അന്റാര്‍ട്ടിക്കയില്‍ ഹിമാനികള്‍ ഉരുകി പുതിയ ദ്വീപ് രൂപപ്പെട്ടു

By Gopika SureshFirst Published Feb 29, 2020, 7:43 PM IST
Highlights

അന്റാര്‍ട്ടിക്ക തീരത്ത് ഇതുവരെ ഭൂപടങ്ങളിലൊന്നും കാണാത്ത ഒരുപുതിയ ദ്വീപ് കണ്ടെത്തിയതായി നേച്ചര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്റാര്‍ട്ടിക്ക തീരത്ത് ഇതുവരെ ഭൂപടങ്ങളിലൊന്നും കാണാത്ത ഒരുപുതിയ ദ്വീപ് കണ്ടെത്തിയതായി നേച്ചര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം രണ്ടു ദ്രുവങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഈയിടെ നടന്നൊരു ശാസ്ത്ര പര്യവേഷണത്തിനിടെ ഇതുവരെ കണ്ടെത്താത്ത ഒരു പുതിയ ദ്വീപ് വെളിച്ചത്തു വന്നത്. കാലാവസ്ഥ വ്യതിയാനം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണെന്ന് ഈ പര്യവേഷണം വെളിപ്പെടുത്തുന്നു. 

ത്വയ്റ്റ്‌സ് ഗ്ലേഷിയര്‍ ഓഫ്ഷോര്‍ റിസര്‍ച്ച് (THOR) പ്രോജക്ടിലെ ശാസ്ത്രജ്ഞരാണ് തങ്ങളുടെ പുതിയ പ്രൊജക്റ്റായ വെസ്റ്റ് അന്റാര്‍ട്ടിക്കയിലെ വിപുലമായ  ഹിമാനികളുടെ സ്ഥിരത പഠിക്കുന്ന പഠനത്തിനിടെ അപ്രതീക്ഷിതമായി ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയത്. ഉപഗ്രഹങ്ങളുടെ വീക്ഷണപഥത്തില്‍പ്പെടാന്‍ മാത്രം വലിപ്പമുള്ള ദ്വീപാണെങ്കിലും അതിന്റെ മുകളില്‍ മഞ്ഞുമൂടിക്കിടക്കുന്നതുകൊണ്ടാവാം ഇതുവരെ ശ്രദ്ധിക്കപ്പെടാതെ പോയത്. ദ്വീപ് സമുദ്രോപരിതലത്തില്‍ നിന്നും എത്രത്തോളം മുകളിലാണെന്നു ഗവേഷകര്‍ക്ക് കണ്ടുപിടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. 

മഞ്ഞുപാളികള്‍ വേഗത്തില്‍ ഉരുകുന്നത് മൂലം  ഭൗമോപരിതലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം കാരണമാകാം ഈ ദ്വീപ് മുകളിലോട്ട് കൂടുതല്‍ പൊങ്ങിവരാനുള്ള കാരണമെന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഹിമമേഖല ഭൂതത്ത്വശാസ്ത്രജ്ഞനായ ഡോ. ലിന്‍ഡ്സെയ് പ്രോത്രോ പറഞ്ഞു.ഇങ്ങനെ ദ്വീപ് പൊങ്ങിവരുന്നത് മുകളില്‍ ഉള്ള കൂടുതല്‍ ഹിമാനികളില്‍  വിള്ളല്‍ ഉണ്ടാകാന്‍ കാരണമാകുകയും അവകൂടുതല്‍ ഉരുകാന്‍ കാരണമാവുകയും ചെയ്യും.  പുതിയ ദ്വീപില്‍ നിന്നൂം വിവിധതരം കല്ലുകളും അവശിഷ്ടങ്ങളും മറ്റും സംഭരിക്കുന്നത് ദ്വീപിനെക്കുറിച്ചും എത്രവേഗത്തിലാണ് അത് ഉയരുന്നത് എന്നതിനെ കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സഹായകമാകും. 

click me!