നിർഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്കായി തിഹാർ ജയിൽ നടപ്പിലാക്കുക ഈ അഞ്ചു കാര്യങ്ങൾ

By Web TeamFirst Published Jan 9, 2020, 12:28 PM IST
Highlights

തൂക്കുകയറിന്റെ നീളം കണ്ടുപിടിക്കുന്നതാണ് ഒരു പ്രധാനജോലി. പ്രതിയുടെ ഭാരമാണ് ഇതിനെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകം.

ഇന്നേക്ക് പന്ത്രണ്ടു ദിവസത്തിനുള്ളിൽ നിർഭയ കൂട്ടബലാത്സംഗ-കൊലപാതക കേസിലെ നാലു കുറ്റവാളികളും തിഹാർ ജയിലിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന തൂക്കുമരത്തിന്മേൽ ഒന്നിച്ച് തൂക്കിലേറ്റപ്പെടും. ഇതിലേക്കായി പ്രത്യേകം കൊലക്കയറുകൾ നിർമ്മിക്കപ്പെട്ടു, ആരാച്ചാർ തയ്യാറാണ്, തൂക്കുമരവും, പ്ലാറ്റ്ഫോമും ഒക്കെ കേടുപാടുതീർത്ത് തയ്യാറായിക്കഴിഞ്ഞു. 

എന്നാൽ, അത്ര എളുപ്പമുള്ള ഒരു പ്രക്രിയയല്ല ഈ കഴുവേറ്റങ്ങൾ. അതിന് ദില്ലി പ്രിസൺ റൂൾസ് 2018 -ൽ കൃത്യമായ ചട്ടങ്ങളുണ്ട്. കടുകിടെ വ്യതിചലിക്കാൻ പാടില്ലാത്ത നിബന്ധനകളും പലതുണ്ട്. തൂക്കിലേറ്റുന്ന ശരീരം എത്ര ആഴത്തിലേക്കാണ് പതിക്കുക എന്നത് സംബന്ധിച്ച ഒരു റിപ്പോർട്ട് മെഡിക്കൽ ഓഫീസർ നാലുദിവസം മുമ്പുതന്നെ നൽകേണ്ടതുണ്ട്. തൂക്കിലേറ്റേണ്ട പ്രതികളുടെ നിരവധി അളവുകളും എടുക്കേണ്ടതുണ്ട്. അവരുടെ കഴുത്തുകളുടെ ചുറ്റളവ്, കാലടി മുതൽ ഇടതു ചെവിയുടെ തൊട്ടുതാഴെയായി താടിയെല്ല് വളഞ്ഞുതുടങ്ങുന്നിടം വരെയുള്ള പ്രതിയുടെ ഉയരം. കയർ കെട്ടുന്ന കഴുമരത്തിലെ റിങ് മുതൽ ഡ്രോപ്പ് ഷട്ടർ വരെയുള്ള ഉയരം എന്നിങ്ങനെ പലതുമുണ്ട് അക്കൂട്ടത്തിൽ. തൂക്കിലേറ്റം തികച്ചും രഹസ്യമായി വേണം നടത്താൻ എന്നാണ് ജയിൽ മാനുവൽ പറയുന്നത്. ജയിലിലെ മറ്റെല്ലാ തടവുകാരെയും അവരുടെ സെല്ലിനുള്ളിൽ തന്നെ നിർബന്ധമായും അടയ്‌ക്കേണ്ടതുണ്ട്. ജനുവരി ഏഴാം തീയതിയാണ് കോടതി വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, മുകേഷ് എന്നീ പ്രതികൾക്കുള്ള മരണവാറണ്ട് പുറപ്പെടുവിച്ചത്. അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി ചെയ്യാനുള്ളത്.

കഴുമരങ്ങൾക്ക് ബലക്കുറവുണ്ടോ ?

