യുക്രൈന്‍ യുദ്ധത്തില്‍ പുതിയ നിലപാട്, റഷ്യയെ പിന്താങ്ങി മെര്‍ക്കല്‍, യൂറോപ്പില്‍ പുതിയ ചര്‍ച്ച

Published : Oct 10, 2022, 05:21 PM IST
യുക്രൈന്‍ യുദ്ധത്തില്‍ പുതിയ നിലപാട്, റഷ്യയെ പിന്താങ്ങി മെര്‍ക്കല്‍, യൂറോപ്പില്‍ പുതിയ ചര്‍ച്ച

Synopsis

ഭരിക്കുന്ന  സമയത്തും പുട്ടിനോടും റഷ്യയോടും ഉള്ള മൃദുസമീപനം  ആഞ്ചല പ്രകടിപ്പിച്ചിട്ടുണ്ട്,  വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.   2008-ല്‍ യുക്രൈയ്ന്‍ നാറ്റോയില്‍ ചേരുന്നത്  ജര്‍മനി എതിര്‍ത്തിരുന്നു. കാരണമായി പറഞ്ഞത് യുക്രൈയ്ന്‍ പാകപ്പെട്ടിട്ടില്ല എന്നായിരുന്നു.

റഷ്യയെ കൂടി ഉള്‍പ്പെടുത്തിയാലേ യൂറോപ്പില്‍  സുസ്ഥിര സമാധാനം കൊണ്ടു വരാന്‍ കഴിയൂ എന്നാണ് അവര്‍ പറഞ്ഞത്. റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈയ്‌ന് ഒപ്പം ആണെങ്കിലും പടിഞ്ഞാറന്‍ നാടുകള്‍ എല്ലാം യൂറോപ്പിന്റെ കാര്യങ്ങളില്‍ റഷ്യയുടെ സാന്നിദ്ധ്യവും പ്രഭാവവും എന്ന ഭാവി കൂടി കണക്കിലെടുക്കണം എന്ന് ആഞ്ചല ഓര്‍മപ്പെടുത്തി.

 

 

ജര്‍മന്‍ ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ സ്ത്രീ, ആഞ്ചല മെര്‍ക്കല്‍, പതിനാറ് വര്‍ഷത്തെ ഭരണകാലം കഴിഞ്ഞ്
പടിയിറങ്ങിയശേഷം മുഖ്യധാരാ മാധ്യമങ്ങളില്‍  നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. പോയവാരം അവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു.  ആദ്യത്തെ കാരണം ഒരു പുരസ്‌കാരലബ്ധിയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ നാന്‍സെന്‍ പുരസ്‌കാരമാണ് ആഞ്ചലക്ക് കിട്ടിയത്. രാഷ്ട്രീയ ഭരണ പൊതുജീവിത രംഗത്ത് കാട്ടിയ നേതൃഗുണവും ധൈര്യവും സഹാനുഭൂതിയും കണക്കിലെടുത്തുള്ള പുരസ്‌കാരം എന്നാണ് അവാര്‍ഡ് നിര്‍ണയ സമിതിയുടെ വിശദീകരണം. സിറിയന്‍ പ്രതിസന്ധിയുടെ സമയത്ത് പലായന പാതയില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച നേതാവ് ആണ് ആഞ്ചല എന്നാണ് സമിതിയുടെ വിലയിരുത്തല്‍.  ജര്‍മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് സുരക്ഷയുടെ കരുതല്‍ ഒരുക്കാന്‍ ആഞ്ചലക്ക് കഴിഞ്ഞെന്നും സമിതി നിരീക്ഷിക്കുന്നു.  

