ദിഘാ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ട് അമ്മയും മകളും കടലിലേക്ക് വീണു. തിരമാലകൾ വലിച്ചിഴച്ചിട്ടും മകളുടെ കൈവിടാതെ അമ്മ പൊരുതി. ഒടുവിൽ നാട്ടുകാർ ചേർന്ന് ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചു.

കടലിൽനിന്ന് ആഞ്ഞടിച്ചെത്തിയ കൂറ്റൻ തിരമാലകൾ അമ്മയെയും മകളെയും പലതവണ കടലിലേക്ക് വലിച്ചിഴച്ചിട്ടും മകളുടെ കൈവിടാതെ ചേർത്തുപിടിച്ച് അമ്മ. പശ്ചിമ ബംഗാളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിഘാ ബീച്ചിലാണ് ഭീതിപ്പെടുത്തുന്ന സംഭവം. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ഫോട്ടോയെടുക്കുന്നതിനിടെ അപകടം

കടൽത്തീരത്തോട് ചേർന്നുള്ള പാറക്കെട്ടിൽ ഇരുന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അമ്മയ്ക്കും മകൾക്കും നേരെ കൂറ്റൻ തിരമാല ആഞ്ഞടിച്ചത്. തിരയുടെ ശക്തിയിൽ ഇരുവരും പാറയിൽനിന്ന് തെറിച്ച് കടലിലേക്ക് വീണു. തുടർന്നെത്തിയ തിരമാലകൾ അവരെ ചിലപ്പോൾ കടലിന്‍റെ ഉള്ളിലേക്ക് വലിച്ചിഴയ്ക്കുകയും മറ്റു ചിലപ്പോൾ തീരത്തേക്ക് തള്ളുകയും ചെയ്തു. ഈ ദുരിതത്തിനിടയിലും അമ്മ മകളുടെ കൈ മുറുകെപ്പിടിച്ചിരുന്നു. ദൂരത്തുനിന്ന് സംഭവം കണ്ടുനിന്നവരുടെ നിലവിളികളും ദൃശ്യങ്ങളിൽ കേൾക്കാം.

Scroll to load tweet…

ഒടുവിൽ രക്ഷാദൗത്യം

ഇരുവരും തീരത്തോട് അടുത്തെത്തിയപ്പോൾ സഹായിക്കാനായി ഒരാൾ ഓടിയെത്തി. എന്നാൽ, അതിനിടയിൽ വീണ്ടും ശക്തമായ തിരയടിച്ച് അമ്മയെയും മകളെയും താഴെയിട്ട് കടലിലേക്ക് വലിച്ചുകൊണ്ടുപോയി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടുവന്നു. തിരയുടെ ശക്തി കാരണം പലതവണ ശ്രമം തടസ്സപ്പെട്ടെങ്കിലും ഒടുവിൽ ഇരുവരെയും കരയിലെത്തിക്കാനും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും സാധിച്ചു.

നവംബർ 24 -ന് എംജി എന്ന എക്സ് ഉപയോക്താവാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഫോട്ടോയ്ക്കോ സെൽഫിക്കോ വേണ്ടി കടലിനോട് ചേർന്ന് നിൽക്കരുതെന്നും ശക്തമായ തിരമാലകളുള്ള സമയത്തും വേലിയേറ്റത്തിലും അതീവ ജാഗ്രത പാലിക്കണമെന്നും വീഡിയോ കണ്ടവർ മുന്നറിയിപ്പ് നൽകുന്നു. കടലിന്‍റെ ശക്തി ഒരിക്കലും കുറച്ചുകാണരുതെന്ന സന്ദേശവും സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.