പിഡബ്ല്യുഡി -യുടെ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കഴുമരങ്ങൾ പരിശോധിച്ച് അവയുടെ ബലം ഉറപ്പിക്കേണ്ട ചുമതല. മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടാൽ എല്ലാ നാലുദിവസം കൂടുമ്പോഴും ഈ പരിശോധന വേണം. അതിനുപുറമേ, തൂക്കിലേറ്റുന്നതിന് തൊട്ടുതലേന്നും. അതിരാവിലെയാണ് സാധാരണ വധശിക്ഷ നടപ്പിലാക്കുക പതിവ്. അതിന്റെ തലേന്ന് വൈകുന്നേരം, ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ തന്നെ കഴുമരങ്ങളുടെ പരിശോധനയും, കൊലക്കയറുകളുടെ ടെസ്റ്റിംഗും നടക്കും. തൂക്കിലേറ്റേണ്ട ആളുടെ 1.5 ഇരട്ടി ഭാരമുള്ള ഒരു മണൽച്ചാക്ക് തൂക്കിയിട്ടാണ് പരിശോധന നടത്തുന്നത്. 1.830 മീറ്ററിനും 2.440 മീറ്ററിനും ഇടയിൽ ആ ഭാരം ഇടുകയാണ് പരിശോധനയിൽ ചെയ്യുന്നത്. 

എത്ര ആഴത്തിലേക്കാണ് തൂക്കിലിടുന്നയാൾ പതിക്കേണ്ടത് ?

കഴുവേറ്റപ്പെടുന്ന ഓരോ പ്രതിയ്ക്കും വേണ്ടി ഉപയോഗിക്കേണ്ട കൊലക്കയറിന്റെ നീളം സംബന്ധിച്ച ഒരു റിപ്പോർട്ട്, പരിചയസമ്പന്നനായ ഒരു മെഡിക്കൽ ഓഫീസർ ആണ് കൊടുക്കാനുള്ളത്. തൂക്കേണ്ടയാളിന്റെ ഭാരമാണ് കയറിന്റെ നീളം നിർണ്ണയിക്കുന്നതിന് കണക്കിലെടുക്കുന്ന ഒരു ഘടകം. ഭാരം കൂടും തോറും വീഴ്ചയ്ക്ക് അനുവദിക്കാവുന്ന ആഴം കുറയും.  കൃത്യമായ മാനദണ്ഡങ്ങൾ അക്കാര്യത്തിൽ പ്രിസൺ മാനുവലിൽ ഉണ്ട്. തൂക്കിലേറ്റേണ്ടയാളിന്റെ ഭാരം  45.360 കിലോഗ്രാം ആണെങ്കിൽ അയാൾക്ക് കൊടുക്കേണ്ടുന്ന ഡ്രോപ്പ് 2.4440 മീറ്റർ ആണ്. ഭാരം 45.330  കിലോയ്ക്കും 60.330 കിലോയ്ക്കും ഇടയിലാണെങ്കിൽ അയാൾക്ക് കൊടുക്കേണ്ട ഡ്രോപ്പ് 2.290 മീറ്ററാണ്. ഭാരം 60.330 കിലോയ്ക്കും 75.330 കിലോയ്ക്കും ഇടയിൽ ആണെങ്കിൽ കൊടുക്കാവുന്ന ഡ്രോപ്പ് 2.130 മീറ്ററാണ്. തൂക്കിലേറ്റേണ്ടയാൾക്ക് 75.330 കിലോയ്ക്കും 90.720 കിലോയ്ക്കും ഇടയിലാണ് ഭാരമെങ്കിൽ അയാൾക്ക് കൊടുക്കേണ്ട ഡ്രോപ്പ് 1.980 മീറ്ററാണ്. 90.720 കിലോയ്ക്ക് മുകളിൽ ഭാരമുളവർക്ക് കൊടുക്കേണ്ട ഡ്രോപ്പ് 1.830 മീറ്ററും. ഇപ്പോൾ തൂക്കിലേറ്റാനുള്ള എല്ലാവരുടെയും ഭാരവും ഉയരവുമെല്ലാം അളന്നുകഴിഞ്ഞു. 

കൊലക്കയറിന് എന്ത് നീളം വേണം ?

