കൊടും കയ്പ്പ്, തിന്നാലുടന്‍ മരിക്കും, പണ്ടുപണ്ട് തണ്ണിമത്തന്‍ ഇങ്ങനെയായിരുന്നില്ല!

By Web TeamFirst Published Aug 16, 2022, 6:54 PM IST
Highlights

നമ്മുടെ പൂര്‍വ്വികര്‍ തണ്ണിമത്തന്‍ കണ്ടാല്‍ അത് മുറിച്ച് അതിനുള്ളിലെ നാമിപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്ന ചുവപ്പ് കളയുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നിട്ട്, അവര്‍ അതിന്റെ കുരുക്കള്‍ മാത്രം തിന്നുപോന്നു. 

തണ്ണിമത്തന്‍ എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക ചുവന്നു തുടുത്ത്, നാവ് തൊട്ടാല്‍ മധുരിക്കുന്ന രുചിയാണ്. പച്ചത്തോടിനുള്ളില്‍ ജലസമൃദ്ധമായി നിറഞ്ഞിരിക്കുന്ന ചുവന്ന പഴം ഇഷ്ടമില്ലാത്തവര്‍ കുറവുമായിരിക്കും ഇപ്പോള്‍. 

എന്നാല്‍, ഇങ്ങനെ ഒന്നുമായിരുന്നില്ല പണ്ട് കാര്യങ്ങള്‍. നമ്മുടെ പൂര്‍വ്വികര്‍ തണ്ണിമത്തന്‍ കണ്ടാല്‍ അത് മുറിച്ച് അതിനുള്ളിലെ നാമിപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്ന ചുവപ്പ് കളയുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നിട്ട്, അവര്‍ അതിന്റെ കുരുക്കള്‍ മാത്രം തിന്നുപോന്നു. തണ്ണിമത്തനിലെ ചുവന്ന പഴം അവര്‍ തിന്നാത്തതിന് ഒരു കാരണമുണ്ടായിരുന്നു. അത് കൊടും കയ്പ്പായിരുന്നു. മാത്രമല്ല, കഷ്ടപ്പെട്ട് അത് തിന്നാല്‍ തന്നെ മരിച്ചുപോവുമായിരുന്നു. 

ഈയടുത്ത കാലത്തുള്ള കാര്യമല്ല പറഞ്ഞുവരുന്നത്. ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യമാണ്. അന്ന്, പടിഞ്ഞാറന്‍ ആഫ്രിക്കയിലായിരുന്നു ഇത് കണ്ടുവന്നിരുന്നത്. കണ്ടുവന്നു എന്ന് മാത്രമല്ല, അവിടെയാണ് തണ്ണിമത്തന്‍ ആദ്യമായി ഉണ്ടായത് തന്നെ. 

ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ജീവിച്ചിരുന്നവര്‍ ഭയത്തോടെയാണ് തണ്ണിമത്തനെ കണ്ടിരുന്നതെന്ന് പുതിയൊരു പഠനമാണ് വെളിപ്പെടുത്തുന്നത്. പഴയ തണ്ണിമത്തന്‍ കുരുക്കളുടെ ജീനുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്ന് ലണ്ടനിലെ ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ലണ്ടനിലെ ക്യൂവിലുള്ള റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഇവിടത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഓസ്‌കര്‍ പെരസ് എസ്‌കോബാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ്, തണ്ണിമത്തന്റെ ഭൂതകാലത്തെക്കുറിച്ച് പഠനം നടത്തിയത്. മോളിക്യുലാര്‍ ബയോളജി ആന്റ് ഇവല്യൂഷന്‍ ജേണലിലാണ് ഇവര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചത്. 

പഴയ കാലത്തെ തണ്ണിമത്തന്‍ തിന്നാല്‍ തട്ടിപ്പോവുമെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്. അതിനാല്‍, അക്കാലത്തെ മനുഷ്യര്‍ അതിന്റെ പഴം എടുക്കാതെ കുരു മാത്രമാണ് കഴിച്ചിരുന്നത്. കൊടും കയ്പ്പായിരുന്നു അന്നത്തെ തണ്ണിമത്തന്. അവ കഴിച്ചാല്‍, മരിച്ചു പോവുന്നതിനാല്‍, ആളുകള്‍ അതിനെ ഭയത്തോടെയാണ് കണ്ടിരുന്നത്. പിന്നീട് കാലങ്ങള്‍ കൊണ്ടാണ് നാമിന്ന് കാണുന്ന തരം തണ്ണിമത്തന്‍ ഉണ്ടായി വന്നതെന്നും പഠനം വ്യക്തമാക്കുന്നു. 
 

click me!