(നോര്‍വെയില്‍ നിന്നുള്ള ശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനും നയതന്ത്ര പ്രതിനിധിയും എല്ലാമായ നോര്‍വേക്കാരന്‍ ഫ്രിദ്‌ജോഫ് നാന്‍സെന്റെ പേരിലുള്ള നാന്‍സെന്‍ പുരസ്‌കാരം 1954 മുതല്‍ നല്‍കി വരുന്നു. അഭയാര്‍ത്ഥികളെ സംരക്ഷിക്കാനും കരുതല്‍ നല്‍കാനും നടപടികള്‍ എടുക്കുന്ന വ്യക്തിക്കോ കൂട്ടായ്മക്കോ ആണ് പുരസ്‌കാരം നല്‍കാറ്. മുഖ്യ വിജയിക്ക് പുറമെ  മേഖലകള്‍ തിരിച്ചും ജേതാക്കളെ കണ്ടെത്താറുണ്ട്. മൗറിറ്റാനിയയിലെ അഗ്‌നിശമനത്തിന് മുന്നിട്ടിറങ്ങുന്ന കൂട്ടായ്മയായ എംബെറ ഫയര്‍ ബ്രിഗേഡ്, മ്യാന്‍മാറിലെ മെയ്ക്‌സ്വെ് എന്ന മനുഷ്യാവകാശസംഘടന, ഇറാഖില്‍ നിന്നുള്ള സ്ത്രീരോഗ വിദഗ്ധ നാഗെം ഹസന്‍, കോസ്റ്റാറിക്കയിലെ വനിതാവകാശ അഭിഭാഷക വിസെന്റ ഗോണ്‍സാലെസ് എന്നിവരാണ് ഇക്കൊല്ലം ആഞ്ചലക്ക് ഒപ്പം പുരസ്‌കാര നേട്ടത്താല്‍ ആദരിക്കപ്പെട്ടത്)

രണ്ടാമത് ആഞ്ചല വാര്‍ത്തയില്‍ എത്തിയത് രണ്ട് പൊതുപരിപാടികളിലെ സാന്നിധ്യം കൊണ്ടാണ്. അവിടെ പറഞ്ഞ വാക്കുകള്‍ വീണ്ടും ആഞ്ചലയുടെ ഭരണകാലം ചര്‍ച്ചകളില്‍ എത്തിച്ചു. ജര്‍മന്‍ പത്രമായ Suddeutsche Zeitung-ന്റെ എഴുപത്തി ഏഴാം വാര്‍ഷികാഘോഷം ആയിരുന്നു വേദി.  റഷ്യയെ കൂടി ഉള്‍പ്പെടുത്തിയാലേ യൂറോപ്പില്‍  സുസ്ഥിര സമാധാനം കൊണ്ടു വരാന്‍ കഴിയൂ എന്നാണ് അവര്‍ പറഞ്ഞത്. റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈയ്‌ന് ഒപ്പം ആണെങ്കിലും പടിഞ്ഞാറന്‍ നാടുകള്‍ എല്ലാം യൂറോപ്പിന്റെ കാര്യങ്ങളില്‍ റഷ്യയുടെ സാന്നിദ്ധ്യവും പ്രഭാവവും എന്ന ഭാവി കൂടി കണക്കിലെടുക്കണം എന്ന് ആഞ്ചല ഓര്‍മപ്പെടുത്തി. അന്താരാഷ്ട്ര ചട്ടക്കൂടില്‍ നിന്നുള്ള യൂറോപ്പിന്റെ ഭാവി സുരക്ഷാ നിര്‍മിതിയില്‍ റഷ്യയെ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്, അല്ലെങ്കില്‍ ശീതസമരം പൂര്‍ണമായി അവസാനിച്ചെന്ന് പറയാന്‍ കഴിയില്ലെന്നാണ് ആഞ്ചല പറഞ്ഞത്.  

