
വൈകുന്നേരമായിരുന്നു ആ സ്‌ഫോടനം. കാംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ലാവാപ്രവാഹം ഏതു സമയവും സംഭവിക്കും എന്ന മട്ടായി. ആളുകള്‍ ഭീതിയോടെ പലവഴിക്കും ഓടുകയകയിരുന്നു.
രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിച്ച് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു 64 കാരിയായ ഏണസ്റ്റീന്‍ കബുവോ. എഴുന്നേറ്റു നില്‍ക്കാന്‍ കഴിയില്ലാത്ത ഭര്‍ത്താവിനെ എന്തു ചെയ്യും എന്നാലോചിച്ച് അവര്‍ക്ക് ഒരു പിടിയും കിട്ടിയില്ല. എല്ലാവരും ഓടി രക്ഷപ്പെടുമ്പോള്‍, അവര്‍ ഭര്‍ത്താവിനെ എടുത്ത് ഓടാമെന്ന് ആലോചിച്ചു. എന്നാല്‍, ആ പ്രായത്തില്‍ ഒരാളെയും കൊണ്ട് ഓടുക എളുപ്പമായിരുന്നില്ല.
'ലാവ ഒഴുകി തുടങ്ങിയപ്പോള്‍ ആളുകള്‍ ഭീതിയോടെ പലവഴിക്കും ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ എനിക്ക് അദ്ദേഹത്തെ തനിച്ചാക്കി രക്ഷപ്പെടാന്‍ തോന്നിയില്ല. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു'-പിന്നീട് അവര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഭര്‍ത്താവിനെ ഒന്നെഴുന്നേല്‍പ്പിക്കാന്‍ അവര്‍ ആവതും ശ്രമിച്ചു. എന്നാല്‍ കുതിച്ചു വന്ന ലാവയുടെ ചൂട് അവരെ അശക്തയാക്കി. ഒന്നിനും കഴിയാത്ത അവസ്ഥ. ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തോന്നിയതേയില്ല. ഗത്യന്തരമില്ലാതെ, അവസാന നിമിഷത്തില്‍ അവര്‍ പുറത്തേയ്ക്ക് ഓടി.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടെ കിഴക്കന്‍ മേഖലയായ ഗോമയിലാണ് മൗണ്ട് നിരാഗോംഗോ അഗ്‌നിപര്‍വ്വതം. ശനിയാഴ്ച വൈകിട്ടാണ് അതിതീവ്രമായ അഗ്‌നിപര്‍വ്വത സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിക്കു പിന്നാലെ ആയിരങ്ങളാണ് ഗോമ നഗരത്തില്‍നിന്ന് പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടത്. എന്നാലും പൊട്ടിയൊഴുകിയ ലാവയില്‍ പെട്ട് 22 പേരോളം മരിച്ചു. നഗരത്തെ കത്തി ചാമ്പലാക്കിയ സ്‌ഫോടനത്തില്‍ അഞ്ഞൂറോളം വീടുകള്‍ നശിക്കുകയും, നൂറിലധികം കുട്ടികളെ കാണാതായതായും ചെയ്തു. 150 പേര്‍ സ്വന്തം കുടുംബത്തില്‍ നിന്ന് വേര്‍പെട്ടു.
യുഎന്‍ കണക്കനുസരിച്ച് 670,000 നിവാസികളാണ് നഗരത്തിലുള്ളത്. അതില്‍ പലരും കാണാതായ പ്രിയപ്പെട്ടവരെ അന്വേഷിച്ച് അപകട ഭീഷണി വകവയ്ക്കാതെ പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുന്നു. അതില്‍ അഞ്ച് പേര്‍ ശ്വാസംമുട്ടി മരിച്ചു. ആറാമത്തെ വ്യക്തി ശ്വാസതടസ്സം അനുഭവിച്ച് ആശുപത്രിയിലാണ്. അതുകൊണ്ട് തന്നെ, അധികൃതര്‍ ആളുകളെ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. എന്നാലും, കാണാതായവരുടെ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയോടെ അവര്‍ കാത്തിരിക്കുന്നു.
പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ പ്രിയപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അക്കൂട്ടത്തിലാണ് ഏണസ്റ്റീന്‍ കബുവോവും ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ലാവാ പ്രവാഹം നിന്നതിനെ തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങിയ അവരെ കാത്തിരുന്നത് ഭര്‍ത്താവിന്റെ കത്തിക്കരിഞ്ഞ ജഡമാണ്.
ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണ് മൗണ്ട് നിരാഗോംഗോ. 1977 -ലാണ് ഇവിടെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്. അന്ന് 600 -ലേറെ ആളുകളാണ് മരിച്ചത്. 2002 -ലും ഇതുപോലെ ഗോമയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുകയുണ്ടായി. അന്ന് 250 പേര്‍ കൊല്ലപ്പെടുകയും 120,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ഭൂമിയും, വീടും, പ്രിയപ്പെട്ടവരെയും നഷ്ടമായ ഒരു പിടി ആളുകളാണ് ഇന്ന് അവിടെയുള്ളത്. വീണ്ടുമൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ കിണഞ്ഞുശ്രമിക്കുകയാണ്.