
ലോണാവാലയിലെ ബുഷി അണക്കെട്ട് ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. എല്ലാ വർഷവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. നീരൊഴുക്കുകളും, മഴവെള്ളം നിറഞ്ഞൊഴുകുന്ന പടിക്കെട്ടുകളും, ചുറ്റുമുള്ള മനോഹരമായ കാഴ്ചകളുമെല്ലാം ഇവിടേക്ക് ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ, അടുത്തിടെ ഇവിടെ നിന്നും ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ അസ്വസ്ഥരാക്കുന്നത്. വലിയ വിമർശനമാണ് വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരാൾ ഇവിടെ വെള്ളത്തിൽ നീന്തുന്നതാണ്. എന്നാൽ, അതേസമയത്ത് തന്നെ മറ്റൊരാൾ അവിടെ നിന്നും അധികം ദൂരെയല്ലാതെ നിന്ന് മൂത്രമൊഴിക്കുന്നതും വീഡിയോയിൽ കാണാം. അവിടെയുണ്ടായിരുന്ന മറ്റൊരു സന്ദർശകനാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ ശുചിത്വത്തെ കുറിച്ചും പൊതുസ്ഥലത്ത് പെരുമാറേണ്ടുന്ന രീതികളെ കുറിച്ചുമുള്ള ചർച്ചകളാണ് ഉയരുന്നത്.
'പൗരബോധം ഒട്ടുമില്ല! ഒരാൾ അരുവിയിൽ കുളിക്കുന്നത് ആസ്വദിക്കുമ്പോൾ മറ്റൊരാൾ അതിലേക്ക് മൂത്രമൊഴിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ കുളങ്ങളിലും ഇത്തരം അരുവികളിലും പോകുന്നത് നിർത്തിയത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. വീഡിയോയിൽ കാണുന്ന അരുവിയിൽ മൂത്രമൊഴിക്കുന്ന യുവാവിന് നേരെ വലിയ വിമർശനം തന്നെ കമന്റ് ബോക്സുകളിൽ കാണാം. ഇയാൾക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും ഇത്തരം സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ വയ്ക്കണമെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
'ഈ നാട്ടിലെ എല്ലാവരെയും എല്ലാം പഠിപ്പിക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ നമ്മളെ മൂന്നാം ലോക രാജ്യമാക്കി മാറ്റുകയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത് ശരിക്കും അസ്വസ്ഥതയും നിരാശയും നൽകുന്ന കാര്യമാണ്' എന്നും പലരും അഭിപ്രായപ്പെട്ടു.