'തേപ്പ് കിട്ടിയ' പ്രണയമുണ്ടോ? മൃഗങ്ങളുടെ വിസർജ്യത്തിന് പേര് നൽകാം; വാലന്‍റൈൻസ് ദിന പദ്ധതിയുമായി അമേരിക്കൻ സൂ

Published : Feb 11, 2026, 03:37 PM IST
Animal dung

Synopsis

വാലന്‍റൈൻസ് ദിനത്തിൽ, യുഎസിലെ ചില മൃഗശാലകൾ പ്രണയപ്പക തീർക്കാൻ ഒരു വിചിത്ര അവസരം നൽകുന്നു. ഒരു ചെറിയ തുക നൽകി നിങ്ങൾ വെറുക്കുന്ന വ്യക്തിയുടെ പേര് മൃഗങ്ങളുടെ വിസർജ്യത്തിന് നൽകാം. ഇതിലൂടെ ലഭിക്കുന്ന വരുമാനം മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

 

വാലന്‍റൈൻസ് ദിനത്തിൽ പ്രണയപ്പക തീർക്കാൻ ആഗ്രഹിക്കുന്നവർക്കായി വിചിത്രവും എന്നാൽ, രസകരവുമായ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് അമേരിക്കയിലെ ചില മൃഗശാലകൾ. ജീവിതത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയുടെ പേര് മൃഗങ്ങളുടെ വിസർജ്യത്തിന് നൽകാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഡോളേഴ്സ് ഫോർ ഡങ്

അമേരിക്കയിലെ മേരിലാൻഡ് മൃഗശാലയാണ് "ഡോളേഴ്സ് ഫോർ ഡങ്" എന്ന പേരിൽ ഈ ധനസമാഹരണ പദ്ധതി അവതരിപ്പിച്ചത്. വെറും 5 ഡോളർ (ഏകദേശം 415 രൂപ) നൽകിയാൽ മൃഗശാലയിലെ ഒരു കൂമ്പാരം വിസർജ്യത്തിന് നിങ്ങളുടെ 'എക്സി'ന്‍റെ (Ex) പേര് നൽകാം. പേരിട്ട് കഴിഞ്ഞാൽ ഇതിന്‍റെ സ്മരണയ്ക്കായി മൃഗശാല അധികൃതർ നിങ്ങൾക്ക് ഒരു ഡിജിറ്റൽ പിഡിഎഫ് സർട്ടിഫിക്കറ്റ് അയച്ചു തരും.

വരുമാനം സംരക്ഷണത്തിന്

തമാശയ്ക്ക് അപ്പുറം, ഇതിലൂടെ ലഭിക്കുന്ന തുക മൃഗശാലയിലെ വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കൻ പെൻഗ്വിനുകൾ, ഗോൾഡൻ ഫ്രോഗ്സ് തുടങ്ങിയ ജീവികളുടെ സംരക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയിലൂടെ 10,000 ഡോളറോളം സമാഹരിക്കാൻ മൃഗശാലയ്ക്ക് കഴിഞ്ഞിരുന്നു.

പേരിടാം വീഡിയോയ്ക്കും

ടെന്നസിയിലെ മെംഫിസ് സൂവും (Memphis Zoo) സമാനമായ മറ്റൊരു പദ്ധതിയുമായി രംഗത്തുണ്ട്. 10 ഡോളർ നൽകുന്നവർക്ക് രണ്ട് തരം വീഡിയോകൾ തെരഞ്ഞെടുക്കാം: ഒന്ന്, മുന്തിരി കഴിക്കുന്ന ക്യൂട്ട് ആയ ഒരു റെഡ് പാണ്ഡയുടെ വീഡിയോ. രണ്ട്, ആന വിസർജിക്കുന്നതിന്‍റെ (Elephant pooping) തമാശ നിറഞ്ഞ വീഡിയോ. ഈ പദ്ധതി മുൻ കാമുകീ - കാമുകന്മാർക്ക് വേണ്ടി മാത്രമല്ലെന്നാണ് മെംഫിസ് സൂ അധികൃതർ വ്യക്തമാക്കുന്നത്. "അത് ചിലപ്പോൾ നിങ്ങളെ ശല്യം ചെയ്യുന്ന അയൽവാസിയാകാം, അമിതമായി ഇടപെടുന്ന അമ്മായിയമ്മയാകാം, അല്ലെങ്കിൽ ഇപ്പോഴും നിങ്ങളെ ഭയപ്പെടുത്തുന്ന സഹപ്രവർത്തകനാകാം. ഈ വാലന്‍റൈൻസ് ദിനത്തിൽ, ഒരു 'വേസ്റ്റ്' വ്യക്തിക്ക് വേണ്ടി ആനയുടെ വിസർജ്യത്തിന് അവരുടെ പേര് നൽകാം!" എന്നാണ് മൃഗശാല അധികൃതർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. അതായത്, മുൻ കാമുകീ - കാമുകന്മാർക്ക് മാത്രമല്ല, ജീവിതത്തിൽ നിങ്ങൾ വെറുക്കുന്ന ആർക്കെതിരെയും 'മധുരപ്രതികാരം' വീട്ടാൻ മൃഗശാല അവസരം നൽകുന്നുണ്ടെന്ന് സാരം 'പേരിടൽ' ചടങ്ങിന് ശേഷം ഈ വീഡിയോയോ സർട്ടിഫിക്കറ്റോ നേരിട്ട് ആ വ്യക്തിക്ക് അയച്ചു കൊടുക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും സാധിക്കും.

 

PREV
Read more Articles on
click me!

Recommended Stories

പാവകളെ സ്വന്തം മക്കളായി വളർത്തുന്ന യുവതലമുറ; ചൈനയിൽ പുതിയ തരംഗം
എഐ കാരിക്കേച്ചർ വരച്ച് കഴിഞ്ഞോ? എങ്കിൽ, പതിയിരിക്കുന്ന അപകടം കൂടി അറിഞ്ഞിരിക്കണമെന്ന് വിദഗ്ദർ