
ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ പലപ്പോഴും ഇവിടെ നിന്നും വീഡിയോ ഷെയർ ചെയ്യാറുണ്ട്. ഇന്ത്യയിൽ കാണുന്ന കാഴ്ചകളും മറ്റുമാണ് വീഡിയോയിൽ ഉണ്ടാവാറ്. നെഗറ്റീവ് വീഡിയോ ഷെയർ ചെയ്യുന്നവരുണ്ടെങ്കിലും നല്ലനല്ല കാര്യങ്ങൾ ഷെയർ ചെയ്യുന്നവരും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ഗുഡ്ഗാവിലെ ആഡംബര സൈബർ ഹബ്ബിനെക്കുറിച്ചാണ് അമേരിക്കയിൽ നിന്നുള്ള ഈ സഞ്ചാരി വീഡിയോയിൽ പറയുന്നത്. 'വാൻ ബോയ്‌സ്' എന്ന യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരിക്കുന്ന ദൃശ്യങ്ങളിൽ, മോഡേൺ ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളെയും റെസ്റ്റോറന്റുകളെയും കുറിച്ച് യാത്രക്കാരൻ പുകഴ്ത്തി പറയുന്നത് കേൾക്കാം. അവ അമേരിക്കയിലേതിനേക്കാൾ മികച്ചതാണ് എന്നാണ് യുവാവിന്റെ അഭിപ്രായം.
സൈബർ ഹബ്ബിനെ യുഎസിലെ പ്രധാന നഗരങ്ങളുമായിട്ടും യുവാവ് താരതമ്യം ചെയ്യുന്നുണ്ട്. എത്രമാത്രം മോഡേൺ ആണെന്നും സൗകര്യങ്ങളുള്ളതാണ് ഇതെന്നുമാണ് യുവാവിന്റെ ആശ്ചര്യം. ഗുഡ്ഗാവിലെ അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും എല്ലാം യുവാവിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില്ലീസ് പോലുള്ള ഇന്റർനാഷണൽ ബ്രാൻഡുകളുടെ സാന്നിധ്യത്തെ കുറിച്ചും യുവാവ് പറയുന്നു.
ഇന്ത്യയിൽ മുഴുവനും ചേരികളും, ആൾക്കൂട്ടവും, മാലിന്യം നിറഞ്ഞതുമൊന്നുമല്ല. കുറച്ച് വായു മലിനീകരണമുണ്ട്, പക്ഷേ ഇത്തരം കാവ്ചകളുമുണ്ട്. അവർക്ക് ചില്ലീസ് ഉണ്ട്, നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം ഉണ്ട് എന്നും യുവാവ് പറയുന്നു. ഇന്ത്യയിൽ സാധാരണ വിദേശികൾ പറയാറുള്ളത് പോലെയുള്ള കാഴ്ചകൾ മാത്രമല്ല. ഇത്തരത്തിലുള്ള നല്ല കാഴ്ചകളും ഉണ്ട് എന്നാണ് യുവാവ് തന്റെ വീഡിയോയിൽ വിശദീകരിക്കുന്നത്.
മിയാമിയേക്കാൾ മികച്ച ഷോപ്പിംഗ് ഔട്ട്‍ലെറ്റുകളാണ് ഇവിടെയുള്ളത് എന്നാണ് യുവാവ് തന്റെ വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഇന്ത്യ സന്ദർശിച്ചത് നല്ല അനുഭവമാണ് എന്ന് പറഞ്ഞവരുണ്ട്. അതുപോലെ, ഇന്ത്യയിലെ കാണാൻ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ യുവാവിനെ ക്ഷണിച്ചവരും ഒരുപാടുണ്ട്.