100 വർഷം പഴക്കമുള്ള ഈ ചിത്രങ്ങളിലുള്ളതാര്? അന്വേഷണവുമായി ചരിത്രകാരന്മാര്‍!

By Web TeamFirst Published Apr 26, 2021, 3:06 PM IST
Highlights

മിക്കചിത്രങ്ങളും സ്റ്റുഡിയോയില്‍ വച്ച് എടുക്കപ്പെട്ടിട്ടുള്ളവയാണ്. മിക്കതും ബ്യൂട്ട്ടൗണിലെ ബ്യൂട്ട് സ്ട്രീറ്റില്‍ നിന്നുമുള്ള ഫോട്ടോഗ്രാഫര്‍ പ്രെഡ് പീറ്റേഴ്സണ്‍ പകര്‍ത്തിയതായിട്ടാണ് കാണുന്നത്. 

ഒരു കൊച്ചു പെണ്‍കുട്ടി സ്റ്റൂളിന് മുകളില്‍ കയറി നില്‍ക്കുന്ന ചിത്രം ആയിരുന്നു അത്. എന്നാല്‍, അത് പകര്‍ത്തപ്പെട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അതാരാണ് എന്ന് കണ്ടെത്താനുള്ള വിപുലമായ ശ്രമങ്ങള്‍ നടക്കും എന്ന് ആരും പ്രതീക്ഷിച്ച് കാണില്ല. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തപ്പെട്ട ചില ചിത്രങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയാണ് ഇപ്പോള്‍ ചില ചരിത്രകാരന്മാര്‍. 

വെയിൽസിലെ കാർഡിഫ് ഡോക്കുകളിൽ നിന്നും എടുത്ത ഫോട്ടോകളുടെ ഒരു സീരീസിലെ ആളുകളെ തിരിച്ചറിയാനാണ് 'ഗ്ലാമോർഗൻ ആർക്കൈവ്സ്' സഹായം തേടുന്നത്. നഗരത്തിന്‍റെ വിഭിന്നങ്ങളായ ചരിത്രത്തെ കുറിച്ച് അവബോധം നല്‍കുന്നതാണ് ആ ചിത്രങ്ങളെന്ന് ആര്‍ക്കൈവിസ്റ്റായ റിയാന്‍ ഡിഗ്ഗിന്‍സ് പറയുന്നു. പലപ്പോഴും ശേഖരങ്ങളിൽ നിലനിൽക്കുന്ന ചിത്രങ്ങൾ മികച്ചതും നല്ലതുമായിരിക്കും. സമ്പന്നരും ശക്തരുമാണ് ഇത്തരം ചിത്രങ്ങളിലുള്ളത്. അവരുടെ ബിസിനസ്സിലോ സമൂഹത്തിലോ ഉള്ള സ്ഥാനങ്ങളെ കാണിക്കാനുള്ളതു കൂടിയാണ് ഈ ചിത്രങ്ങള്‍ എന്നും ഡിഗ്ഗിൻസ് പറഞ്ഞു. ഈ ഫോട്ടോഗ്രാഫുകൾ രസകരമാണ്. കാരണം അവ കാർഡിഫിലെ സാധാരണക്കാരായ ആളുകളെയാണ് കാണിക്കുന്നത് എന്നും ഡിഗ്ഗിന്‍സ് പറയുന്നു. 

ആർക്കൈവ് രഹസ്യം പരിഹരിക്കുന്നതിനായി ട്വീറ്റ് ചെയ്‍ത ഈ ചിത്രങ്ങൾ, കാർഡിഫിന്റെ ഡോക്ക് ലാൻഡുകളിൽ നിന്നുള്ള വ്യക്തികളെയും കുടുംബങ്ങളെയും കാണിക്കുന്നു. പക്ഷേ, അവയെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ നിലവില്‍ അറിയൂ. ആ ചിത്രങ്ങളെടുത്തിരിക്കുന്ന കാലഘട്ടം രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും അവ 1900-1920 കാലഘട്ടത്തിലേത് ആവാം എന്ന് ഡിഗ്ഗിന്‍സ് പറയുന്നു. 

മിക്കചിത്രങ്ങളും സ്റ്റുഡിയോയില്‍ വച്ച് എടുക്കപ്പെട്ടിട്ടുള്ളവയാണ്. മിക്കതും ബ്യൂട്ട്ടൗണിലെ ബ്യൂട്ട് സ്ട്രീറ്റില്‍ നിന്നുമുള്ള ഫോട്ടോഗ്രാഫര്‍ പ്രെഡ് പീറ്റേഴ്സണ്‍ പകര്‍ത്തിയതായിട്ടാണ് കാണുന്നത്. ഈ ചിത്രങ്ങള്‍ ആരുടേതൊക്കെയാണ് എന്ന് കണ്ടെത്തുന്നത് നല്ല കാര്യമായിരിക്കും എന്നും ചില മുഖങ്ങള്‍ക്ക് എങ്കിലും പേര് നല്‍കുന്നത് നല്ലതായിരിക്കും എന്നും ഡിഗ്ഗിന്‍സ് പറയുന്നു. ഏതായാലും ഫോട്ടോയിലുള്ളവരൊന്നും ഇപ്പോൾ ജീവനോടെ ഉണ്ടാവാൻ സാധ്യതയില്ല. ആ സമയത്തും അവരെ കുറിച്ചുള്ള വിവരങ്ങൾ തേടിയിറങ്ങുകയാണ് ചരിത്രകാരന്മാർ എന്നത് കൗതുകകരം തന്നെ. 

click me!