'ഞാൻ ഒരിക്കലും എയർ ഇന്ത്യയിൽ പറക്കില്ല'; ജനങ്ങൾക്കിടയിൽ ഭയം നിറച്ച് അഹമ്മദാബാദ് വിമാനാപകടം

Published : Jun 13, 2025, 12:53 PM IST
Ahmedabad plane crash

Synopsis

ബോയിംങ് നിർമ്മിത വിമാനം തകർന്ന് വീണതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കുന്നെന്നും വിമാന യാത്ര ഭയമാകുന്നെന്നുമുള്ള കുറിപ്പുകൾ വര്‍ദ്ധിക്കുന്നു.

 

എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനറിന് സംഭവിച്ച ദാരുണമായ അപകടം വിമാന യാത്രികർക്ക് ഇടയിൽ വലിയ ഉത്കണ്ഠയും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് ശേഷം 600 അടി ഉയരത്തിലെത്തിയ ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കൽ കോളേജിന്‍റെ മെന്‍സ് ഹോസ്റ്റല്‍ മെസ്സിലേക്ക് ഇടിച്ചുകയറി തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേർ ( 230 യാത്രക്കാർ, 10 ക്രൂ അംഗങ്ങൾ, രണ്ട് പൈലറ്റുമാർ) മരിച്ചു. യുകെയിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ വിശ്വസ് കുമാർ രമേശ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ത്യയിൽ ഇതുവരെ സംഭവിച്ച ഏറ്റവും ദാരുണമായ വ്യോമയാന ദുരന്തമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്.

രാജ്യം ഒന്നാകെ ഞെട്ടലോടെ കേട്ട ഈ വാർത്ത വലിയ പരിഭ്രാന്തിയും ഉൽകണ്ഠയുമാണ് വിമാനയാത്രക്കാർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇനിയൊരു വിമാനയാത്ര, അതും എയര്‍ ഇന്ത്യയില്‍ നടത്താൻ ഞങ്ങൾ ഭയപ്പെടുന്നുവെന്ന് തുറന്ന് പറഞ്ഞത്. മാത്രമല്ല, എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിരവധി യാത്രക്കാർ, AI-171 ദുരന്തം സൃഷ്ടിച്ച ഭയം മൂലം ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുമോയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ സംശയ പ്രകടനവും നടത്തിയിട്ടുണ്ട്. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുവാൻ ഞങ്ങൾക്ക് ഭയമാണെന്നായിരുന്നു നിരവധി പേർ എഴുതിയത്.

 

 

 

 

 

 

 

 

ആളുകൾ വ്യാപകമായ രീതിയിൽ പരിഭ്രാന്തി അറിയിച്ച് കൊണ്ടുള്ള സമൂഹ മാധ്യമ കുറിപ്പുക‍ള്‍ എഴുതിത്തുടങ്ങിയതോടെ, വ്യോമയാന ഗതാഗതത്തെ ഭയത്തോടെ നോക്കി കാണേണ്ടതില്ലെന്ന് ചിലർ പ്രതികരിച്ചു. എലോൺ മസ്‌കിന്‍റെ എഐ ചാറ്റ് ബോട്ട് ആയ ഗ്രോക്ക് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് വാണിജ്യ വ്യോമയാനം. വളരെ കുറച്ച് മാരകമായ അപകടങ്ങൾ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂവെന്നും ഒരു വിമാനാപകടത്തിൽ മരിക്കാനുള്ള സാധ്യത ഏകദേശം 11 ദശലക്ഷത്തിൽ ഒന്നാണെന്നും ചില റിപ്പോർട്ടുകൾ പറയുന്നതായി ചില സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ ബോയിംങ് വിമാനങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ ഉയര്‍ത്തി വിസിൽ ബ്ലോവേഴ്സ് രംഗത്തെത്തിയപ്പോൾ ബോയിങ് ഉപേക്ഷിക്കുന്നതായി നിരവധി പേരാണ് കുറിപ്പുകളെഴുതി രംഗത്തെത്തിയത്. 'If it's Boeing, I ain't going' എന്ന വാചകം അന്ന് സമൂഹ മാധ്യമമങ്ങളില്‍ വ്യാപകമായി പ്രചാരം നേടിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്