വധിക്കപ്പെട്ടോ, അതോ ജയില്‍മോചിതയായോ? ആരെയും വിറപ്പിച്ചിരുന്ന ആ കടല്‍ക്കൊള്ളക്കാരിക്കെന്താണ് സംഭവിച്ചത്?

By Web TeamFirst Published Oct 17, 2019, 3:46 PM IST
Highlights

അങ്ങനെ, കടല്‍ക്കൊള്ളക്കാരുടെ സംഘത്തില്‍ അവള്‍ അംഗമായി. അവള്‍ ഒരു പുരുഷനെപ്പോലെയാണ് വസ്ത്രം ധരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്‍തിരുന്നത്. ജാക്കിനും മേരി റീഡ് എന്ന സ്ത്രീക്കും മാത്രമാണ് അന്ന ഒരു സ്ത്രീയാണ് എന്ന് ആദ്യകാലത്ത് അറിയാമായിരുന്നത്.

കരീബിയന്‍ സമുദ്രത്തിലെ ആ കടല്‍ക്കൊള്ളക്കാരി, കടല്‍ക്കൊള്ളക്കാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റവളെന്ന് പറയപ്പെടുന്നവള്‍. അന്ന ബോണി എന്ന കടല്‍ക്കൊള്ളക്കാരിയെ ചുറ്റിപ്പറ്റി ഒരുപാട് കഥകളുണ്ട്. അതില്‍ത്തന്നെ സത്യവും മിഥ്യയും നിഗൂഢതകളുമുണ്ട്. അവര്‍ക്ക് എന്താണ് പില്‍ക്കാലത്ത് സംഭവിച്ചത് എന്നതിനെച്ചുറ്റിപ്പറ്റിയും സംശയങ്ങള്‍ ബാക്കിയാണ്. പുരുഷന്മാരേക്കാള്‍ കരുത്തോടെ നിലനിന്നിരുന്ന സംഘാംഗമായിരുന്നു, അവള്‍ക്ക് ഒന്നിനെയും പേടിയുണ്ടായിരുന്നില്ല, അവളൊരു ലെസ്ബിയന്‍ കൂടിയായിരുന്നു, കീഴ്പ്പെടുത്തുന്നവരുടെ തലയിലേക്ക് വെടിയുതിര്‍ത്ത് അവരെ കൊല്ലുന്നതിന് മുമ്പ് തന്‍റെ മുലകള്‍ അവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് അന്നയെ കുറിച്ച് പറയപ്പെടുന്നത്.  A General History of the Robberies and Murders of the most notorious Pyrates എന്ന പുസ്‍തകത്തിലാണ് ഏറെക്കുറെ വ്യക്തമായി ഇവരെക്കുറിച്ചുള്ളത്.

 

1700 -ല്‍ അയര്‍ലന്‍ഡിലാണ് അന്ന ജനിക്കുന്നത്. അഭിഭാഷകനായ വില്ല്യം കോര്‍മാക്കിന്‍റെയും അദ്ദേഹത്തിന്‍റെ വേലക്കാരിയായിരുന്ന മേരി ബ്രണ്ണന്‍റെയും മകളായിട്ടാണ് അന്ന ജനിച്ചത്. ബോണിയുടെ അമ്മയുടെ വീട്ടുകാരുമായി ചില പ്രശ്‍നങ്ങളുണ്ടായതിനെത്തുടര്‍ന്ന് അവര്‍ മകളേയും കൊണ്ട് ലണ്ടനിലേക്ക് വരുന്നു. അവരാല്‍ തിരിച്ചറിയാതിരിക്കാനോ എന്തോ ഒരു ആണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിപ്പിച്ചും മറ്റുമാണ് അവളെ വില്ല്യം വളര്‍ത്തിയത് അവള്‍ക്ക് ആന്‍ഡി എന്ന് പേരും നല്‍കി. അവളെ വക്കീലിന്‍റെ ക്ലര്‍ക്കാവാന്‍ പരിശീലിപ്പിക്കുന്ന കാലം അവിടെനിന്നും അവര്‍ക്ക് സ്ഥലം വിടേണ്ടിവരുന്നു. അങ്ങനെയാണ്,  അവര്‍ കരോലിന പ്രവിശ്യയിലേക്ക് പോകുന്നത്. അവിടെ തുടക്കത്തില്‍ ജീവിതം ദുഷ്‍കരമായിരുന്നുവെങ്കിലും നിയമത്തിലുള്ള വില്ല്യമിന്‍റെ പരിജ്ഞാനം അവരുടെ ജീവിതം പച്ചപിടിക്കാന്‍ കാരണമായി. എന്നാല്‍, 12 -ാമത്തെ വയസ്സില്‍ അന്നയുടെ അമ്മ മരിച്ചു. അച്ഛന്‍ സ്വന്തം ഉടമസ്ഥതയിലുള്ള എസ്റ്റേറ്റും തോട്ടവും ഒക്കെ നോക്കിനടത്തി.

