ലോകവ്യാപാരസംഘടനയ്ക്ക് താഴിടാന്‍ അമേരിക്കയും ട്രംപും, ഇന്ത്യയടക്കം രാജ്യങ്ങള്‍ ആശങ്കയില്‍, വ്യാപാരതര്‍ക്കങ്ങളുടെ ഭാവിയെന്താവും?

Published : Jan 09, 2020, 02:26 PM ISTUpdated : Jan 09, 2020, 02:32 PM IST
ലോകവ്യാപാരസംഘടനയ്ക്ക് താഴിടാന്‍ അമേരിക്കയും ട്രംപും, ഇന്ത്യയടക്കം രാജ്യങ്ങള്‍ ആശങ്കയില്‍, വ്യാപാരതര്‍ക്കങ്ങളുടെ ഭാവിയെന്താവും?

Synopsis

ജനീവ ആസ്ഥാനമായി രൂപവല്‍ക്കരിച്ച ലോകവ്യപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങളാണ് ഉള്ളത്. ചരക്കുവ്യാപാരങ്ങൾ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കിൽ ലോകവ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ മുതലായവയാണ്. തർക്ക പരിഹാര വേദിയില്‍ ഏഴംഗങ്ങൾ ആണുള്ളത്. ഇതിൽ അഞ്ചുപേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. 

നാളിതുവരെ ലോക വ്യാപാര സംഘടന (wto)-യെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനഗങ്ങളോടനുബന്ധിച്ചാണ്. രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന മന്ത്രിതല സമ്മേളനം ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നതും. ആഗോളവല്‍ക്കരണ വിരുദ്ധരുടെ പ്രധാന സമരവേദി കൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങൾ. അതുകൊണ്ടാണ് ദോഹ ഉച്ചകോടി, കാന്‍കൂൻ സമ്മേളനം, ജനീവ ചർച്ചകൾ എന്നിവയൊക്കെ കാർഷിക സബ്‍സിഡിയുമായി ബന്ധപ്പെട്ട കരാറുകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. എന്നാൽ, ഇപ്പോൾ ലോകം വ്യാപാരവുമായി ബന്ധപ്പെട്ട് പ്രധാനമായും ചർച്ച ചെയ്യുന്നത് മറ്റൊന്നാണ്. 

 

പുതുവർഷത്തിൽ ലോക വ്യാപാര സംഘടന (wto) ഉണ്ടാകുമോ ഇല്ലയോ എന്നതിലേക്കാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ലോകവ്യാപാരം പുഷ്‍ടിപ്പെടുത്തുന്നതിനായി 1995 ജനുവരി 1 മുതൽ പ്രവർത്തിച്ചുവരുന്ന സംഘടനയ്ക്ക് അകാല ചരമമാണ്‌ അമേരിക്കയും ട്രംപും കുറിച്ചുവച്ചിരിക്കുന്നത്. സംഘടനയുടെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നായ പ്രശ്‍നപരിഹാരവേദിക്ക് (DSB) താഴിട്ടിരിക്കുകയാണ് ഇപ്പോൾ ട്രംപ് ഭരണകൂടം. ഏഴ് അംഗങ്ങളുള്ള DSB ലോക വ്യാപാര സംഘടനയെ അതിന്റെ മുൻഗാമിയായ GATT -ൽ നിന്നും വ്യത്യസ്‍തമാക്കി നിർത്തുന്നതായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടൻവുഡ്‌സ് ഉച്ചകോടിയിൽ ജെഎം കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ മുന്നോട്ടുവെച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം. ലോകബാങ്ക്, അന്തരാഷ്ട്ര നാണയ നിധി എന്നിവ 1945 -ൽ തന്നെ നിലവിൽ വന്നു. എന്നാൽ, ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള  സംവിധാനം 1947-ൽ മാത്രമാണ് ഗാട്ട് എന്ന പേരിൽ നിലവിൽ വന്നത്. GATT -ൽ തർക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. 1984 മുതൽ 1994 വരെ നടന്ന URUGUAY വട്ട ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോകവ്യപാര സംഘടനാ രൂപവല്‍ക്കരിക്കാൻ തീരുമാനിച്ചത്. 

ജനീവ ആസ്ഥാനമായി രൂപവല്‍ക്കരിച്ച ലോകവ്യപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങളാണ് ഉള്ളത്. ചരക്കുവ്യാപാരങ്ങൾ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കിൽ ലോകവ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ മുതലായവയാണ്. തർക്ക പരിഹാര വേദിയില്‍ ഏഴംഗങ്ങൾ ആണുള്ളത്. ഇതിൽ അഞ്ചുപേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ഒഴിവുവന്ന ഒരു പദവിപോലും നികത്തേണ്ടതില്ല എന്നത് ട്രംപിന്റെ തീരുമാനമാണ്. ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശനപരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാൽ മെച്ചം അമേരിക്കയ്ക്കല്ലാതെ മറ്റാർക്കുമല്ല. ഇപ്പോൾ ഒരു അംഗമായി ചുരുങ്ങിയ പ്രശ്‍നപരിഹാര വേദിയുടെ അഭാവത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരയുദ്ധങ്ങളും തർക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗരാജ്യങ്ങൾ. 

