ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി 60-ാം വയസ്സിലാണ് ഫ്ലോറൻസ് അത്‍ലറ്റിക്സിലേക്ക് വരുന്നത്. വെർമോണ്ട് സീനിയർ ഗെയിംസിൽ ലോംഗ് ജംപിൽ പങ്കെടുക്കാൻ സുഹൃത്തായ ബാർബറ ജോർദാൻ ക്ഷണിച്ചതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്.

പ്രായം വെറുമൊരു നമ്പർ മാത്രം! പറഞ്ഞുപറഞ്ഞ് ക്ലീഷേയായ വാക്കുകളാണല്ലേ? എന്നാൽ, ചിലരുടെ കാര്യത്തിൽ അതെത്ര പറഞ്ഞാലും അധികമാകില്ല. അത് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അമേരിക്കയിലെ വെർമോണ്ടിൽ നിന്നുള്ള 91 -കാരിയായ ഫ്ലോറൻസ് മെയ്‌ലർ. 60 -ാം വയസ്സിൽ മാത്രം അത്‌ലറ്റിക്സിലേക്ക് ചുവടുവെച്ച ഫ്ലോറൻസ്, ഇന്ന് വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സിന്റെ ആറ് ലോകറെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് കായികലോകത്തെ അത്ഭുതപ്പെടുത്തുന്നത്.

60-ാം വയസ്സിലെ തുടക്കം

ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി 60-ാം വയസ്സിലാണ് ഫ്ലോറൻസ് അത്‍ലറ്റിക്സിലേക്ക് വരുന്നത്. വെർമോണ്ട് സീനിയർ ഗെയിംസിൽ ലോംഗ് ജംപിൽ പങ്കെടുക്കാൻ സുഹൃത്തായ ബാർബറ ജോർദാൻ ക്ഷണിച്ചതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് 20 വർഷത്തോളം ഇരുവരും ഒരുമിച്ച് പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ, 2020 -ൽ കാൻസർ ബാധയെത്തുടർന്ന് 85 -ാം വയസ്സിൽ ബാർബറ അന്തരിച്ചു. എങ്കിലും, പരിശീലനം പ്രയാസകരമാകുമ്പോൾ തനിക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് ബാർബറയുടെ ഓർമ്മകളാണെന്ന് ഫ്ലോറൻസ് പറയുന്നു. "പരിശീലനം നടത്തുമ്പോൾ ഞങ്ങൾ പരസ്പരം ചോദ്യം ചെയ്യുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ഒറ്റയ്ക്ക് പരിശീലിക്കുന്നത് എളുപ്പമല്ല, എങ്കിലും ബാർബറയുടെ ഓർമ്മകൾ എന്നെ മുന്നോട്ട് നയിക്കുന്നു" ഫ്ലോറൻസ് പറയുന്നു.

6 ലോകറെക്കോർഡുകൾ

90 മുതൽ 94 വരെയുള്ള പ്രായക്കാരുടെ വിഭാഗത്തിലാണ് ഫ്ലോറൻസിന്റെ റെക്കോർഡുകൾ. 2,000 മീറ്റർ സ്റ്റീപ്പിൾചേസ്, 80 മീറ്റർ ഹർഡിൽസ്, പോൾ വോൾട്ട്, ഹൈജംപ്, ട്രിപ്പിൾ ജംപ്, പെന്റാത്‌ലൺ എന്നീ ആറ് ഇനങ്ങളിലാണ് ഈ 91-കാരി ലോകറെക്കോർഡ് സ്ഥാപിച്ചിരിക്കുന്നത്.

'Never too late' എന്നാണ് തന്റെ ജീവിതാനുഭവത്തിൽ നിന്നും ഫ്ലോറൻസിന് ഈ ലോകത്തോട് പറയാനുള്ളത്. മറ്റു അത്‌ലറ്റുകൾ തന്നിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു എന്ന് പറയുമ്പോൾ വലിയ സന്തോഷവും സംതൃപ്തിയും തോന്നാറുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

YouTube video player