ഇന്ത്യയിലെ ജീവിതനിലവാരത്തെക്കുറിച്ച് നോയിഡ സ്വദേശിയായ നേഹ നാഗർ എന്ന യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിദേശത്ത് അടിസ്ഥാന സൗകര്യങ്ങളായ പലതും ഇന്ത്യയിൽ ആഡംബരമാണ് എന്നാണ് നേഹയുടെ വിമര്‍ശനം.

വിദേശയാത്രകൾക്ക് ശേഷം ഇന്ത്യയിലെ ജീവിതനിലവാരത്തെക്കുറിച്ച് നോയിഡ സ്വദേശിയായ യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നേഹ നാഗർ എന്ന യുവതിയാണ് ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളെ ബാലി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്ത് എക്‌സിൽ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യയിൽ പലപ്പോഴും ആഡംബരമായി തോന്നുന്ന പല കാര്യങ്ങളും വിദേശ രാജ്യങ്ങളിൽ സാധാരണമായ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണെന്ന് നേഹ ചൂണ്ടിക്കാട്ടുന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യയിലെ ജീവിതസാഹചര്യങ്ങളിലെ പോരായ്മകൾ തിരിച്ചറിയാൻ സഹായിക്കുമെന്ന് നേഹ പറയുന്നു. ഇതിനായി യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പോകണമെന്നില്ലെന്നും, ബാലി അല്ലെങ്കിൽ വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ സന്ദർശിച്ചാൽ തന്നെ ഈ വ്യത്യാസം വ്യക്തമാകുമെന്നും അവർ കുറിച്ചു. പൊതുസ്ഥലങ്ങളിലെ ശുചിത്വം, തെരുവ് ഭക്ഷണങ്ങളുടെ ഗുണനിലവാരം, പ്ലാസ്റ്റിക് നിയന്ത്രണത്തിലെ കൃത്യത, വായുവിന്റെ ഗുണനിലവാരം എന്നിവയിൽ ഇന്ത്യ ഇനിയും ഏറെ മുന്നേറാനുണ്ടെന്നാണ് നേഹയുടെ നിരീക്ഷണം.

സ്ത്രീസുരക്ഷയുടെ കാര്യത്തിലും വിദേശ രാജ്യങ്ങൾ ഏറെ മുന്നിലാണെന്ന് നേഹ അഭിപ്രായപ്പെട്ടു. രാത്രികാലങ്ങളിൽ ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യം അവിടെയുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ നഗരങ്ങളിൽ സുരക്ഷിതത്വവും അച്ചടക്കവും കുറവാണെന്ന് അവർ വിമർശിച്ചു. ലോകത്ത് ഒരു രാജ്യവും പൂർണ്ണമല്ലെങ്കിലും, സ്വന്തം പൗരന്മാർക്ക് ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും നൽകാൻ ഇന്ത്യ കഷ്ടപ്പെടുകയാണെന്ന് നേഹ തന്റെ പോസ്റ്റിൽ കുറിച്ചു.

Scroll to load tweet…

അതേസമയം, ഇന്ത്യയ്ക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന പ്രത്യാശയും നേഹ പങ്കുവെക്കുന്നുണ്ട്. സമ്പന്നമായ ചരിത്രം, ആത്മീയത, വൈവിധ്യമാർന്ന ഭക്ഷണം, കല, സംസ്‌കാരം എന്നിവയെല്ലാം ഇന്ത്യയുടെ കരുത്താണെന്ന് അവർ ഓർമ്മിപ്പിച്ചു. ഈ അടിത്തറ ഉപയോഗപ്പെടുത്തി മികച്ച രീതിയിൽ പ്രവർത്തിച്ചാൽ വിദേശ രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട നിലയിലേക്ക് ഇന്ത്യയ്ക്ക് വളരാൻ സാധിക്കുമെന്നും നേഹ കൂട്ടിച്ചേർത്തു. നേഹയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അനുകൂലിച്ചും തങ്ങളുടെ വിദേശയാത്രാ അനുഭവങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയത്. അതേസമയം നേഹയെ വിമർശിച്ച് രം​ഗത്തെത്തിയവരും കുറവല്ല.