സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായിരുന്നു സോഫിയയുടെ ആഗ്രഹം. പക്ഷേ ജോലിയിൽ പ്രവേശിച്ചതോടെ,സ്വന്തമായി ബിസിനസുണ്ടാക്കാൻ ഈ ജോലി തന്നെ പഠിപ്പിക്കില്ലെന്ന് സോഫിയയ്ക്ക് ബോധ്യപ്പെട്ടു.
മോർഗൻ സ്റ്റാൻലിയിലെ ആരും കൊതിക്കുന്ന, ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫാഷൻ ടെക് സ്റ്റാർട്ടപ്പിലേക്ക് തിരിഞ്ഞ സോഫിയ ജിയാങ് എന്ന 23 -കാരിയുടെ അനുഭവമാണിത്. നല്ല ശമ്പളമുള്ള ജോലിയുപേക്ഷിച്ച് ഏറെ ഇഷ്ടമുള്ളതെങ്കിലും മറ്റൊരു മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്നത് അല്പം റിസ്കാണല്ലേ? എന്നാൽ, റിസ്കെടുക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത് എന്നാണല്ലോ? ജോലിക്ക് കയറി വെറും നാലു മാസത്തിനകമാണ് യുവതി ഫാഷൻ ടെക് സ്റ്റാർട്ടപ്പിലേക്ക് തിരിഞ്ഞത്.
ജോജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസും ഗ്ലോബൽ അഫയേഴ്സും പഠിച്ചിറങ്ങിയ സോഫിയയെ ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗായിരുന്നു ആകർഷിച്ചത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ മോർഗൻ സ്റ്റാൻലിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയും ബിരുദപഠനത്തിനു മുൻപ് തന്നെ അവിടെ ഫുൾടൈം ജോലി നേടുകയും ചെയ്തു. എന്നാൽ, സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായിരുന്നു സോഫിയയുടെ ആഗ്രഹം. പക്ഷേ ജോലിയിൽ പ്രവേശിച്ചതോടെ,സ്വന്തമായി ബിസിനസുണ്ടാക്കാൻ ഈ ജോലി തന്നെ പഠിപ്പിക്കില്ലെന്ന് സോഫിയയ്ക്ക് ബോധ്യപ്പെട്ടു.
മോർഗൻ സ്റ്റാൻലി വിടാൻ കാരണം?
അതിനിടെ ഇന്റേൺഷിപ്പ് കാലത്താണ് സോഫിയയിൽ ഒരു ബിസിനസ് എന്ന ആശയം ഉണ്ടാകുന്നത്. സ്റ്റൈലിഷും എന്നാൽ ഡ്രൈ ക്ലീനിങ് ആവശ്യമില്ലാത്തതുമായ, താങ്ങാനാവുന്ന വിലയിലുള്ള വസ്ത്രങ്ങൾ കണ്ടെത്താൻ അവർ ബുദ്ധിമുട്ടിയിരുന്നു. ഈ അനുഭവമാണ് 'SofSet' എന്ന സ്വന്തമായൊരു ഡ്രസ് ബ്രാൻഡെന്ന ആശയത്തിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം തന്നെ ജോർജ്ടൗണിലെ വിദ്യാർത്ഥി ജീവിതവും പിന്നീട് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിലെ അനുഭവങ്ങളുമെല്ലാം ടിക്ടോക്കിൽ പങ്കുവെക്കാനും തുടങ്ങി. ഈ വീഡിയോകളിൽ ചിലതെല്ലാം നന്നായി ശ്രദ്ധിക്കപ്പെട്ടു. ഫോളോവേഴ്സ് കൂടി.
കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത ഒരു ജോലി ഉപേക്ഷിക്കുന്നത് മണ്ടത്തരവും വലിയ റിസ്കുമാണെന്ന് തോന്നിയതായി സോഫിയ പറയുന്നു. അതേസമയം, വർഷങ്ങളോളം അവിടെ തുടർന്നാൽ കരിയർ മാറ്റുക കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് സോഫിയ ഭയന്നു. അങ്ങനെ സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം സ്വന്തം ആഗ്രഹങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
അടുത്ത ജോലി
ബാങ്കിംഗിന് പുറത്തും സോഫിയ ബന്ധങ്ങളുണ്ടാക്കിയിരുന്നു. ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ച സമയത്ത്, ഫൗണ്ടറായ സുഹൃത്ത് ചെറിയൊരു വെഞ്ച്വർ ക്യാപിറ്റൽ ബാക്ക്ഡ് സ്റ്റാർട്ടപ്പിൽ മാർക്കറ്റിംഗ് റോൾ വാഗ്ദാനം ചെയ്തു. മൂന്നോ നാലോ മാസം അവിടെ ജോലി ചെയ്തു. ചെറിയൊരു ടീമിനൊപ്പം പ്രവർത്തിക്കാനും മാർക്കറ്റിംഗ്, ബ്രാൻഡ് ബിൽഡിംഗ് എന്നിവയിൽ അനുഭവം നേടാനും ഈ അവസരം സഹായിച്ചു.
തുടർന്ന് ഫാഷൻ ടെക് ഇൻഡസ്ട്രിയിലെ ജീവനക്കാർ, റിക്രൂട്ടർമാർ, സിഇഒമാർ, നിക്ഷേപകർ എന്നിവർക്ക് തുടർച്ചയായി കോൾഡ് ഇമെയിലുകൾ അയച്ചു. ഒന്നോ രണ്ടോ വാചകങ്ങളിൽ തന്റെ പശ്ചാത്തലം വിശദീകരിക്കുകയും തന്റെ കഴിവെന്താണ് എന്നും വ്യക്തമാക്കുകയാണ് ചെയ്തത്. ഈ ഇമെയിലുകളിൽ ഒന്ന് ഫാഷൻ ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ എച്ച്ആർ ടീമുമായുള്ള പരിചയത്തിലെത്തി. അത് കമ്പനിയുടെ സിഇഒയുമായി ബന്ധപ്പെടാൻ വഴിയൊരുക്കുകയും ഒടുവിൽ അവർക്ക് ജോലി ലഭിക്കുകയും ചെയ്തു.
നിലവിൽ ഫുൾടൈമായി ഫാഷൻ ടെക് രംഗത്ത് ജോലി ചെയ്യുന്ന സോഫിയ, ഒപ്പം സ്വന്തം ബ്രാൻഡായ SofSet ഉം വളർത്തിയെടുക്കുന്നുണ്ട്. എന്നാൽ, മോർഗൻ സ്റ്റാലിയിലെ ശമ്പളം $110,000 (1,05,24,970) ആയിരുന്നു. ഇപ്പോൾ കിട്ടുന്ന ശമ്പളം വളരെ കുറവാണ്. എങ്കിലും താൻ ആഗ്രഹിക്കുന്ന കരിയറും ബിസിനസും കെട്ടിപ്പടുക്കാൻ ഈ അനുഭവം സഹായിക്കുമെന്നാണ് സോഫിയയുടെ വിശ്വാസം.
