സെപ്റ്റിക് ടാങ്കിലേക്ക് വീണ് ആമസോൺ ഡെലിവറി ഡ്രൈവർ, സഹായത്തിന് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകൾ

By Web TeamFirst Published Jan 15, 2023, 2:29 PM IST
Highlights

'ആറടി താഴ്ചയിലേക്കാണ് വീണത്. അവിടെ നിന്നും പുറത്ത് കടക്കാൻ എനിക്ക് കഴിയുന്നുണ്ടായില്ല. ചുറ്റുമുള്ള വേരുകൾ ഉപയോ​ഗിച്ച് പുറത്ത് കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.'

നമ്മൾ ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി ഡ്രൈവർമാർക്ക് ചിലപ്പോൾ പല വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്. അത്, മോശം റോഡാവാം, വീട്ടിലെ പട്ടിയാവാം, വീട്ടുകാരന്റെ മോശം പെരുമാറ്റമാവാം. അങ്ങനെ പലതും. എന്നാൽ, ചാൾസ് അമിക്കഞ്ചൽ എന്നൊരു ആമസോൺ ഡെലിവറി ഡ്രൈവർക്ക് അനുഭവിക്കേണ്ടി വന്ന കാര്യം കുറച്ച് കഷ്ടമാണ്. 

ഒരു കസ്റ്റമറുടെ വീട്ടിൽ ചെന്നതാണ് ചാൾസ്. എന്നാൽ, ജീവൻ വരെ ഇല്ലാതായേക്കാവുന്ന അവസ്ഥയാണ് അവിടെ വച്ച് ചാൾസിന് അഭിമുഖീകരിക്കേണ്ടി വന്നത്. വീട്ടിലെ ഒരു സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു ചാൾസ്. മാത്രമല്ല, എമർജൻസി സർവീസിൽ നിന്നുള്ള രക്ഷാപ്രവർത്തകരേയും കാത്ത് മണിക്കൂറുകളോളം ആ ടാങ്കിൽ തന്നെ നിൽക്കേണ്ടിയും വന്നു. 

ടിക്ടോക്കിലൂടെയാണ് തനിക്കുണ്ടായ ഈ അനുഭവത്തെ കുറിച്ച് ചാൾസ് വിവരിച്ചത്. 10 മില്ല്യണിലധികം ആളുകളാണ് ഈ വൈറൽ വീഡിയോ കണ്ടത്. സാധനം കൊടുത്ത് തിരികെ വരുമ്പോൾ തന്നെ നിലത്ത് എന്തോ അനങ്ങുന്ന പോലെ ചാൾസിന് തോന്നി. എന്നാൽ, അടുത്ത നിമിഷം തന്നെ ചാൾസ് ടാങ്കിലേക്ക് വീഴുകയായിരുന്നു. അപ്പോൾ തന്നെ ചാൾസ് ഫോണെടുത്ത് സഹായത്തിന് വേണ്ടി വിളിച്ചു. 

“ഞാൻ ഒരു കസ്റ്റമറിന് സാധനം കൊടുത്ത് വരികയായിരുന്നു. അപ്പോൾ, ഞാൻ ഒരു സെപ്റ്റിക് ടാങ്കിലേക്ക് വീണു. അവരത് കുഴിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് തോന്നുന്നു. ആറടി താഴ്ചയിലേക്കാണ് വീണത്. അവിടെ നിന്നും പുറത്ത് കടക്കാൻ എനിക്ക് കഴിയുന്നുണ്ടായില്ല. ചുറ്റുമുള്ള വേരുകൾ ഉപയോ​ഗിച്ച് പുറത്ത് കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല“ എന്നും ചാൾസ് വീഡിയോയിൽ പറയുന്നു. 

തുടർന്നുള്ള വീഡിയോകളിൽ താനെങ്ങനെയാണ് അ​ഗ്നിരക്ഷാസേനയെ വിളിച്ചതെന്നും പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ടത് എന്നും വിശദീകരിക്കുന്നു. ഇത്രയും വൃത്തികെട്ട ഒരു സ്ഥലത്താണ് താൻ മണിക്കൂറുകൾ നിന്നത് എന്നും അത് ആലോചിക്കാൻ കൂടി വയ്യ എന്നുമാണ് ചാൾസ് വീഡിയോയിൽ പറയുന്നത്. 

ഏതായാലും അനേകം പേരാണ് ചാൾസിന്റെ വീഡിയോ കണ്ടത്. 

click me!