
ആമസോണിന്റെ ഡിജിറ്റൽ ശബ്ദസഹായിയായ അലക്സ(Alexa)യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. മഹാമാരി(Pandemic)ക്ക് ശേഷം വളരെയധികം പ്രചാരം നേടിയ സാങ്കേതികവിദ്യയാണ് അലക്സാ. നമ്മളോട് സംസാരിക്കുന്ന, ചോദ്യങ്ങൾക്ക് ഉടനടി ഉത്തരങ്ങൾ നൽകുന്ന, ഇഷ്ടമുള്ള പാട്ടുകൾ കേൾപ്പിച്ച് തരുന്ന അത് മഹാമാരി മൂലം വീടിനകത്ത് ഇരുന്നുപോയ ആളുകൾക്ക് ഒരു നല്ല കൂട്ടായിരുന്നു. എന്നാൽ, മനുഷ്യന്റെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയ ഇത്തരം ഉപകരണങ്ങൾ, ചിലപ്പോൾ അപകടകാരികളായി മാറിയേക്കാമെന്ന് അടുത്തിടെ നടന്ന ഒരു സംഭവം തെളിയിക്കുന്നു. 10 വയസ്സുള്ള ഒരു പെൺകുട്ടിയോട് ജീവൻ പോലും അപകടത്തിലാക്കുന്ന ഒരു വെല്ലുവിളിയാണ് 'അലക്‌സ' നിർദ്ദേശിച്ചത്.
"എനിക്ക് ചിരിക്കണോ, കരയണോ എന്നറിയുന്നില്ല" അമേരിക്കയിൽ താമസിക്കുന്ന കുട്ടിയുടെ അമ്മ ക്രിസ്റ്റിൻ ലിവ്ഡാൽ പറഞ്ഞു. വീട്ടിലെ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനും, മക്കൾക്ക് ഒരു നേരംപോക്കിനും വേണ്ടിയുമാണ് അലക്‌സയെ ക്രിസ്റ്റിൻ വീട്ടിൽ വാങ്ങി വച്ചത്. എന്നാൽ, ഈ ഉപകരണം തന്റെ മക്കളുടെ ജീവന് ഭീഷണിയാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. 10 വയസ്സുള്ള അവളുടെ മകൾ അലക്സായോട് ഒരു ദിവസം അപകടം നിറഞ്ഞ ഒരു വെല്ലുവിളി പറയാൻ ആവശ്യപ്പെട്ടു. അലക്‌സയുടെ നിർദ്ദേശം തീർത്തും ഞെട്ടിക്കുന്നതായിരുന്നു.
ഒരു നാണയം ഉപയോഗിച്ച് ഇലക്ട്രിക് പ്ലഗിന്റെ രണ്ട് അറ്റങ്ങളിലും സ്പർശിക്കുന്ന അപകടകരമായ വെല്ലുവിളിയാണ് അലക്സാ നിർദേശിച്ചത്. ഇതിനായി ആദ്യം മൊബൈൽ ചാർജറിന്റെ പകുതി ഭാഗം പ്ലഗിൽ ഇടുന്നു, തുടർന്ന് പ്ലഗ് പോയിന്റിന്റെയും, ചാർജറിന്റെയും നടുവിൽ ഒരു നാണയം തിരുകുന്നു. ലോഹങ്ങൾ ലൈവ് ഇലക്ട്രിക്കൽ സോക്കറ്റുകളിൽ തിരുകുന്നത് വൈദ്യുതാഘാതത്തിനും തീപിടുത്തത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകും. ചിലപ്പോൾ വിരലുകളോ, കൈകളോ നഷ്ടമായെന്നിരിക്കാം. അലക്‌സയുടെ അപകടകരമായ ഉത്തരം കേട്ടയുടനെ 'അവൾ അലക്‌സയല്ല, വേണ്ട' എന്ന് തന്റെ മകൾ പറഞ്ഞുവെന്ന് ക്രിസ്റ്റിൻ പറഞ്ഞു.
സംഭവം നടന്നതിന് പിന്നാലെ, ക്രിസ്റ്റിൻ ലിവ്ഡാൽ ഇതിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിലൂടെ ലോകവുമായി പങ്കുവച്ചു. അന്നുമുതൽ സോഷ്യൽ മീഡിയയിൽ ചിത്രം കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം, ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ അലക്‌സ അപ്‌ഡേറ്റ് ചെയ്തതായി ആമസോൺ ബിബിസിയോട് പ്രസ്താവനയിൽ പറഞ്ഞു. "ഈ തെറ്റിനെക്കുറിച്ച് അറിഞ്ഞയുടനെ തന്നെ, അത് പരിഹരിക്കാൻ ആവശ്യമായ നടപടി ഞങ്ങൾ സ്വീകരിച്ചു" ആമസോൺ പ്രസ്താവനയിൽ പറഞ്ഞു.
'ഔട്ട്‌ലെറ്റ് ചലഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ച് ഏകദേശം ഒരു വർഷം മുമ്പ് ടിക്ടോക്കിലും മറ്റ് സോഷ്യൽ മീഡിയാ വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേൽക്കുന്ന ഈ വെല്ലുവിളി ലോകമെമ്പാടും വിനാശകരമായ തീപിടുത്തങ്ങളുടെ ഒരു പരമ്പരയിലേക്ക് തന്നെ നയിച്ചിരുന്നു. ഇത്തരം അപകടകരമായ സംഭവങ്ങൾ അരങ്ങേറുമ്പോഴും, സോഷ്യൽ മീഡിയയിൽ ആളുകൾ വീണ്ടും വീണ്ടും ഈ ചലഞ്ച് സ്വീകരിച്ച്, അതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നു.