ലോക വ്യാപാരത്തിന്‍റെ കേവലം രണ്ടുശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാൽ, നാളിതുവരെ മറ്റ് ലോക രാജ്യങ്ങൾക്ക് മുപ്പതിലധികം തർക്കങ്ങൾ ഇന്ത്യയുമായി ഉള്ളത് പ്രശ്‍നപരിഹാരവേദിക്ക് മുൻപാകെ എത്തിയിട്ടുണ്ട്. ഇ യു -വും, അമേരിക്ക, തായ്‌വാൻ, ബ്രസീൽ, ജപ്പാൻ, ആഫ്രിക്ക, അർജന്റീന, തുർക്കി, ഓസ്ട്രേലിയ, ഗട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്ക് വ്യാപാരതർക്കങ്ങളുണ്ട്. ഇതൊക്കെ ഇനി ഏതു നിലക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ഇപ്പോൾ. പ്രശ്ന പരിഹാര വേദിക്ക് (DSB) മുമ്പാകെ 592 തർക്കങ്ങൾക്ക് നാളിതുവരെ പരിഹാരം കണ്ടിട്ടുണ്ട്. 

Two former members — former commerce secretary എ വി  ഗണേശൻ, ഉജാൽ സിംഗ് ഭാട്ടിയ എന്നീ രണ്ട് ഇന്ത്യക്കാർ പ്രശ്‍ന പരിഹാര വേദി (DSB)-യിൽ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില്‍ അമേരിക്കൻ തൻപോരിമയാണ് ഇപ്പോളത്തെ WTO പ്രതിസന്ധിയുടെ മൂലകാരണം. അമേരിക്ക ആദ്യം എന്ന ട്രംപ് നയം നടപ്പിലാക്കുന്നതിലെ വിലങ്ങുതടി ആയതാണ് wto -ക്കു ചരമക്കുറിപ്പെഴുതാൻ ഇപ്പോൾ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നതിന് കാരണമായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കൻ പരുത്തി വ്യവസായികൾ ബ്രസീലിയൻ വ്യവസായികൾക്കെതിരെ നടത്തിയ വ്യവഹാരത്തിൽ തോൽവി ആയിരുന്നു അമേരിക്കയ്ക്ക്‌. ഏതായാലും ചൈനയുമായുള്ള വ്യപാരയുദ്ധം അവസാനിപ്പിച് ഒരടി മുമ്പോട്ടു പോയിട്ടിട്ടുണ്ട് ട്രംപ് ഇപ്പോൾ. പ്രശ്‍ന പരിഹാര വേദിക്ക് മുൻപാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കയ്ക്ക് അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വൈചിതൃം. അടുത്തകാലത്തുതന്നെ അമേരിക്കൻ ബോയിങ് കമ്പനിക്കനുകൂലമായി നെതർലാൻഡ് കമ്പനിയായ എയർ ബസിനെതിരായി ഒരു വിധി വന്നതും എടുത്തുപറയേണ്ടതാണ്. പ്രശ്‍ന പരിഹാര വേദിക്കു (DSB ) മുൻപാകെ  ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു. ബ്ലൂ ബോക്സ്, ഗ്രീൻ ബോക്സ്, ആംബർ ബോക്സ് എന്നിങ്ങനെയുള്ള സബ്‍സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ച് വികസിത രാജ്യങ്ങൾക്കനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതല്‍ക്കേ ഉണ്ടായിരുന്നു. ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പൊതിയാതേങ്ങയായി തുടരുക തന്നെയാണ്. കോപ്പി റൈറ്റ്, പേറ്റൻറ്, ട്രേഡ് മാർക്ക്, ട്രേഡ് SECRAT, ഭൗമ സൂചിക, സോഫ്റ്റ്‌വെയർ തുടങ്ങിയ പ്രശ്‍നങ്ങൾ കൈകാര്യം ചെയ്യാൻ ട്രിപ്‌സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയിൽ ഉണ്ട്. എന്നാൽ ഇതെല്ലാം വികസിതരാജ്യങ്ങൾക്ക് വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
   
ഇതിനൊക്കെ പുറമെയാണ് ചൈന -അമേരിക്ക വ്യപാര യുദ്ധം, അമേരിക്ക -ഫ്രാൻസ് വ്യാപാര തർക്കങ്ങൾ, ഇ യു- ഇന്തോനേഷ്യയും തമ്മിലുള്ള പാമോലിൻ കയറ്റുമതി -ഇറക്കുമതി പ്രശ്‍നം, ഇന്ത്യയും അമേരിക്കയുമായുള്ള തീരുവയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടങ്ങിയവ പരിഹാരം ഒന്നുമില്ലാതെ അനന്തമായി നീങ്ങിയേക്കുമോ എന്ന ആശങ്കകളും. 2019 ഡിസംബർ 10 -ന് പ്രശ്‍ന പരിഹാര വേദിക്ക് (DSB ) താഴിട്ടു കഴിഞ്ഞിരിക്കുന്നു. ഈ ജനുവരിയില്‍ത്തന്നെ ലോകവ്യാപാര സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. സെന്‍റര്‍ വില്യം റഹപ്പാർട് എന്ന ജനീവ നദിക്കരയിലെ WTO ആസ്ഥാനത്തുനിന്ന് ചരമഗാനമാണോ ഉയരുകയെന്ന് വൈകാതെ നമുക്കറിയാം. റോബർട്ടോ അസവദ എന്ന സെക്രട്ടറി ജനറൽ പാശ്ചാത്യലോകത്ത് മൃതസംസ്കാരത്തിന് അണിയാറുള്ള കറുത്ത ടൈ അണിയുന്നതാവും ഇനി നല്ലതെന്നാണ് WTO നിരീക്ഷകർ ഇപ്പോൾ പറയുന്നത്.  

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി സെന്‍റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

PREV
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്