'അമ്മയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം’ ഡോക്ടർമാർ കൈവിട്ടപ്പോൾ മകൻ, എഐയുടെ സഹായം തേടി; പരിഹാരം നിർദ്ദേശിച്ച് എഐ, ജീവിതത്തിലേക്കൊരു തിരിച്ചുവരവ്!

Published : Oct 20, 2026, 11:58 AM IST
AI diagnose vitamin deficiency

Synopsis

പാർക്കിൻസൺസ് രോഗബാധിതയായ അമ്മയ്ക്ക് മണിക്കൂറുകൾ മാത്രമേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ മകൻ നിർമിതബുദ്ധിയുടെ സഹായം തേടി. എഐയുടെ നിർദേശപ്രകാരം നൽകിയ ചികിത്സയിലൂടെ അമ്മ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. അപൂർവമായ പാർശ്വഫലങ്ങൾ കണ്ടെത്തുന്നതിൽ എഐയുടെ സാധ്യതകളാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

അമ്മയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമേ ജീവിക്കാനാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ പ്രതിസന്ധിയിലായ മകൻ സഹായത്തിനായി നിർമിതബുദ്ധിയുടെ (AI) സഹായം തേടി. ഒടുവിൽ അമ്മയുടെ ജീവൻ അപകടത്തിലാക്കിയ ആരോഗ്യപ്രശ്നത്തിന്‍റെ സാധ്യതയുള്ള കാരണം കണ്ടെത്താൻ എഐ സഹായിച്ചെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടനിലെ എൻഎച്ച്എസ് അനസ്തീഷ്യോളജിസ്റ്റായ എഡ്വേർഡ് പാട്രിക്കിന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.

'ഇനി ഏതാനും മണിക്കൂറുകൾ മാത്രം'

പാർക്കിൻസൺസ് രോഗബാധിതയായ അമ്മ ആൻ പാട്രിക്കിന് തുടർച്ചയായ അപസ്മാരസമാനമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് നോട്ടിങ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചത്. മെയ് മാസത്തിലായിരുന്നു സംഭവം. അസ്വസ്ഥതകൾ നിയന്ത്രിക്കാനുള്ള ചികിത്സകൾ ഫലിക്കാതിരുന്നതോടെ അമ്മയുടെ നില ഗുരുതരമായി. പേശികൾ തകരുന്ന, വൃക്കകളെയും ബാധിക്കാവുന്ന റാബ്ഡോമയോളിസിസ് എന്ന അവസ്ഥയും അവർക്കുണ്ടായി. പുലർച്ചെ നാല് മണിയോടെ ആശുപത്രിയിൽ നിന്നും എഡ്വേർഡിന് ഫോൺ സന്ദേശമെത്തി. അമ്മ മരണത്തോടെ മല്ലിടുകയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണമെന്നുമായിരുന്നു സന്ദേശം.

ബി6 -ന്‍റെ കുറവെന്ന് എഐ

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ എഡ്വേർഡിന് സഹോദരനിൽനിന്ന് വിറ്റാമിൻ കുറവിനെക്കുറിച്ചുള്ള സന്ദേശം ലഭിച്ചു. ഇതോടെ ഒരു അവസാന ശ്രമമെന്ന നിലയിൽ എഡ്വേർഡ് ആ സാധ്യതകൾ പരിശോധിക്കാൻ തീരുമാനിച്ചു. അമ്മയുടെ ലക്ഷണങ്ങൾ, സ്കാൻ വിവരങ്ങൾ, പരിശോധനാഫലങ്ങൾ എന്നിവ എഐയ്ക്ക് നൽകി വിശകലനം ചെയ്തപ്പോൾ വിറ്റാമിൻ ബി 6 -ന്‍റെ കുറവ് അസ്വസ്ഥതയ്ക്ക് കാരണമായിരിക്കാമെന്ന സൂചന ലഭിച്ചു. പാർക്കിൻസൺസ് ചികിത്സയ്ക്കായി ദീർഘകാലം ഉപയോഗിച്ച മരുന്നുമായി ഈ കുറവിന് ബന്ധമുണ്ടാകാമെന്നും കണ്ടെത്തി.

ഫലം കണ്ട് ചികിത്സ

എഡ്വേർഡ് ഈ വിവരം ചികിത്സാസംഘവുമായി പങ്കുവച്ചു. തുടർന്ന് ഡോക്ടർമാർ വിറ്റാമിൻ ബി6 ഞരമ്പിലൂടെ കുത്തിവച്ചു. മരുന്ന് നൽകി മിനിറ്റുകൾക്കുള്ളിൽ അമ്മയുടെ അസ്വസ്ഥതകൾ നിലച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആൻ പിന്നീട് ആരോഗ്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. ഈ സംഭവം അപൂർവമായ മരുന്നുകളുടെ പാർശ്വഫലങ്ങളെ തിരിച്ചറിയുന്നതിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. എന്നാൽ, എഐ ഡോക്ടർമാർക്ക് പകരമല്ലെന്നും മരുന്നുകളിലോ വിറ്റാമിൻ സപ്ലിമെന്‍റുകളിലോ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ നിർദേശം തേടണമെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയിലേക്ക് പോ, ഇത് അവസാന മുന്നറിയിപ്പ്!’ യുകെയിൽ ഇന്ത്യൻ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സംഘം; വീഡിയോ, പിന്നാലെ വിവാദം
കല്ലിനടിയിൽ നിന്നും ആറ് വയസുകാരൻ കണ്ടെത്തിയത് 200 കോടി വർഷം പഴക്കമുള്ള അപൂർവ്വ ഫോസിൽ! അമ്പരന്ന് ശാസ്ത്രലോകം