മേൽപ്പറഞ്ഞ ഡ്രോപ്പുകൾ കൃത്യമായി കിട്ടാൻവേണ്ടി ഒരു പ്രക്രിയതന്നെ മാനുവലിൽ വിശദീകരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ രണ്ട് ഉയരങ്ങൾ - കാലടി മുതൽ ഇടതുചെവിയുടെ തൊട്ടുതാഴെയായി താടിയെല്ല് വളഞ്ഞുതുടങ്ങുന്നിടം വരെയുള്ള പ്രതിയുടെ ഉയരം. കയർ കെട്ടുന്ന കഴുമരത്തിലെ റിങ് മുതൽ ഡ്രോപ്പ് ഷട്ടർ വരെയുള്ള ഉയരം - കൃത്യമായി അളന്നുകഴിഞ്ഞാൽ, അതുവച്ച്  പ്രതിയുടെ കഴുത്തിൽ കയറു മുറുകുന്ന പോയന്റ് മുതൽ താഴെ പരമാവധി ഡ്രോപ്പ് ആഴം വരെയുള്ള ദൂരം കണ്ടുപിടിക്കാനാകും. അനുവദനീയമായ ഡ്രോപ്പ്, ഡ്രോപ്പ് ഷട്ടർ മുതൽ റിങ് വരെയുള്ള ഉയരം - ഇത് രണ്ടും ചേർന്നതാണ് കുരുക്കിന് മുകളിലേക്കുള്ള കയറിന്റെ നീളം.  

ആർക്കൊക്കെ കാണാം കഴുവേറ്റം ?

കഴുവേറ്റപ്പെടുന്ന കുറ്റവാളികളുടെ ബന്ധുക്കൾ, മറ്റു തടവുപുള്ളികൾ എന്നിങ്ങനെ ആർക്കും തന്നെ തൂക്കിലേറ്റുന്നതിന് സാക്ഷ്യം വഹിക്കാനുള്ള അനുവാദമില്ല. എങ്കിലും, സാമൂഹിക ശാസ്ത്രജ്ഞർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിങ്ങനെ വധശിക്ഷാരീതികളിൽ ഗവേഷണം നടത്തുന്നവർക്ക് മാത്രം അധികാരികളിൽ നിന്ന് പ്രത്യേക അനുവാദം നേടി അതിന് സാക്ഷ്യം വഹിക്കാം. പത്ത് സുരക്ഷാ ഗാർഡുമാർ, വാർഡന്മാർ, ഹെഡ് വാർഡന്മാർ, എന്നിവരും വധശിക്ഷ നടപ്പിലാക്കുമ്പോൾ അവിടെ സന്നിഹിതരായിരിക്കും. മറ്റുള്ള എല്ലാ തടവുകാരെയും ഈ സമയം അവരവരുടെ സെല്ലുകളിൽ പൂട്ടിയിടണം. 

ശിക്ഷ നടപ്പിലാക്കുന്ന ദിവസത്തെ നടപടിക്രമം എന്താണ് ?

പതിവായി അതിരാവിലെയാണ് തൂക്കിലേറ്റൽ നടപ്പിലാക്കുക. സാധാരണഗതിയിൽ അത് രാവിലെ ഏഴുമണി ആയിരിക്കും. അതുവരെയുള്ള നടപടിക്രമങ്ങൾ ഒക്കെ പാലിക്കപ്പെട്ടു എന്നുറപ്പിക്കേണ്ട ചുമതല ജയിൽ സൂപ്രണ്ടിന്റെതാണ്. അതുകഴിഞ്ഞാൽ ജയിൽ സൂപ്രണ്ട്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവർ അടങ്ങുന്ന സംഘം തൂക്കിലേറ്റേണ്ട തടവുകാരെ അവരുടെ കണ്ടെംന്‍‌ഡ് സെല്ലിനുള്ളിൽ ചെന്ന് കാണും. പിന്നെ അവരെ കഴുമരത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പാണ്. ആദ്യമായി അവരുടെ കൈകൾ കയറുകൊണ്ട് പിന്നിൽ ബന്ധിക്കും. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാർഡൻ, ആറ് വാർഡന്മാർ എന്നിവർ ചേർന്ന് തൂക്കിലേറ്റേണ്ടയാളെ കഴുമരത്തിലേക്ക് ആനയിക്കും. രണ്ടുപേർ പിന്നിൽ നിന്നും രണ്ടുപേർ മുന്നിൽ നിന്നും അവരുടെ കൈ പിടിച്ചാണ് കൊണ്ടുപോവേണ്ടത്. 

