തുന്നു.

ഒൻപതു വയസ്സുകാരിയായ മകളുടെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നാലെ, ഗതാഗത നിയമം പാലിക്കാത്തവർക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി ഒരു പിതാവ്. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലാണ് സംഭവം. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ കണ്ടെത്തി അധികൃതർക്ക് മുന്നിലെത്തിക്കാൻ വു ഷിഷെങ് എന്ന പിതാവാണ് ദിവസവും തിരക്കേറിയ ജംങ്ഷനുകളിൽ കാവലിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു വു ഷിഷെങിന്റെ ജീവിതം തകർത്ത ആ ദുരന്തം നടന്നത്. ഭാര്യ രണ്ടു പെൺമക്കളുമായി ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ, ജംങ്ഷനിൽ വെച്ച് ഒരു ടിപ്പർ ലോറി ഇവരെ ഇടിക്കുകയായിരുന്നു. ഒൻപതു വയസ്സുകാരിയായ മൂത്ത മകൾ സിജിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യയ്ക്കും അഞ്ചു വയസ്സുകാരിയായ ഇളയ മകൾക്കും ഗുരുതരമായി പരിക്കേറ്റു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോറി അനുവദനീയമായതിനെക്കാൾ 92 ശതമാനം അധികഭാരം കയറ്റിയിരുന്നതായും വാഹനത്തിന്റെ ബ്രേക്കുകൾക്ക് തകരാറുണ്ടായിരുന്നതായും കണ്ടെത്തി. അപകടത്തിൽ ഡ്രൈവർ കുറ്റക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തന്റെ മകളുടെ ശരീരഭാരത്തിന്റെ ഏകദേശം 2,000 മടങ്ങ് ഭാരമാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് വു വേദനയോടെ ഓർക്കുന്നു.

എന്നാൽ, അപകടത്തിന് കാരണക്കാരായ ട്രക്കിങ് കമ്പനിക്കും നിർമാണ കരാറുകാരനും എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ മതിയായ തെളിവുകളില്ലെന്ന അധികൃതരുടെ നിലപാട് വുവിനെ നിരാശനാക്കി. ഇതോടെ സ്വന്തം ബിസിനസ് താൽക്കാലികമായി നിർത്തിവെച്ച്, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ മുഴുവൻ സമയവും പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

സ്കൂളുകൾക്കും കളിസ്ഥലങ്ങൾക്കും സമീപമുള്ള തിരക്കേറിയ ജംങ്ഷനുകളിലാണ് ഇപ്പോൾ വുവിന്റെ നിരീക്ഷണം. ടിപ്പർ ലോറികൾ, കോൺക്രീറ്റ് മിക്സറുകൾ, ചരക്കുവാഹനങ്ങൾ എന്നിവയുടെ നിയമലംഘനങ്ങൾ അദ്ദേഹം ക്യാമറയിൽ പകർത്തുന്നു. തെറ്റായ ദിശയിൽ വാഹനമോടിക്കൽ, സിഗ്നൽ മറികടക്കൽ, അമിതഭാരം കയറ്റൽ, നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കൽ തുടങ്ങിയവ കണ്ടെത്തി ദൃശ്യങ്ങൾ ട്രാഫിക് പൊലീസിന് കൈമാറുന്നതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഇതുവരെ ഇരുപതിലേറെ ഭാരവാഹനങ്ങളുടെ നിയമലംഘനങ്ങളാണ് അദ്ദേഹം ഇങ്ങനെ വെളിച്ചത്തുകൊണ്ടുവന്നത്.

"വലത്തോട്ട് തിരിയുന്നതിന് മുമ്പ് വാഹനം പൂർണമായി നിർത്തണമെന്ന നിയമം ഡ്രൈവർ കൃത്യമായി പാലിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞ് ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു" വു പറയുന്നു. ചൈന ജസ്റ്റിസ് ബിഗ് ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, ചൈനയിൽ മരണത്തിനോ പരിക്കുകൾക്കോ കാരണമാകുന്ന റോഡപകടങ്ങളിൽ 32 ശതമാനത്തിലും ഭാരവാഹനങ്ങളാണ് ഉൾപ്പെടുന്നത്.

നവംബർ രണ്ടിന് നടന്ന വിചാരണയിൽ അപകടമുണ്ടാക്കിയ ഡ്രൈവർ കുറ്റം നിഷേധിക്കുകയും വുവിന്റെ ഭാര്യയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തു. ഡ്രൈവർക്കും വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിക്കും നിർമാണ കരാറുകാരനും ഗതാഗത കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്ത് നഷ്ടപരിഹാരം തേടാനാണ് വുവിന്റെ തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ഹൈജംപ്, ട്രിപ്പിൾ ജംപ്... 6 ഇനങ്ങൾ, 91 -കാരി നേടിയത് 6 ലോകറെക്കോർഡുകൾ!
148 ഡോളറിന്റെ അഡ്വന്റ് കലണ്ടർ വൻ വിവാദത്തിൽ: പണം തിരികെ നൽകാനൊരുങ്ങി കിം കർദാഷിയാന്റെ 'സ്കിംസ്'