മുതിർന്ന ഒരാളെന്ന നിലയിൽ സ്വന്തം വ്യക്തിത്വവും കഴിവും തെളിയിക്കേണ്ട ആദ്യ പടിയായാണ് സാധാരണയായി തൊഴിൽ അഭിമുഖങ്ങളെ കണക്കാക്കാറുള്ളത്. എന്നാൽ ഇന്നത്തെ 'ജെൻ സി' തലമുറയിൽ പെട്ട പല ഉദ്യോഗാർത്ഥികളും ഈ പടിവാതിൽ കടക്കുന്നത് തനിച്ചല്ല. കരിയർ പ്ലാറ്റ്‌ഫോമായ ‘സെറ്റി’ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം..
സാധാരണഗതിയിൽ ഒരാൾ മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നാണ് അയാളുടെ ആദ്യത്തെ ജോലി ഇന്റർവ്യൂ. തനിച്ച് പോയി അപരിചിതരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി, സ്വന്തം കഴിവ് തെളിയിക്കേണ്ട ഇടം. എന്നാൽ ജെൻ സി ഉദ്യോഗാർത്ഥികൾക്കിടയിൽ ഈ പതിവ് മാറുകയാണ്. ഇന്നത്തെ തൊഴിൽ വിപണിയിലെ കടുത്ത മത്സരവും സമ്മർദ്ദവും കാരണം, ഇന്റർവ്യൂ ഹാളിലേക്ക് മാതാപിതാക്കളെയും കൂടെക്കൂട്ടുന്ന പുതിയൊരു രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. കരിയർ പ്ലാറ്റ്‌ഫോമായ 'സെറ്റി' (Zety) നടത്തിയ പുതിയ പഠനം ഈ ട്രെൻഡിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവിടുന്നത്.
ഇന്റർവ്യൂ ഹാളിൽ 'അമ്മയും അച്ഛനും'
പഠനമനുസരിച്ച്, അഞ്ചിൽ ഒന്ന് ജെൻ സി ഉദ്യോഗാർത്ഥികളും തങ്ങളുടെ മാതാപിതാക്കളെ ഇന്റർവ്യൂ പ്രക്രിയയിൽ നേരിട്ട് പങ്കെടുപ്പിക്കുന്നുണ്ട്. വെറുമൊരു ഉപദേശത്തിൽ ഒതുങ്ങുന്നതല്ല ഈ സഹായം. പലപ്പോഴും മാതാപിതാക്കൾ ഉദ്യോഗാർത്ഥിക്ക് വേണ്ടി നേരിട്ട് റിക്രൂട്ടർമാരെ ബന്ധപ്പെടുകയും അപേക്ഷകളുടെ പുരോഗതിയെക്കുറിച്ച് ഇമെയിൽ അയക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യുന്നു. ഓഫർ ലഭിച്ചു കഴിഞ്ഞാലുള്ള കാര്യത്തിലും മാറ്റമില്ല. പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും ശമ്പള ചർച്ചകൾക്ക് മാതാപിതാക്കളുടെ സഹായം തേടുന്നു. അതിലുപരി പത്ത് ശതമാനം പേരുടെ കാര്യത്തിൽ മാതാപിതാക്കൾ നേരിട്ടാണ് ശമ്പളം തീരുമാനിക്കാൻ തൊഴിലുടമയുമായി സംസാരിക്കുന്നത്. ജോലി ലഭിച്ചതിന് ശേഷം പോലും, 56 ശതമാനം യുവജീവനക്കാരുടെയും മാതാപിതാക്കൾ ഔദ്യോഗിക പരിപാടികൾക്ക് അല്ലാതെ തന്നെ അവരുടെ ഓഫീസ് സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
എന്തുകൊണ്ട് ഇങ്ങനെയൊരു മാറ്റം?
