ശ്വാസകോശം മാത്രമല്ല വായുമലിനീകരണം വൃക്കയും തകരാറിലാക്കും

By Gopika SureshFirst Published Feb 29, 2020, 10:20 PM IST
Highlights

കൂടുതൽ വായുമലിനീകരണം നേരിടുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക് വൃക്ക രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പഠനം

അന്തരീക്ഷ മലിനീകരണം ശ്വാസകോശങ്ങളെ ബാധിക്കുമെന്നും പലതരത്തിലുള്ള ശ്വാസകോശരോഗങ്ങൾ ഉണ്ടാക്കുമെന്നും നമുക്ക് പണ്ടേ അറിവുള്ളതാണല്ലോ. എന്നാൽ എന്നാൽ അന്തരീക്ഷ മലിനീകരണം നമ്മുടെ വൃക്കകളെയും ബാധിക്കാം എന്നത് അറിയാമോ?  വർദ്ധിച്ചുവരുന്ന വൃക്കരോഗങ്ങൾക്ക് അന്തരീക്ഷമലിനീകരണം എത്രത്തോളം സംഭാവനകൾ നൽകുന്നുണ്ട്? ഈയിടെ നടത്തിയ ചില പരീക്ഷണങ്ങളിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അന്തരീക്ഷ വായുമലിനീകരണം വലിയതോതിൽ എൽക്കുന്നത് വൃക്ക രോഗസാധ്യത കൂട്ടുന്നുവെന്നാണ് ഡോക്ടർ സിയാദ് അൽ അലിയുടെയും ബെൻജമിൻ ബോവിന്റെയും നേതൃത്തത്തിൽ ക്ലിനിക്കൽ ജേർണൽ ഓഫ് അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

തീയില്‍ നിന്നുള്ള പുകയും ചാരവും, കൊടുങ്കാറ്റില്‍ നിന്നുള്ള പൊടി, കടലിലെ ഉപ്പുതരികൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങളിൽ നിന്നുള്ള ചാരം തുടങ്ങിയ പ്രകൃത്യാ ഉള്ള ഉറവിടങ്ങൾ കൂടാതെ ഫാക്ടറികളില്‍ നിന്നുള്ള മലിനീകരണം, ജൈവഇന്ധനങ്ങളുടെ ഉപയോഗം, വ്യാവസായിക ഉപയോഗങ്ങൾ മൂലമുള്ള പുറംതള്ളലുകൾ തുടങ്ങിയ മനുഷ്യ നിർമ്മിത കാരണങ്ങളാലും  വായുവിലുണ്ടാകുന്ന ചെറിയ കണികകൾ ശ്വസിക്കുന്നത് വഴി അതിലെ വളരെ ചെറിയ കണികകൾ ശ്വാസകോശത്തിൽ നിന്നും രക്തത്തിലേക്ക് കലരുകയും അത് രക്തം വഴി വൃക്കകളിൽ എത്തുകയും ചെയ്യുന്നതായി കാണുന്നു. അവ വൃക്കകളിൽ പലതരത്തിലുള്ള കേടുപാടുകൾ ഉണ്ടാക്കുന്നു. കുറേ വർഷങ്ങൾ ഇത് തുടരുമ്പോൾ വൃക്കകളിൽ  സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാകുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി നശിക്കുന്നു. 10 മുതൽ 20 ശതമാനം വരെ വൃക്കരോഗങ്ങളുടെ കാരണം ഇങ്ങനെ ആകാം എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്

കൂടുതൽ വായുമലിനീകരണം നേരിടുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക് വൃക്ക രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടികാണിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി ഏറ്റവുംകൂടുതൽ വായുമലിനീകരണം സ്ഥിതീകരിച്ച നഗരങ്ങളിൽ ഒന്നാണ്. കൂടാതെ വികസ്വര രാജ്യങ്ങളിലെയും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെയും ജനതയാണ് മലിനീകരണത്തിൽ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരികയെന്നും പഠനത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ ഈ കണികമാലിന്യങ്ങളെ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് കുറക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വൃക്ഷങ്ങൾ കത്തിച്ചുനശിപ്പിക്കുന്നതിനു പകരം കൂടുതൽ വൃക്ഷത്തൈകൾ നടുക, സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക, പുകവലി നിയന്ത്രിക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ വ്യക്തിഗത രീതിയിൽ നടപ്പിലാക്കാവുന്നതുമാണ്. 

click me!