TikTok : ശസ്ത്രക്രിയയ്ക്കിടെ വീഡിയോ പോസ്റ്റ് ചെയ്യാൻ പോയി, മേലാൽ ഓപ്പറേഷൻ നടത്തേണ്ടെന്ന് ഡോക്ടര്‍ക്ക് ഉത്തരവ്

By Web TeamFirst Published Dec 1, 2021, 3:08 PM IST
Highlights

എന്നാൽ, അന്ന് അയാൾ ശസ്ത്രക്രിയ പകർത്തുന്നതിന് പകരം, അത് പാതിവഴിയിൽ നിർത്തി സ്വന്തം നൃത്തം ഷൂട്ട് ചെയ്യാനാണ് പോയത്. എന്നാൽ ഇതുപോലുള്ള ചെറിയ നൃത്തവീഡിയോകൾ ചിത്രീകരിക്കാനായി അയാൾ ഇടയ്ക്കിടെ ജോലിയിൽ നിന്ന് ഇടവേളകൾ എടുക്കുമായിരുന്നു.  

ടിക് ടോക്കി(TikTok)നോടുള്ള അമിതാസക്തി ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്ത പ്ലാസ്റ്റിക് സർജന്റെ(Famous plastic surgeon) കരിയർ തന്നെ നശിപ്പിച്ചിരിക്കയാണ്. ടിക്ക്ടോ‍ക്കിൽ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഡോക്ടർ ഡാനിയൽ അരോനോവിനാണ് എട്ടിന്റെ പണി കിട്ടിയത്. നമ്മളിൽ പലരും ജോലിക്കിടയിലും മറ്റും ഇടക്കിടെ ഫേസ്ബുക്കും, ടിക്ക് ടോക്കും ഒക്കെ നോക്കുന്ന ശീലമുള്ളവരായിരിക്കും. അതുപോലെ സ്വന്തമായി ചാനൽ കൂടിയുള്ളവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. പുതിയ പുതിയ വിഡിയോകൾ പോസ്റ്റ് ചെയ്യാനും, എത്ര ലൈക്കുകൾ കിട്ടിയെന്ന് അറിയാനും നമ്മൾ ഇടക്കിടെ ചിലപ്പോൾ അത് തുറന്ന് നോക്കിയെന്നും വരാം. ഇതുപോലെ ഡാനിയലും, ഒരു ഡോക്ടറാണ് താനെന്നത് മറന്ന് കൂടുതൽ സമയവും ടിക്ക് ടോക്കിലായിരുന്നു ചിലവഴിച്ചിരുന്നത്.
 
ഒടുവിൽ രോഗികളെ ചികിത്സിക്കുന്നതിലും ശ്രദ്ധ അയാൾക്ക് ഇതിലായി തീർന്നു. ഒരു ദിവസം അയാൾ ശസ്ത്രക്രിയക്കിടെ ഒരു ബ്രേക്ക് എടുത്തു പുറത്ത് വന്നു. എന്തിനെന്നോ? ടിക്ക് ടോക്കിൽ ഒരു ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്യാൻ. ഇതോടെ ടിക് ടോക്ക് വീഡിയോകൾ ചിത്രീകരിക്കാനായി ശസ്ത്രക്രിയ പാതിവഴിയിൽ നിർത്തിയെന്ന് ഡോക്ടർക്കെതിരെ കടുത്ത ആരോപണമുയർന്നു. നിരവധി രോഗികൾ പരാതിയുമായി മുന്നോട്ട് വന്നു. ഒടുവിൽ ഇപ്പോൾ ഗവേണിംഗ് ഓർഗനൈസേഷനായ ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി (എഎച്ച്‌പിആർഎ) ഇനി മുതൽ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയകൾ നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരിക്കയാണ്.  

ഡാനിയൽ ശസ്ത്രക്രിയകളുടെ വീഡിയോകൾ TikTok-ൽ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്ലാസ്റ്റിക് സർജറികളെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ പോലും അയാൾ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ, അന്ന് അയാൾ ശസ്ത്രക്രിയ പകർത്തുന്നതിന് പകരം, അത് പാതിവഴിയിൽ നിർത്തി സ്വന്തം നൃത്തം ഷൂട്ട് ചെയ്യാനാണ് പോയത്. എന്നാൽ ഇതുപോലുള്ള ചെറിയ നൃത്തവീഡിയോകൾ ചിത്രീകരിക്കാനായി അയാൾ ഇടയ്ക്കിടെ ജോലിയിൽ നിന്ന് ഇടവേളകൾ എടുക്കുമായിരുന്നു.  

പലരും അതിനെതിരെ കണ്ണടച്ചെങ്കിലും, ജാക്കി എന്ന രോഗിയ്ക്ക് ഇത് പൊറുക്കാനായില്ല. മുഖത്തെ ചുളിവുകൾ മാറ്റുന്നതിനായി ഡാനിയലിന്റെ അടുത്ത് പോയ അവൾക്ക് വേദനയും താടിയിൽ ഒരു മുഴയുമാണ് ബാക്കിയായത്. എ കറന്റ് അഫയറിന് നൽകിയ അഭിമുഖത്തിൽ, ഡാനിയൽ ശസ്ത്രക്രിയക്കിടെ പലപ്പോഴും ഫോണെടുത്ത് തന്റെ വീഡിയോകൾ പരിശോധിക്കുന്നുണ്ടായിരുന്നുവെന്ന് രോഗി പറഞ്ഞു. വർഷങ്ങളായി അയാൾ ഇത് തുടരുകയായിരുന്നെന്നും, എന്നിട്ടും അയാൾക്കെതിരെ നടപടി എടുക്കാൻ വൈകിയെന്നതിൽ അമർഷമുണ്ടെന്നും അവൾ പറഞ്ഞു. തന്റെ സമ്മതമില്ലാതെ തന്റെ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ ഡാനിയൽ പങ്കിട്ടുവെന്ന് മറ്റൊരു സ്ത്രീയും അവകാശപ്പെട്ടു.

ഡാനിയലിന്റെ ലിപ്പോസക്ഷൻ പ്രക്രിയയ്ക്ക് ശേഷം തന്റെ വയറ്റിൽ ഒരു മുഴ അവശേഷിച്ചതായി മറ്റൊരു രോഗി പരാതിപ്പെട്ടു. ഈ സംഭവങ്ങളെല്ലാം പുറത്തുവന്നതോടെ AHPRA ഡാനിയലിനെതിരെ തിരിഞ്ഞു. ഇനി മുതൽ അയാൾക്ക് ഒരു ജനറൽ പ്രാക്ടീഷണറായി മാത്രമേ രോഗികളെ ചികിത്സിക്കാൻ കഴിയൂ, അതും കർശനമായ മേൽനോട്ടത്തിൻ കീഴെ മാത്രം. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അയാൾ പോസ്റ്റ് ചെയ്ത എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യാനും അവർ ഉത്തരവിട്ടു.  

click me!