അമേരിക്കയിലെ താങ്ക്സ്ഗിവിങ്ങിന് ശേഷമുള്ള ഷോപ്പിംഗ് ഉത്സവമായ ബ്ലാക്ക് ഫ്രൈഡേയുടെ തുടക്കം വിലക്കുറവുകളുമായി ബന്ധപ്പെട്ടതല്ല. 1869-ലെ സ്വർണവിപണി തകർച്ചയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. പിന്നീട് 1980-കളിലാണ് വ്യാപാരികൾ ഇതിനെ ലാഭത്തിന്റെ ദിവസമായി മാറ്റിയെടുത്തത്.

അമേരിക്കയിൽ താങ്ക്സ്‌ ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ചയാണ് എല്ലാ വർഷവും ബ്ലാക്ക് ഫ്രൈഡേയായി ആചരിക്കുന്നത്. ക്രിസ്മസ് ഷോപ്പിംഗ് സീസണിന്‍റെ അനൗദ്യോഗിക തുടക്കമായി കണക്കാക്കുന്ന ഈ ദിവസം വിവിധ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവുകളാണ് വ്യാപാരസ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്നത്. 2026 -ൽ നവംബർ 27 വെള്ളിയാഴ്ചയാണ് (നാളെ) ബ്ലാക്ക് ഫ്രൈഡേ. ഇതിന്‍റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ നേരത്തേതന്നെ വിവിധ ഓഫറുകളും വിലക്കുറവുകളും പരസ്യപ്പെടുത്തിത്തുടങ്ങി.

എന്നാൽ, ഇന്ന് ഷോപ്പിങ്ങിന്‍റെയും ആഘോഷങ്ങളുടെയും ഭാഗമായി മാറിയ ബ്ലാക്ക് ഫ്രൈഡേയുടെ തുടക്കം വിലക്കുറവുകളുമായോ ക്രിസ്മസ് ആഘോഷങ്ങളുമായോ ബന്ധപ്പെട്ടതല്ല. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായ ഒരു സാമ്പത്തിക പ്രതിസന്ധിയുമായാണ് ഈ പേരിന്‍റെ ആദ്യകാല ചരിത്രം ബന്ധപ്പെട്ടിരിക്കുന്നത്.

1869 -ലെ സ്വർണവിപണി തകർച്ചയും 'ബ്ലാക്ക് ഫ്രൈഡേ'യും

ബ്ലാക്ക് ഫ്രൈഡേ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1869 സെപ്റ്റംബർ 24 -നാണ്. അന്ന് അമേരിക്കയിലെ സ്വർണവിപണിയിലുണ്ടായ വൻ തകർച്ചയെത്തുടർന്നാണ് ഈ പേര് പ്രചാരത്തിലായത്. ഹിസ്റ്ററി ഡോട്ട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം, വാൾസ്ട്രീറ്റിലെ രണ്ട് ധനകാര്യ ഇടപാടുകാരായ ജെയ് ഗൗൾഡും ജിം ഫിസ്കും ചേർന്ന് സ്വർണവില തങ്ങളുടെ നേട്ടത്തിനായി നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങളാണ് പ്രതിസന്ധിക്ക് കാരണമായത്.

സ്വർണത്തിന്‍റെ വില ഉയർത്തി പിന്നീട് കൈവശമുള്ള സ്വർണം വിറ്റ് ലാഭമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതിനായി അവർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടി. പ്രസിഡന്‍റ് യുലിസിസ് എസ്. ഗ്രാന്‍റിന്‍റെ ഭാര്യാസഹോദരനായ ആബെൽ റാത്ത്ബോൺ കോർബിനുമായുള്ള ബന്ധം ഉപയോഗിച്ച് സർക്കാർ സ്വർണവിൽപ്പന സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിക്കാനും അവർ ശ്രമിച്ചു. അക്കാലത്ത് അമേരിക്കൻ അസിസ്റ്റന്‍റ് ട്രഷററായിരുന്ന ജനറൽ ഡാനിയൽ ബട്ടർഫീൽഡ് സർക്കാരിന്‍റെ സ്വർണ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇവർക്ക് രഹസ്യമായി കൈമാറിയിരുന്നതായും ആരോപണമുണ്ട്.

