ജപ്പാനിൽ വൈറൽ കുരങ്ങിന്റെ കൂട്ടിൽ ചാടിക്കയറി അമേരിക്കൻ യുവാക്കൾ, അറസ്റ്റ്

Published : May 19, 2026, 02:41 PM IST
Punch the monkey's zoo enclosure

Synopsis

ജപ്പാനിലെ ഇച്ചികാവ മൃഗശാലയിൽ, വൈറൽ കുരങ്ങായ 'പഞ്ചി'ന്റെ കൂട്ടിൽ അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ അറസ്റ്റിലായി. ഒരാൾ മുഖംമൂടി ധരിച്ച് കൂട്ടിൽ പ്രവേശിക്കുകയും സുഹൃത്ത് അത് വീഡിയോ എടുക്കുകയുമായിരുന്നു. 

നവമാധ്യമങ്ങളിൽ തരംഗമായി മാറിയ 'പഞ്ച്' എന്ന കുട്ടിക്കുരങ്ങന്റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ യുവാക്കൾ ജപ്പാനിൽ അറസ്റ്റിലായി. ടോക്കിയോയിലെ ചിബയിലെ ഇച്ചികാവ സിറ്റി മൃഗശാലയിലാണ് സംഭവം. 24 കാരനായ റെയ്ഡ് ജഹാനായി ഡേസൺ വേലിക്കെട്ട് ചാടിക്കടന്ന് കൂട്ടിൽ പ്രവേശിക്കുകയായിരുന്നു, സുഹൃത്തായ നീൽ ജബഹ്രി ഡുവാൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഇവരെ നിലവിൽ ജാപ്പനീസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നീല നിറത്തിലുള്ള സ്യൂട്ടും ചിരിക്കുന്ന ഇമോജി മുഖംമൂടിയും ധരിച്ചാണ് ഡേസൺ കൂട്ടിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിപ്റ്റോകറൻസിയിലെ 'മീംകോയിൻ' (memecoin) പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്ന ഇമോജിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇയാളുടെ വേഷം. കയ്യിൽ ഒരു പാവയും കരുതിയിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ പിടികൂടിയതിനാൽ പഞ്ചിനോ മറ്റ് കുരങ്ങുകൾക്കോ അടുത്തേക്ക് പോകാൻ ഇവർക്ക് സാധിച്ചില്ല.

സംഭവത്തിൽ മൃഗശാല അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. മൃഗശാലയുടെ പ്രവർത്തനങ്ങളെ ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ യുവാക്കൾ ഈ കുറ്റം നിഷേധിച്ചു.

'മൃഗശാലയിലെ കുരങ്ങുകളുടെ കൂട്ടിൽ ഇന്നലെയുണ്ടായ അതിക്രമത്തിൽ ഖേദിക്കുന്നു. മൃഗങ്ങൾക്ക് യാതൊരുവിധ പരിക്കുകളോ മറ്റ് അസ്വാഭാവികതകളോ സംഭവിച്ചിട്ടില്ല. ഞങ്ങൾ ഇച്ചികാവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മൃഗങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കും മുൻഗണന. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും' മൃഗശാല അധികൃതർ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

പഞ്ച്

അമ്മ കുരങ്ങൻ ഉപേക്ഷിച്ചതിനെ തുടർന്ന് മൃഗശാല അധികൃതർ നൽകിയ ഒറംഗുട്ടാൻ പാവ കെട്ടിപ്പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ചിത്രങ്ങൾ ഫെബ്രുവരിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മറ്റ് കുരങ്ങുകൾ അവനെ കൂട്ടത്തിൽ കൂട്ടാതിരിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതോടെയാണ് മൃഗശാല ജീവനക്കാർ അവന് പാവയെ നൽകിയത്.

പഞ്ചിന്റെ കഥ ലോകമെമ്പാടും വൈറലായതോടെ ഈ കുട്ടി മക്കാക്ക് (macaque) കുരങ്ങനെ കാണാൻ വിദേശത്തുനിന്നുൾപ്പെടെ വൻ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, പഞ്ച് മറ്റ് കുരങ്ങുകളാൽ ആക്രമിക്കപ്പെടുന്നു എന്ന തരത്തിലുള്ള വാർത്തകൾ മൃഗശാല അധികൃതർ നിഷേധിച്ചു. കുരങ്ങുകൾക്കിടയിൽ കർശനമായ ഒരു സാമൂഹിക ശ്രേണി നിലനിൽക്കുന്നുണ്ടെന്നും, കൂട്ടത്തിലെ മുൻനിരക്കാർ മറ്റുള്ളവരെ നിയന്ത്രിക്കാൻ ഇത്തരം പെരുമാറ്റങ്ങൾ കാണിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

'ഞങ്ങളെപ്പോലുള്ളവരെ കുറിച്ച് ആരോർക്കാനാണ്'; റാപ്പിഡോ ഡ്രൈവര്‍ക്ക് സോഫ്റ്റ് ഡ്രിങ്ക് നൽകി യുവതി, പോസ്റ്റ്
4 വർഷമായി വിദേശത്തുനിന്നും ഇന്ത്യയിൽ തിരിച്ചെത്തിയിട്ട്, ഇനിയും പൊരുത്തപ്പെടാനായിട്ടില്ല; അനുഭവം പങ്കുവെച്ച് യുവാവ്