
വടക്കന്‍ ഇസ്രായേലില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് അയ്യായിരത്തിലേറെ ദേശാടനപ്പക്ഷികള്‍ ചത്തൊടുങ്ങി. പക്ഷിപ്പനിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തോളം കോഴികളെ കര്‍ഷകര്‍ കൊന്നൊടുക്കി. ഇതോടെ ഇസ്രായേലില്‍ കോഴിമുട്ടകള്‍ക്ക് കടുത്ത ക്ഷാമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ വന്യജീവി ദുരന്തമാണ് ഇതെന്ന് പരിസ്ഥിതി മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സാഹചര്യം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. പക്ഷികള്‍ തടാകങ്ങളിലും ജലാശയങ്ങളിലും ചത്തുവീഴുകയാണ്. ഇതില്‍നിന്നും ഇവയെ പുറത്തെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇസ്രായേല്‍ പാര്‍ക്ക്‌സ് ആന്റ് നേച്ചര്‍ അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഹുലാ ലേക്ക് നാഷനല്‍ പാര്‍ക്കിലാണ് ക്രെയിന്‍ ഇനത്തില്‍ പെട്ട ദേശാടന പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങിയത്. പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലേറെ ക്രെയിന്‍ പക്ഷികള്‍ ഇസ്രായേല്‍ വഴി കടന്നുപോവാറുണ്ട്. ഈ പ്രാവശ്യം 30000 ക്രെയിന്‍ പക്ഷികളാണ് മഞ്ഞുകാലത്തിനു മുന്നോടിയായി ഇസ്രായേലില്‍ താവളമാക്കിയത്. ഈ പക്ഷികള്‍ക്കാണ് പക്ഷിപ്പനി പിടിപെട്ടത്.
പത്തു ദിവസം മുമ്പാണ് പക്ഷികള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ജലാശയങ്ങളിലും പുറത്തുമായി ആയിരക്കണക്കിന് ട്രെയിന്‍ പക്ഷികള്‍ ചത്തുവീഴുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നാഷനല്‍ പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമോ എന്ന ആശങ്കയിലാണ് ഇസ്രായേല്‍ അധികൃതര്‍.
ചെറിയ പക്ഷികളില്‍നിന്നാവും ദേശാടന പക്ഷികള്‍ക്ക് പക്ഷിപ്പനി പിടിപെട്ടത് എന്നാണ് ഇസ്രായേല്‍ പരിസ്ഥിതി മന്ത്രാലയം കരുതുന്നത്. മറ്റു പക്ഷികളിലേക്ക് രോഗം പടരുമോ എന്ന ആശങ്കയിലാണ് രാജ്യം.
മുന്‍കരുതലിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലേറെ കോഴികളെ കര്‍ഷകര്‍ കൊന്നൊടുക്കിയതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു. നാടെങ്ങും കോഴികളെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേലി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പുഴയിലും മറ്റു ജലാശയങ്ങളിലും വീണു കിടക്കുന്ന പക്ഷികളെ പുറത്തടുക്കുന്ന പ്രവര്‍ത്തനങ്ങളും വ്യാപകമായി നടക്കുകയാണ്.
രോഗം പടരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാറെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.