മുന്‍ ചാന്‍സലറും തന്റെ രാഷ്ട്രീയ വഴികാട്ടിയുമായ ഹെല്‍മട്ട് കോളിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിലും റഷ്യയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതിന്റെയും പുനര്‍നിര്‍വചിക്കേണ്ടതിന്റെയും പ്രാധാന്യം ആഞ്ചല പറഞ്ഞു.  യുദ്ധാനന്തരം എന്താകും എന്ന് ആലോചിക്കണമെന്നും വ്‌ലാദിമിര്‍ പുട്ടിന്‍ എന്ന നേതാവിനെ കുറച്ചു കൂടി ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും. ആ ആലോചന ഒരു ബലഹീനതയെ അല്ല മറിച്ച് രാഷ്ട്രീയയുക്തിയാണ് എന്നാണ് ആഞ്ചല വിശദീകരിച്ചത്. 

ഭരിക്കുന്ന  സമയത്തും പുട്ടിനോടും റഷ്യയോടും ഉള്ള മൃദുസമീപനം  ആഞ്ചല പ്രകടിപ്പിച്ചിട്ടുണ്ട്,  വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.   2008-ല്‍ യുക്രൈയ്ന്‍ നാറ്റോയില്‍ ചേരുന്നത്  ജര്‍മനി എതിര്‍ത്തിരുന്നു. കാരണമായി പറഞ്ഞത് യുക്രൈയ്ന്‍ പാകപ്പെട്ടിട്ടില്ല എന്നായിരുന്നു. തന്റെ നിഷ്പക്ഷത വ്യക്തമാക്കാന്‍ ആഞ്ചല എടുത്തു കാണിക്കുന്ന ഉദാഹരണം 2014-15 കാലത്ത് ക്രിമിയയെ ചൊല്ലി നടന്ന അധിനിവേശ സമയത്ത് റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയതും സമാധാനം കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജര്‍മനി നേതൃത്വം നല്‍കിയതുമാണ്.  രാഷ്ട്രീയമായി വേണം നിലപാടുകള്‍ എന്നാണ് ആഞ്ചലയുടെ ന്യായം. അയല്‍ക്കാരെ കണ്ടില്ലെന്നും കേള്‍ക്കാനും വെക്കാന്‍ യൂറോപ്പിനും റഷ്യക്കും കഴിയില്ലെന്നാണ് ആഞ്ചല ഒരിക്കല്‍ പറഞ്ഞത്. ഇന്ധനാവശ്യങ്ങള്‍ക്ക് റഷ്യയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ മെച്ചപ്പെടുത്താന്‍ ആഞ്ചല ഒന്നും ചെയ്തില്ലെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ കുറ്റപ്പെടുത്തിയിരുന്നതാണ്. യുക്രൈയ്ന്‍ യുദ്ധത്തിന് പിന്നാലെ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പെടുത്തുന്ന കാര്യത്തില്‍ ജര്‍മനിയെ ബലഹീനമാക്കിയതും ഈ ആശ്രയത്വമാണ്. 

എന്തായാലും ഒരിടവേളക്ക് ശേഷം പൊതുവേദിയില്‍ എത്തുമ്പോഴും ആഞ്ചലയുടെ രാഷ്ട്രീയ ബോധ്യങ്ങളാണ്  ചര്‍ച്ചയാവുന്നത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന  പുസ്തകത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട പ്രധാന സാഹചര്യങ്ങളും കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങളും പ്രതിപാദിക്കുമെന്ന് ആഞ്ചല പറഞ്ഞിട്ടുണ്ട്.  പുസ്തകരചനയില്‍ ഔദ്യോഗിക ജീവിതത്തില്‍ ഏറെക്കാലം ഉപദേഷ്ടാവ് ആയിരുന്ന ബീറ്റ് ബോമന്‍ പങ്കാളിയാണ്.  പതിനാറു വര്‍ഷത്തെ ഭരണകാലത്ത് ജര്‍മനി കടന്നു പോയ ആഭ്യന്തര പ്രശ്‌നങ്ങളും അന്താരാഷ്ട്രവേദിയിലെ ഉരുത്തിത്തിരിയലുകളും രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് വന്ന വഴികളും  ആഞ്ചലയുടെ വീക്ഷണകോണിലൂടെ പറയുമ്പോള്‍ അതും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും എന്ന് ഉറപ്പ്
 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം