Alice Sebold : തന്റെ ബലാത്സം​ഗപരാതിയിൽ നിരപരാധി അകത്തുകിടന്നത് 16 വർഷം, മാപ്പ് പറഞ്ഞ് എഴുത്തുകാരി

By Web TeamFirst Published Dec 1, 2021, 4:05 PM IST
Highlights

ബ്രോഡ്‌വാട്ടറിൽ നിന്നുള്ള ഒരു പ്രസ്താവന, അദ്ദേഹത്തിന്റെ അഭിഭാഷകർ മുഖേന പുറത്തിറക്കിയിട്ടുണ്ട്. അതില്‍, 'അവര്‍ മാപ്പ് പറഞ്ഞതിൽ തനിക്ക് ആശ്വാസമുണ്ട്' എന്ന് അദ്ദേഹം പറയുന്നു. 

1981 -ൽ തന്നെ ബലാത്സംഗം(rape) ചെയ്തുവെന്ന് കാണിച്ച് അമേരിക്കൻ എഴുത്തുകാരിയായ അലീസ് സെബോള്‍ഡ്(Alice Sebold) നല്‍കിയ പരാതിയിലാണ് ആ യുവാവ് അറസ്റ്റിലായത്. എന്നാല്‍, 16 വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം അയാള്‍ നിരപരാധിയാണ് എന്ന് കാണിച്ച് കുറ്റവിമുക്തനാക്കപ്പെട്ടു. ഇതേ തുടര്‍ന്ന് അയാളോട് അലീസ് സെബോൾഡ് ക്ഷമാപണം നടത്തിയിരിക്കുകയാണ്. താന്‍ കാരണം നിരപരാധിയായ ഒരാള്‍ വെറുതെ ശിക്ഷിക്കപ്പെട്ടുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അലീസ് പറഞ്ഞിരിക്കുന്നത്. 

ഓർമ്മക്കുറിപ്പായ 'ലക്കി'യിൽ, അലീസ് സെബോൾഡ് താൻ ബലാത്സംഗം ചെയ്യപ്പെട്ടതായി വിവരിച്ചിരുന്നു. പിന്നീട് തെരുവിൽ ഒരു കറുത്ത മനുഷ്യനെ താൻ കണ്ടതായും അയാളാണ് തന്നെ ആക്രമിച്ചത് എന്ന് കരുതുന്നതായും അവര്‍ പൊലീസിനോട് പറയുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ആന്റണി ബ്രോഡ്‌വാട്ടർ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും 16 വർഷം ജയിലിൽ കഴിയുകയും ചെയ്തു. 

ബ്രോഡ്‌വാട്ടറിൽ നിന്നുള്ള ഒരു പ്രസ്താവന, അദ്ദേഹത്തിന്റെ അഭിഭാഷകർ മുഖേന പുറത്തിറക്കിയിട്ടുണ്ട്. അതില്‍, 'അവര്‍ മാപ്പ് പറഞ്ഞതിൽ തനിക്ക് ആശ്വാസമുണ്ട്' എന്ന് അദ്ദേഹം പറയുന്നു. അലീസിന്റെ ക്ഷമാപണ പ്രസ്താവനയിൽ അവര്‍ പറഞ്ഞു: 'നിങ്ങൾക്ക് നയിക്കാമായിരുന്ന ജീവിതം അന്യായമായി തട്ടിയെടുത്തതിൽ ഞാൻ ഖേദിക്കുന്നു, ഒരു ക്ഷമാപണത്തിനും നിങ്ങൾക്ക് സംഭവിച്ചത് മാറ്റാൻ കഴിയില്ലെന്നും ഒരിക്കലും മാറില്ലെന്നും എനിക്കറിയാം'.

ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയിൽ 18 വയസ്സുള്ള വിദ്യാർത്ഥിയായിരിക്കെ താൻ എങ്ങനെ ആക്രമിക്കപ്പെട്ടുവെന്ന് അലീസ് തന്റെ പുസ്തകത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ടായിരുന്നു. മാസങ്ങൾക്കുശേഷം, തെരുവിൽ കറുത്ത വർഗക്കാരനായ ഒരാളെ കണ്ടതായി അവൾ റിപ്പോർട്ടുചെയ്‌തു. അയാളാണ് തന്നെ അക്രമിച്ചതെന്ന് താന്‍ കരുതുന്നുവെന്നും പൊലീസിനോട് അവർ പറഞ്ഞു. ആ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രോഡ്‌വാട്ടറിനെ ഒരു ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചു. 

അറസ്റ്റിനുശേഷം, പൊലീസ് തിരിച്ചറിയൽ പരേഡിൽ ബ്രോട്ട്‍വാട്ടറിനെ തിരിച്ചറിയാന്‍ അലീസിനായില്ല. എങ്കിലും, ബ്രോഡ്‌വാട്ടറിനെ എങ്ങനെയും വിചാരണ ചെയ്യുകയും അവളാദ്യം പറഞ്ഞതിന്‍റെയും മറ്റും അടിസ്ഥാനത്തിൽ ശിക്ഷിക്കുകയും ചെയ്തു. 1998 -ൽ ജയിൽ മോചിതനായ ശേഷവും ബ്രോഡ്‌വാട്ടർ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ തുടർന്നു. കേസ് പുനഃപരിശോധിച്ചപ്പോൾ, തെളിവുകളുടെ അപര്യാപ്തതയും മറ്റും തിരിച്ചറിയാനാവുകയും നവംബർ 22 -ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു. ആ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ സന്തോഷം കൊണ്ടും ആശ്വാസം കൊണ്ടും കരയുകയായിരുന്നുവെന്ന് ബ്രോട്ട്‍വാട്ടര്‍ പറഞ്ഞു. 

ഇത് എങ്ങനെ സംഭവിച്ചുവെന്ന് മനസിലാക്കാൻ കഴിഞ്ഞ എട്ട് ദിവസമായി താൻ ശ്രമിച്ചുവെന്ന് മിസ് സെബോൾഡ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്‍തയാള്‍ പിന്നെയും സ്ത്രീകളെ ബലാത്സംഗം ചെയ്തിരിക്കാമെന്നും ബ്രോഡ്‍വാട്ടറിനെപ്പോലെ അയാള്‍ക്കൊരിക്കലും ജയിലില്‍ കഴിയേണ്ടി വന്നിരിക്കില്ലായെന്നുമുള്ള സത്യം മനസിലാക്കുന്നുവെന്നും എഴുത്തുകാരി പറഞ്ഞു. 

'ലക്കി' ഒരു മില്ല്യണിലധികം കോപ്പികൾ വിറ്റു, ഒരു എഴുത്തുകാരി എന്ന നിലയിൽ മിസ് സെബോൾഡിന്റെ കരിയർ ആരംഭിച്ചതവിടെ നിന്നുമാവണം. പീറ്റർ ജാക്‌സണിന്‍റെ ഓസ്‌കാറിന് നോമിനേറ്റ് ചെയ്‌ത ചിത്രമായി മാറിയ 'ദ ലവ്‌ലി ബോൺസ്' എഴുതിയതും അലീസ് സെബോൾഡാണ്.

click me!