
ആരാണ് എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നത്? അവർക്ക് അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്‌ലിലുള്ള അൽകോർ ലൈഫ് എക്സ്റ്റൻഷൻ ഫൗണ്ടേഷനിലേയ്ക്ക് സ്വാഗതം. ഭാവിയിൽ ജീവൻ വയ്പ്പിക്കാം എന്ന പ്രതീക്ഷയിൽ മരിച്ച ആളുകളുടെ ശരീരം സംരക്ഷിക്കുന്ന ഒരു ഇടമാണ് ഇത്. മെഡിസിൻ, മോർച്ചറി പ്രാക്ടീസ് എന്നിവയുടെ സഹായത്തോടെ ഇവിടെ ശവശരീരങ്ങൾ സംരക്ഷിക്കപ്പെടുന്നു. ശരീര താപനില കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ദ്രാവക നൈട്രജൻ നിറച്ച ഭീമൻ കണ്ടൈനറുകളിലാണ് പതിറ്റാണ്ടുകളായി ശവശരീരങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നത്, അതും -196 താപനിലയിൽ. എന്തിനാണ് ഇത് എന്നല്ലേ? നാളെ ഒരു കാലത്ത് ശാസ്ത്രം പുരോഗമിക്കുമ്പോൾ മരിച്ചവരെ ജീവൻ വയ്പ്പിക്കാൻ സാധിച്ചാൽ അപ്പോൾ ഈ ശവശരീരങ്ങളെ പൂർണാരോഗ്യമുള്ള മനുഷ്യരായി പുനഃസ്ഥാപിക്കാനാണ് ഇത്.
എന്നിരുന്നാലും, ഒരു മനുഷ്യശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത ഇപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമാണ്. ഈ ഫൗണ്ടേഷനിൽ മരവിച്ച 146 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യശരീരത്തെ മരവിപ്പിക്കുന്നതും നശിക്കാതിരിക്കാൻ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കുന്നതുമായ പ്രവർത്തനത്തെയാണ് ക്രയോണിക്സ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അൽകോർ ലൈഫ് എക്സ്റ്റൻഷൻസ് ഫൗണ്ടേഷൻ അവരുടെ വെബ്‌സൈറ്റിൽ ക്രയോണിക്‌സിനെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ഒപ്പം ഇതുപോലെ മരണശേഷം സ്വന്തം ശരീരം സൂക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന ആർക്കും അതിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ, സമ്പന്നരായവർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ് അത്, കാരണം മുഴുവൻ പ്രക്രിയയ്ക്കും ഏകദേശം 2,00,000 ഡോളർ ചിലവാകും. വർഷത്തിൽ എട്ട് മാസത്തേക്ക് 100 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ താപനില എത്താൻ കഴിയുന്ന മിതശീതോഷ്ണ മേഖലയിലാണ് ഈ സ്ഥലം.
“ഭാവിയിൽ മെഡിക്കൽ ടെക്നോളജി ഉപയോഗിച്ച് ജീവൻ പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ, ശവശരീരങ്ങളെ തണുത്തുറഞ്ഞ താപനിലയിൽ സംരക്ഷിക്കുന്ന പ്രക്രിയയാണ് ക്രയോണിക്സ്” വെബ്‌സൈറ്റിൽ പറയുന്നു. ഒന്നാം ലോകമഹായുദ്ധ സേനാനിയായ ബെഡ്ഫോർഡാണ് ഈ സ്ഥലത്ത് സംസ്കരിച്ചവരിൽ ഒരാൾ. 1966 -ൽ തന്റെ 73 -ാം വയസ്സിൽ ബെഡ്ഫോർഡ് വൃക്കയിൽ കാൻസർ ബാധിച്ച് മരിക്കുകയായിരുന്നു. ക്രയോണിക്സ് വഴി സ്വന്തം ശരീരം സംരക്ഷിക്കപ്പെടാൻ ആഗ്രഹിച്ച ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.
1972 -ൽ ലിൻഡയും ഫ്രെഡ് ചേംബർലെയ്നും ചേർന്നാണ് അൽകോർ സ്ഥാപിച്ചത്. ലിൻഡ കോളേജിലും ഫ്രെഡ് നാസ എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴുമാണ് 1970 -ന്റെ തുടക്കത്തിൽ ഒരു ക്രയോണിക്സ് കോൺഫറൻസിൽ പങ്കെടുക്കുകയുണ്ടായി. എന്നാൽ, അതിനെ തുടർന്നാണ്, ആളുകൾക്ക് ജീവിതത്തിൽ രണ്ടാമതും ജീവിക്കാൻ അവസരം നൽകാൻ കഴിയുന്ന ഒരു സംഘടന രൂപീകരിക്കാൻ ഇരുവരും തീരുമാനിച്ചത്.
“ജനങ്ങളുടെ ജീവൻ രക്ഷിക്കാനും ആരോഗ്യം പുനഃസ്ഥാപിക്കാൻ അവസരമൊരുക്കുന്ന ഒരു സംഘടന ആരംഭിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം” ലിൻഡ ചേംബർലൈൻ പറയുന്നു. അൽകോറിൽ സംരക്ഷിക്കപ്പെട്ട ആളുകളുടെ ഫോട്ടോകൾ അവിടത്തെ ചുവരുകളിൽ തൂക്കിയിട്ടുണ്ട്. പക്ഷേ, അതിലൊന്നും മരണ തീയതിയെക്കുറിച്ച് പരാമർശമില്ല. ഓരോ ഫലകവും ഒരു ജനനത്തീയതിയും അവ ക്രയോപ്രസേർവ് ചെയ്ത തീയതിയും പട്ടികപ്പെടുത്തുന്നു. സംരക്ഷിക്കപ്പെട്ടവർ ഒരു ദിവസം പൂർണാരോഗ്യവാന്മാരായി പുനർജീവിക്കും എന്ന് അൽകോർ പ്രതീക്ഷിക്കുന്നു.
അൽകോർ പറയുന്നതനുസരിച്ച്, മരവിപ്പിക്കുന്നതിനേക്കാൾ ഒരു മനുഷ്യശരീരത്തെ ജലാംശം നിലനിർത്തി സംരക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. ശരീരത്തിലെ ജലത്തെ ക്രയോപ്രോട്ടെക്ടന്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇത് ഐസ് പരലുകൾ ശരീരത്തിന്റെ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. ഈ രീതിയിൽ, മരിച്ച വ്യക്തിയുടെ താപനില കുറയുമ്പോൾ, മരവിപ്പിക്കുന്നതിനുപകരം ഗ്ലാസ് പോലുള്ള അവസ്ഥയിലേക്ക് മാറുന്നു. ഈ അവസ്ഥയിൽ, ഒരു ശരീരം പതിറ്റാണ്ടുകളോളം സംരക്ഷിക്കാനാകുമെന്ന് അൽകോർ പറയുന്നു.