
തൊട്ടടുത്ത് ഒരു ചീങ്കണ്ണി നീന്തുന്നത് കണ്ടാൽ എന്ത് ചെയ്യും? ഉറപ്പായും പേടിച്ച് പോകും അല്ലേ? എന്നാൽ, നിങ്ങളുടെ അടുത്ത് നീന്തുന്ന ചീങ്കണ്ണിയുടെ തലയിൽ ഒരു കത്തി കയറിയ അവസ്ഥയാണ് എങ്കിൽ എന്ത് ചെയ്യും? അത് വളരെ വിചിത്രവും വേദനാജനകവുമായ കാഴ്ച തന്നെയാണ് അല്ലേ?
തലയിൽ തറച്ച നിലയിലുള്ള വലിയ കത്തിയുമായി കുളത്തിൽ നീന്തുന്ന ചീങ്കണ്ണിയെ കണ്ടെത്തിയതിനെ തുടർന്ന് ഫ്‌ളോറിഡ നിവാസികൾ പരിഭ്രാന്തരായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥയിലുള്ള ചീങ്കണ്ണിയുടെ ചിത്രങ്ങൾ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നുണ്ട് എന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‍ലൈഫ് കൺസർവേഷൻ കമ്മീഷൻ അറിയിച്ചു. ഒർലാൻഡോയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഫ്ലോറിഡ നഗരമായ ഡെൽറ്റോണയിലെ ഒരു കുളത്തിലാണ് തലയിൽ കത്തി കയറിയ നിലയിൽ ചീങ്കണ്ണി നീന്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ തങ്ങളുടെ ഓഫീസർമാരെ വാരാന്ത്യത്തിൽ സ്ഥലത്തേക്ക് അയക്കുകയും തലയിൽ കത്തിയുമായി നിൽക്കുന്ന ചീങ്കണ്ണിയെ പിടികൂടുകയും ചെയ്തു. അപ്പോഴും അതിന്റെ തലയിൽ ആഴത്തിൽ കത്തിയിറങ്ങിയത് അതുപോലെ തന്നെ ഉണ്ടായിരുന്നു. സുഖമാവാത്ത വണ്ണം തീവ്രമായ മുറിവായിരുന്നു ചീങ്കണ്ണിയുടെ തലയിൽ കത്തി കയറിയതിനെ തുടർന്ന് ഉണ്ടായത്. അതിനാൽ തന്നെ ഇതിനെ പിന്നീട് ദയാവധം ചെയ്തു.
ആരാണ് ഈ ചീങ്കണ്ണിയോട് ഇത് ചെയ്തത് എന്നത് ഇതുവരെ ആയിട്ടും കണ്ടെത്തിയിട്ടില്ല. സ്റ്റേറ്റിലാകെ 1.3 മില്ല്യൺ ചീങ്കണ്ണികളുണ്ട്. എന്നാൽ, ജനസംഖ്യ കൂടുന്നതും ആളുകൾ കുളത്തിനും തടാകങ്ങൾക്കും അരികിൽ വീടെടുക്കുന്നതും എല്ലാം കാരണം മുതലകളും/ചീങ്കണ്ണികളും മനുഷ്യരും തമ്മിലുള്ള സംഘട്ടനം വർധിച്ച് വരികയാണ് എന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ പറയുന്നു.
(ആദ്യചിത്രം പ്രതീകാത്മകം)