
വർഷങ്ങളായുള്ള അന്വേഷണത്തിനൊടുവിൽ അമേരിക്കൻ രത്നവേട്ടക്കാരന് ലഭിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ്വ വജ്രം. അമേരിക്കയിലെ അർക്കൻസാസിലെ 'ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ' നിന്ന് ജാക്ക് പിയറാഡ് എന്നയാൾക്കാണ് 6.03 കാരറ്റ് ഭാരമുള്ള മഞ്ഞ വജ്രം കിട്ടിയത്.
ടിക്ടോക് ലൈവിനിടയിൽ അവിശ്വസനീയ നേട്ടം
സുഹൃത്തായ മൈക്കൽ ഷുമാക്കറുമായി ചേർന്ന് പാർക്കിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പിയറാഡിന് ഈ നേട്ടമുണ്ടായത്. ചരൽ കഴുകി വജ്രം വേർതിരിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം ടിക്ടോക് വഴി ലൈവ് സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു. കല്ല് പുറത്തെടുത്ത ഉടൻ തന്നെ അദ്ദേഹം സന്തോഷം കൊണ്ട് ആർത്തുവിളിക്കുന്നതും വീഡിയോയിൽ കാണാം. 2013 മുതൽ ഈ പാർക്ക് സന്ദർശിക്കുന്ന പിയറാഡ് ഇതിനോടകം മുന്നൂറിലധികം വജ്രങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ വജ്രത്തിന് 'അമേരിക്കൻ ഡ്രീം' എന്നാണ് ഇവർ പേരിട്ടിരിക്കുന്നത്.
ഈ വജ്രത്തിന് ഏകദേശം 8 കോടിയോളം രൂപ വരെ വിലമതിക്കുമെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, സർട്ടിഫൈഡ് ജെം അപ്പ്രൈസർ ലോറ സ്റ്റാൻലിയുടെ കണക്കുകൂട്ടൽ പ്രകാരം ഉയർന്ന നിലവാരമുള്ള ഈ മഞ്ഞ വജ്രത്തിന് ഏകദേശം 250,000 ഡോളർ വില ലഭിച്ചേക്കാം. കണ്ടെത്തുന്നവ സ്വന്തമാക്കാൻ സന്ദർശകർക്ക് അനുവാദമുള്ള ഇവിടുത്തെ ഏറ്റവും വലിയ ചരിത്രപരമായ കണ്ടെത്തൽ 1924 -ൽ ലഭിച്ച 40.23 കാരറ്റ് 'അങ്കിൾ സാം' വജ്രമാണ്.