ഈ നീക്കത്തെക്കുറിച്ച് അറിഞ്ഞ പ്രസിഡന്‍റ് ഗ്രാന്‍റ്, സർക്കാരിന്‍റെ കൈവശമുള്ള നാല് ദശലക്ഷം ഡോളർ മൂല്യമുള്ള സ്വർണം വിൽക്കാൻ ഉത്തരവിട്ടു. ഇതോടെ സ്വർണവില ഔൺസിന് 160 ഡോളറിൽ നിന്ന് 133 ഡോളറായി ഇടിഞ്ഞു. പിന്നാലെ സാമ്പത്തിക വിപണികളിൽ വലിയ പരിഭ്രാന്തിയുണ്ടായി. ഓഹരിവിപണിയിൽ ഏകദേശം 20 ശതമാനത്തിന്‍റെ ഇടിവുണ്ടായതായും ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിന്‍റെ റിപ്പോർട്ടിൽ പറയുന്നു. വിപണിയിലെ തകർച്ചയ്ക്ക് മുമ്പുതന്നെ ഗൗൾഡ് തന്‍റെ സ്വർണം വിറ്റ് രക്ഷപ്പെട്ടു. എന്നാൽ, പങ്കാളിയായ ഫിസ്കിനെ അറിയിക്കാതെ ഗൗൾഡ് തന്‍റെ കൈവശമുണ്ടായിരുന്ന സ്വർണം വിറ്റതോടെ ഫിസ്കിന് വലിയ നഷ്ടമുണ്ടായി.

പൊലീസിന്‍റെ തലവേദനയായി മാറിയ വെള്ളിയാഴ്ച

1950 -കളിൽ ഫിലാഡൽഫിയയിലാണ് 'ബ്ലാക്ക് ഫ്രൈഡേ' എന്ന പദത്തിന് മറ്റൊരു അർഥം ലഭിച്ചത്. താങ്ക്സ്‌ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ച നഗരത്തിലുണ്ടാകുന്ന തിരക്കിനെയും ബഹളങ്ങളെയും വിശേഷിപ്പിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ഈ പേര് ഉപയോഗിച്ച് തുടങ്ങിയത്. അമേരിക്കയിലെ പ്രശസ്തമായ ആർമി - നേവി ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നിരവധി വിനോദസഞ്ചാരികളും ഷോപ്പിംഗ് നടത്തുന്നവരും നഗരത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും കടകളിൽ വലിയ തിരക്കും അനുഭവപ്പെട്ടു.

ജനത്തിരക്ക് മുതലെടുത്ത് മോഷ്ടാക്കളും സജീവമായതോടെ പൊലീസിന്‍റെ ജോലിഭാരം വീണ്ടും വർധിച്ചു. 1961 ആയപ്പോഴേക്കും ബ്ലാക്ക് ഫ്രൈഡേ എന്ന പേര് വ്യാപകമായി പ്രചാരത്തിലായി. പേരിനുണ്ടായിരുന്ന നെഗറ്റീവ് പ്രതിച്ഛായ മാറ്റുന്നതിനായി പ്രാദേശിക അധികൃതരും വ്യാപാരികളും ചേർന്ന് ഈ ദിവസത്തെ 'ബിഗ് ഫ്രൈഡേ' എന്ന് പുനർനാമകരണം ചെയ്യാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. 1980 -കൾ വരെ പ്രധാനമായും ഫിലാഡൽഫിയയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഈ പേര് പിന്നീട് അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.

നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്കുള്ള മാറ്റം

1980 -കളുടെ അവസാനത്തോടെ വ്യാപാരികൾ ബ്ലാക്ക് ഫ്രൈഡേ എന്ന പേരിന് കൂടുതൽ പോസിറ്റീവായ ഒരു വ്യാഖ്യാനം നൽകിത്തുടങ്ങി. നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങൾ ലാഭത്തിലേക്ക് മാറുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്നായിരുന്നു അവർ പ്രചരിപ്പിച്ച വിശദീകരണം. താങ്ക്സ്‌ഗിവിങ്ങിന് ശേഷമുള്ള ദിവസങ്ങളിൽ ഉപഭോക്താക്കളുടെ എണ്ണവും വിൽപ്പനയും വർധിക്കുന്നതോടെ വ്യാപാരസ്ഥാപനങ്ങൾക്ക് വാർഷിക നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് മാറാൻ കഴിയുമെന്നതായിരുന്നു ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനം. വ്യാപാരികൾ പ്രചരിപ്പിച്ച ഈ പുതിയ വ്യാഖ്യാനം പിന്നീട് ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടി. അങ്ങനെ അമേരിക്കയിലെ പ്രധാന ഷോപ്പിംഗ് ദിനങ്ങളിലൊന്നായി ബ്ലാക്ക് ഫ്രൈഡേ മാറി. പിന്നീട് ഈ വിൽപ്പന ഒരു ദിവസത്തിൽ ഒതുങ്ങാതെ കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിച്ചു.