യുവതലമുറ നേരിടുന്ന കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പഠനം കഴിഞ്ഞിട്ടും ജോലിയിലോ ഉപരിപഠനത്തിലോ ഏർപ്പെടാത്ത 'നീറ്റ്' (NEET - Not in Education, Employment, or Training) വിഭാഗത്തിലുള്ളവരുടെ എണ്ണം റെക്കോർഡ് വർദ്ധനവിലാണ്. ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ, മാതാപിതാക്കളുടെ സാന്നിധ്യം തങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുവെന്നാണ് പല ഉദ്യോഗാർത്ഥികളും കരുതുന്നത്. തനിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ, ഏറ്റവും അടുത്ത സുഹൃത്തുക്കളായും വഴികാട്ടികളായും മാതാപിതാക്കളെ കാണുന്ന ഒരു തലമുറയാണിത്.
തൊഴിലുടമകൾക്ക് ഇതൊരു 'റെഡ് ഫ്ലാഗ്'
എന്നാൽ ഉദ്യോഗാർത്ഥികൾ സഹായമായി കാണുന്ന ഈ പ്രവണതയെ തൊഴിലുടമകൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പ്രശസ്ത നിക്ഷേപകനും ടെലിവിഷൻ താരവുമായ കെവിൻ ഒ ലിയറി (Kevin O'Leary) ഈ ട്രെൻഡിനെ വിമർശിച്ചു. മാതാപിതാക്കളെ ഇന്റർവ്യൂവിന് കൂടെ കൊണ്ടുവരുന്നത് ഒരു 'ഹൊറിഫിക് സിഗ്നൽ' ആണെന്ന് അദ്ദേഹം പറയുന്നു. സ്വന്തമായി ഒരു ഇന്റർവ്യൂ നേരിടാൻ കഴിയാത്തവർ എങ്ങനെ കമ്പനിയുടെ ക്ലയന്റ് മീറ്റിംഗുകളും പ്രസന്റേഷനുകളും കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. ഇത്തരക്കാരുടെ റെസ്യൂമെകൾ താൻ ഉടൻ തന്നെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയും, ആശയവിനിമയവും അളക്കുന്ന ഇടമാണ് ഇന്റർവ്യൂ. അവിടെ മാതാപിതാക്കളുടെ സാന്നിധ്യം ഉദ്യോഗാർത്ഥിയുടെ ആത്മവിശ്വാസക്കുറവായാണ് റിക്രൂട്ടർമാർ വിലയിരുത്തുന്നത്.
സഹായം എവിടെയാണ് അപകടമാകുന്നത്?
റെസ്യൂമെ തയ്യാറാക്കാൻ സഹായിക്കുന്നതോ കരിയർ ഉപദേശങ്ങൾ നൽകുന്നതോ സ്വാഗതാർഹമാണ്. എന്നാൽ അത് നേരിട്ടുള്ള ഇടപെടലിലേക്ക് മാറുമ്പോൾ ഉദ്യോഗാർത്ഥിയുടെ കരിയറിനെ അത് ദോഷകരമായി ബാധിക്കും. 70 ശതമാനം ജെൻ സികളും തങ്ങളുടെ മാതാപിതാക്കളിൽ നിന്ന് കരിയർ ഉപദേശങ്ങൾ തേടുന്നുണ്ട്. ഇത് കുടുംബബന്ധങ്ങളുടെ ആഴം കാണിക്കുന്നുണ്ടെങ്കിലും, തൊഴിലിടങ്ങളിൽ പ്രൊഫഷണലിസം നിലനിർത്താൻ യുവതലമുറ സ്വയം പ്രാപ്തരാകേണ്ടതുണ്ട്.
ചുരുക്കത്തിൽ, 2026-ലെ തൊഴിൽ വിപണിയിൽ വിജയിക്കാൻ സർട്ടിഫിക്കറ്റുകൾക്കൊപ്പം തന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള ആർജ്ജവം കൂടി ഉദ്യോഗാർത്ഥികൾ കാണിക്കേണ്ടി വരും. മാതാപിതാക്കളുടെ പിന്തുണ തണലാകേണ്ടതാണ്, അല്ലാതെ അത് നിങ്ങളുടെ സ്വതന്ത്രമായ വളർച്ചയെ തടയുന്ന ഒന്നാകരുത്.