കഴുമരത്തിന്റെ അടുത്തെത്തിയാൽ, പ്ലാറ്റ്ഫോമിലേക്ക് കയറുംമുമ്പ് അവരുടെ തല ഒരു തുണിസഞ്ചികൊണ്ട് മൂടും. കഴുമരം നേരിൽ കാണാൻ തടവുകാർക്ക് അനുവാദമില്ല. തുടർന്ന് അവരെ കൈപിടിച്ച് കഴുമരത്തിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന  കൊലക്കയറിനടുത്തെത്തിക്കും. 

 ആരാച്ചാരുടെ കർത്തവ്യം  എന്താണ് ?

കഴുമരത്തിൽ എത്തിയാൽ പിന്നെ പുള്ളികളെ ആരാച്ചാർക്ക് കൈമാറും. ആരാച്ചാരാണ് പ്ലാറ്റ്ഫോമിൽ നിൽക്കുന്ന കുറ്റവാളികളുടെ കാലുകൾ തമ്മിൽ ബന്ധിക്കുന്നതും, കുരുക്ക് തലയിലൂടെ കഴുത്തിലിട്ടു മുറുക്കുന്നതും. കുരുക്ക് ശരിയായിട്ടാണോ ഇട്ടിരിക്കുന്നത്, വേണ്ടത്ര മുറുകിയിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത് ജയിൽ സൂപ്രണ്ടാണ്. 

ഇനിയുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കകം നടത്തണം എന്നാണ് ജയിൽ മാനുവൽ പറയുന്നത്. സൂപ്രണ്ട് പിൻവാങ്ങിയാലുടൻ, വാർഡന്മാർ പുള്ളികളുടെ ദേഹത്തുനിന്ന് കയ്യെടുക്കുന്നു. സൂപ്രണ്ട് ആരാച്ചാർക്ക് സിഗ്നൽ കൊടുന്നുന്നു. ആരാച്ചാർ ലിവർ വലിക്കുന്നതോടെ പ്ലാറ്റ്‌ഫോം തെന്നിമാറി പ്രതികൾ കൊലക്കയറിൽ തൂങ്ങിയാടുന്നു. 
 


 

മൃതദേഹങ്ങൾക്ക് അന്ത്യകർമങ്ങൾ എങ്ങനെ ?

മരിച്ചു എന്നുറപ്പിച്ചാൽ, മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് പറഞ്ഞയക്കും. ഇത് മുമ്പ് ചെയ്യാറില്ലായിരുന്നു. എന്നാൽ, 2014 -ലെ സുപ്രീം കോടതി വിധി പ്രകാരം ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കൾ മൃതദേഹം ആവശ്യപ്പെട്ടാൽ, സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് സർക്കാരുകൾക്ക് മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി അവർക്ക് കൈമാറാവുന്നതാണ്. എന്നാൽ, ഈ മൃതദേഹങ്ങൾ പൊതുദർശനത്തിനു വെക്കുകയോ, വിലാപയാത്രയായി കൊണ്ട് പോവുകയോ ഒന്നും ചെയ്യില്ല എന്ന് മുൻ‌കൂർ സത്യവാങ്മൂലം എഴുതിവാങ്ങും എന്നുമാത്രം. ആരും വന്നില്ല എന്നുണ്ടെങ്കിൽ സർക്കാർ ക്രിമറ്റോറിയങ്ങളിലേക്ക് മുനിസിപ്പൽ ആംബുലൻസിൽ കയറ്റി മൃതദേഹങ്ങൾ കൊണ്ടുപോവുകയും, അവിടെ ദഹിപ്പിക്കുകയും ചെയ്യും.  ഇതിന്റെ സകല ചെലവും വഹിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരാണ്. 

വരുന്ന ഇരുപത്തിരണ്ടാം തീയതി നിർഭയ കേസിൽ തൂക്കിലേറ്റപ്പെടുന്ന നാലു തടവുപുള്ളികൾ തൂക്കുമരത്തിലേറും വരെ കടന്നുപോകാൻ പോവുന്ന വഴികൾ ഇതൊക്കെയാണ്.  

click me!