
ഉറങ്ങിക്കൊണ്ട് വാഹനം ഓടിക്കുന്നത് അപകടം വിളിച്ചു വരുത്തും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഒരു ബെൽജിയം സ്വദേശി വാഹനം ഓടിക്കുന്നതിനിടയിൽ അബോധാവസ്ഥയിലാവുകയും, 23 കിലോമീറ്ററോളം റോഡിലൂടെ ആ അവസ്ഥയിൽ മുന്നോട്ട് പോവുകയും ചെയ്തു. അപകടം എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ്, പൊലീസ് അവിടേയ്ക്ക് ഓടി എത്തി, അയാളെ രക്ഷിക്കുകയായിരുന്നു.
ആഗസ്റ്റ് 14 -നാണ് സംഭവം. രാവിലെ 9.00 മണിയോടെ ബെൽജിയത്തിലെ ലുവെനിലേക്ക് പോകുന്ന റോഡിൽ ഒരു വാഹനം വശപ്പിശകായി മുന്നോട്ട് പോകുന്നത് റോഡിലെ മറ്റ് യാത്രക്കാർ കണ്ടു. അവർ കാറിനകത്തേയ്ക്ക് നോക്കുമ്പോൾ ഡ്രൈവർ ഇരുന്ന് ഉറങ്ങുന്നതാണ് കണ്ടത്. ഭയന്ന് പോയ മറ്റ് യാത്രക്കാർ പൊലീസിനെ ഉടൻ വിവരം അറിയിച്ചു. ഇടത് വശത്ത് കൂടെ വാഹനം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് പോയിക്കൊണ്ടിരുന്നത്. അത് പോകുന്നതിനിടയിൽ വെട്ടുന്നതായും മറ്റു വാഹനയാത്രക്കാർ ശ്രദ്ധിച്ചു. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് മനസ്സിലായത് വണ്ടി ക്രൂയിസ് കൺട്രോളിലായിരുന്നു എന്നത്. അതുകൊണ്ട് തന്നെയാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്.
പൊലീസ് വാഹനം നിർത്താൻ ശ്രമിച്ചു. ഒടുവിൽ ഇടത് വശത്തെ സുരക്ഷാ ബാരിയറിൽ ഇടിച്ച് വാഹനം നിൽക്കുകയായിരുന്നു. പൊലീസ് അയാളെ ഉണർത്താൻ ശ്രമിച്ചെങ്കിലും അയാൾക്ക് ബോധം വന്നില്ല. തുടർന്ന്, 41 കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മദ്യമോ, മയക്കുമരുന്നോ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ പരിശോധനകൾ നടത്തി. റെനോ ക്ലിയോ ആയിരുന്നു അയാളുടെ വാഹനം. പരിശോധനകളുടെ ഫലങ്ങൾ പൊലീസ് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല.
ഇന്നത്തെ മിക്ക വണ്ടികളും ഡ്രൈവർ അകത്ത് കയറിയാൽ തനിയെ ലോക്ക് ആകുമെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് അവർക്ക് അയാളെ പുറത്തെടുക്കാൻ കുറച്ച് പാടുപെടേണ്ടി വന്നു. കാർ തുറക്കാൻ പൊലീസിന്റെ മറ്റൊരു സംഘം സ്ഥലത്തെത്തേണ്ടി വന്നു. ആളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ അപകടകരമായ നിലയിലല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. കാറിന്റെ ലെയ്‌ൻ അസിസ്റ്റും ക്രൂയിസ് കൺട്രോളുമാണ് അപകടത്തിൽ നിന്ന് രക്ഷിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഓരോ തവണയും കാർ മധ്യത്തിൽ നിന്ന് നീങ്ങുമ്പോൾ ശരിയായ പാതയിലേക്ക് ലെയ്‌ൻ അസിസ്റ്റ് വാഹനത്തെ തിരിച്ച് കൊണ്ട് വന്നു. ക്രൂയിസ് കൺട്രോൾ കാർ സ്ഥിരമായ വേഗത്തിൽ നീങ്ങുന്നുവെന്ന് ഉറപ്പാക്കി.