ഗർഭിണിയാണ് അതിനാൽ പിന്മാറുന്നെന്ന് എഐ ഗായിക; ചൈനീസ് സംഗീത സംഘത്തിനെതിരെ രൂക്ഷ വിമർശനം

Published : Oct 20, 2026, 01:53 PM IST
Chinese AI idol’s pregnancy

Synopsis

ചൈനീസ് എഐ സംഗീതസംഘമായ ബേബിക്വീനിലെ വെർച്വൽ ഗായിക ഗർഭിണിയാണെന്ന പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായി. സ്ത്രീകളുടെ പ്രത്യുൽപാദനത്തെ പരസ്യത്തിനായി ഉപയോഗിച്ചെന്ന വിമർശനമാണ് ഉയർന്നത്. ഒന്നിലധികം എഐ താരങ്ങളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെന്ന് പിന്നീട് സൃഷ്ടാക്കൾ വ്യക്തമാക്കി.

എഐ ഉപയോഗിച്ച് സൃഷ്ടിച്ച വെർച്വൽ ഗായിക ഗർഭിണിയായതിനാൽ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന പ്രഖ്യാപനവുമായി ചൈനീസ് സംഗീതസംഘം. സ്ത്രീകളുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അനാവശ്യമായി പരസ്യത്തിന് വേണ്ടി ഉപയോഗിച്ചെന്ന വിമർശനത്തെത്തുടർന്ന് ഗായക സംഘത്തിന്‍റെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായി.

വെർച്വൽ ഗായിക 'ഗർഭിണി'യെന്ന്!

വടക്കുകിഴക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബേബിക്വീൻ (BABYQUEEN) എന്ന നാലംഗ എഐ സംഗീതസംഘമാണ് ഒറ്റ പ്രസ്താവനയോടെ വിവാദത്തിലായത്. കെ-പോപ്പ് ശൈലിയിൽ രൂപകൽപ്പന ചെയ്ത സംഘത്തിന് ഏകദേശം 1,100 ഫോളോവേഴ്‌സാണുള്ളത്. സെപ്റ്റംബറിലാണ് സംഘം രൂപീകരിച്ചത്. ഒക്ടോബർ 13 -ന് സംഘത്തിലെ വെർച്വൽ അംഗമായ മിറ്റിയുടെ പേരിലാണ് ഗർഭധാരണ പ്രഖ്യാപനം പുറത്തുവന്നത്. താൻ ഗർഭിണിയാണെന്നും പൊതുപരിപാടികളിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും അറിയിക്കുന്ന രീതിയിലായിരുന്നു കുറിപ്പ്. തന്‍റെ സ്വകാര്യതയും പുതിയ ജീവിതവും ആരാധകർ മാനിക്കണമെന്നും മിറ്റി കുറിപ്പിൽ അഭ്യർഥിച്ചു.

വിമ‍ർശനം, പരിഹാസം

പ്രഖ്യാപനം വൈകാതെ വൈറലായി. ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോയിൽ 7.8 കോടിയിലധികം പേർ കണ്ടതോടെ എഐ കഥാപാത്രങ്ങൾക്ക് മനുഷ്യസമാനമായ ജീവിതസാഹചര്യങ്ങൾ കൽപ്പിക്കുന്നതിന്‍റെ ഔചിത്യത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. ഗർഭധാരണത്തെ പിന്മാറ്റത്തിനുള്ള കാരണമായി അവതരിപ്പിച്ചതിനെ നിരവധി പേർ പരിഹസിച്ചു. യഥാർഥ സംഗീതതാരങ്ങൾ പോലും ഗർഭധാരണത്തെക്കുറിച്ച് തുറന്നുപറയാൻ മടിക്കുമ്പോൾ, എഐ കഥാപാത്രത്തിന് ഈ കാരണം തെരഞ്ഞെടുക്കേണ്ടിവന്നത് എന്തിനാണെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ ചോദ്യം.

എഐ സംവിധാനം പ്രവർത്തിപ്പിക്കാനുള്ള ടോക്കണുകൾ വാങ്ങാൻ പണം തീർന്നതിനെത്തുടർന്ന് ചെലവ് കുറയ്ക്കാൻ കണ്ടെത്തിയ ന്യായമാണിതെന്ന പരിഹാസവും ഉയർന്നു. വൻതോതിൽ വിഭവങ്ങൾ ലഭിക്കുന്ന എഐ സാങ്കേതികവിദ്യ പൊതുജനങ്ങൾ പ്രതീക്ഷിക്കുന്ന ഗുണമേന്മയുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനുപകരം വിവാദങ്ങൾക്കും സെൻസേഷണലിസത്തിനുമാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

'ഒരുപാടുപേരെ ഒരുമിച്ച് നോക്കാൻ ബുദ്ധിമുട്ട്'

ഒന്നിലധികം എഐ താരങ്ങളെ ഒരേസമയം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായതിനെത്തുടർന്നാണ് പ്രവർത്തനങ്ങൾ ചുരുക്കാൻ തീരുമാനിച്ചതെന്ന് സംഘത്തിന്‍റെ സൃഷ്ടാക്കൾ പിന്നീട് വ്യക്തമാക്കി. ഗർഭധാരണത്തെ മിറ്റിയുടെ പിന്മാറ്റത്തിനുള്ള കാരണമായി അവതരിപ്പിച്ചത് അനുചിതമായിപ്പോയെന്ന് സമ്മതിച്ച അവർ ക്ഷമാപണവും നടത്തി. കെ-പോപ്പ് ആരാധകരായ ഏതാനും യുവതികൾ സ്വന്തം വിനോദത്തിനായി തുടങ്ങിയ സംരംഭമാണ് 'ബേബിക്വീൻ' എന്നും ലാഭമുണ്ടാക്കുക എന്നതായിരുന്നില്ല ലക്ഷ്യമെന്നും അവർ വിശദീകരിച്ചു.

വിടാതെ ആരോപണങ്ങൾ

ഗർഭധാരണ പ്രഖ്യാപനത്തിന് പിന്നാലെ ഒക്ടോബർ 14 -ന് ദക്ഷിണകൊറിയൻ സംഗീതസംഘമായ എസ്പയുടെ ഹിറ്റ് ഗാനം ‘നെക്സ്റ്റ് ലെവലി’-ന്‍റെ കവർ വീഡിയോയും ബേബിക്വീൻ പുറത്തിറക്കി. ഇതോടെ ശ്രദ്ധ നേടാനും വീഡിയോയ്ക്ക് കൂടുതൽ കാഴ്ചകൾ ലഭിക്കാനുമായി വിവാദം ആസൂത്രണം ചെയ്തതാണെന്ന ആരോപണവും ഉയർന്നു. ചൈനയിൽ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വെർച്വൽ താരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വർധിക്കുകയാണ്. ജൂലൈയിൽ ഫാങ് താവോസി എന്ന എഐ നടി മിനി ഡ്രാമകളിലൂടെ നാല് ലക്ഷം ഫോളോവേഴ്‌സിനെ നേടിയിരുന്നു. 60 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് 2.5 ലക്ഷം യുവാനിലധികം (ഏകദേശം 37,000 യുഎസ് ഡോളർ) പ്രതിഫലം ഈടാക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്പൂണിന്‍റെ രൂപം മാറ്റി, പിന്നാലെ ഇന്ത്യൻ സംരംഭകന്‌ 3.5 ലക്ഷം ഡോളറിന്‍റെ നിക്ഷേപം!
സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!