ഛോട്ടാ രാജന് പിറന്നാൾ ആശംസകൾ, കൂടാതെ കബഡി ടൂർണമെന്റും; ആറുപേർ അറസ്റ്റിൽ 

By Web TeamFirst Published Jan 15, 2023, 1:55 PM IST
Highlights

ജനുവരി 13 -ന് രാത്രിയിലാണ് പോസ്റ്ററുകൾ പതിച്ചത്. പോസ്റ്ററിൽ പറയുന്നത് പ്രകാരം ജനുവരി 14, 15 തീയതികളിൽ വൈകുന്നേരം 6 മണിക്കാണ് കബഡി ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്.

ഛോട്ടാ രാജൻ എന്നറിയപ്പെടുന്ന രാജേന്ദ്ര നികൽജെ അധോലോക രാജാവായി അറിയപ്പെടുന്നയാളാണ്. ജയിലിൽ കഴിയുന്ന ഛോട്ടാ രാജന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റർ പതിച്ചതിന് ആറുപേർ ഇപ്പോൾ മുംബൈയിൽ അറസ്റ്റിലായിരിക്കുകയാണ്. ഇത് മാത്രമല്ല, ഇതോടനുബന്ധിച്ച് മലാഡിലെ കുരാ‍ർ ​ഗ്രാമത്തിൽ കബഡി മത്സരം സംഘടിപ്പിക്കും എന്നും പോസ്റ്ററിൽ പറഞ്ഞിട്ടുണ്ട്. 

സംഘം പതിച്ച പോസ്റ്ററിന്റെ ചിത്രങ്ങൾ അധികം വൈകാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതേ തുടർന്നാണ് അന്വേഷണം നടന്നതും ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തതും. കബഡി മത്സരത്തിന്റെ സംഘാടകരായ ആറുപേരെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ കബഡി ടൂർണമെന്റിനുള്ള ഫണ്ട് വരുന്നതും അനധികൃത സോഴ്സിൽ നിന്നുമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

കുരാർ പൊലീസ് സ്‌റ്റേഷനിൽ ആറ് പേർക്കെതിരെ കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്മിതാ പാട്ടീൽ ഇന്ത്യ ടുഡേയോട് പറഞ്ഞു, 'ഞങ്ങൾ ഈ അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്, വിഷയത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. അന്വേഷണം നടക്കുന്നുണ്ട്' എന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.

ജനുവരി 13 -ന് രാത്രിയിലാണ് പോസ്റ്ററുകൾ പതിച്ചത്. പോസ്റ്ററിൽ പറയുന്നത് പ്രകാരം ജനുവരി 14, 15 തീയതികളിൽ വൈകുന്നേരം 6 മണിക്കാണ് കബഡി ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്വേഷണവും അറസ്റ്റും വന്നതോടെ ടൂർണമെന്റ് റദ്ദാക്കിയിരിക്കുകയാണ്. 

2011-ൽ മുംബൈയിൽ മാധ്യമപ്രവർത്തകൻ ജെ ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് ഇപ്പോൾ ഛോട്ടാ രാജൻ. ഇത് കൂടാതെ, കൊള്ള, കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. 

click me!