അന്നയെ കുറിച്ച് അവള്‍ ചെറുപ്പകാലത്ത് തന്നെ രൂക്ഷമായി പ്രതികരിക്കുന്ന ആളായിരുന്നുവെന്നും തന്നെ എന്തെങ്കിലും ആരെങ്കിലും ചെയ്‍താല്‍ തിരികെയും ഉപദ്രവിക്കാന്‍ ഒരു മടിയും കാണിച്ചിരുന്നില്ലായെന്നും പറയപ്പെടുന്നു. പതിമൂന്നാമത്തെ വയസ്സില്‍ ഒരു പെണ്‍കുട്ടിയെ കയ്യിലുള്ള കത്തിവെച്ച് അവള്‍ മുറിവേല്‍പ്പിച്ചിരുന്നുവത്രെ. ജെയിംസ് ബോണി എന്ന് പേരായ ഒരു ദരിദ്രനെയായിരുന്നു അവള്‍ വിവാഹം ചെയ്‍തിരുന്നത്. അയാളുമൊരു ഇടക്കാല കടല്‍ക്കൊള്ളക്കാരനായിരുന്നു. വിവാഹം കഴിഞ്ഞാല്‍ അന്നയുടെ അച്ഛന്‍റെ എസ്റ്റേറ്റ് നോക്കിനടത്താന്‍ അവസരം കിട്ടും എന്നായിരുന്നു ജെയിംസിന്‍റെ പ്രതീക്ഷ. എന്നാല്‍, വില്ല്യം തന്‍റെ മകളുടെ ഭര്‍ത്താവായി ജെംയിസിനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ അയാള്‍ അന്നയേയേയും ഭര്‍ത്താവിനെയും വീട്ടില്‍നിന്ന് പുറത്താക്കി. ആ ദേഷ്യത്തിന് അന്നുരാത്രി അവള്‍ അച്ഛന്‍റെ കൃഷിത്തോട്ടത്തിന് തീയിട്ടുവെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍, അതിന് തെളിവുകളുടെ പിന്‍ബലമില്ല. ഏതായാലും 1714-18 കാലഘട്ടത്തില്‍ അവര്‍ നാസോയിലേക്ക് വരുന്നു. അവിടെവെച്ച് ജെയിംസ് കടല്‍ക്കൊള്ളക്കാരെ ഒറ്റുകൊടുക്കുന്ന ഗവണ്‍മെന്‍റ് ഏജന്‍റായി പ്രവര്‍ത്തിച്ചു. ജെയിംസ് കാണിച്ചുകൊടുത്തതിന്‍ പ്രകാരം പല കടല്‍ക്കൊള്ളക്കാരും അറസ്റ്റും ചെയ്യപ്പെട്ടു. 

എന്നാല്‍, തന്‍റെ ഭര്‍ത്താവിന്‍റെ പ്രവൃത്തികള്‍ ബോണിക്ക് ഇഷ്‍ടപ്പെട്ടിരുന്നില്ല. ബഹാമയിലായിരിക്കുമ്പോഴാണ് കടല്‍ക്കൊള്ളക്കാരുമായി അടുത്ത് പരിചയപ്പെടാനും ഇടപഴകാനും അന്നയ്ക്ക് അവസരം കിട്ടുന്നത്. അവിടെവെച്ച് അവള്‍ കാലിക്കോ ജാക്കിനെ പരിചയപ്പെടുന്നു. അയാളുടെ കടല്‍ക്കൊള്ളക്കാരുടെ സംഘത്തില്‍ ചേരാന്‍ അവള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അതിനാണ് അവള്‍ ജെയിംസിനെ ഉപേക്ഷിക്കുന്നതെന്നും അല്ല, ജാക്കുമായി അവള്‍ പ്രണയത്തിലാവുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പണം നല്‍കാം അന്നയ്ക്ക് വിവാഹമോചനം നല്‍കാമോ എന്ന് അയാള്‍ ജെയിംസിനോട് ചോദിച്ചിരുന്നുവത്രെ. എന്നാല്‍, ജെയിംസ് അതിന് തയ്യാറായില്ല. അങ്ങനെ അന്നയും ജാക്കും അവിടെനിന്നും കടക്കുന്നു. ജാക്കിനോടുള്ള പ്രണയത്തേക്കാള്‍ ഒരു കടല്‍ക്കൊള്ളക്കാരിയാവുക എന്നതാണ് അന്നയെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് വേണം മനസിലാക്കാന്‍. ജാക്കിനേക്കാളുപരി ധൈര്യം പ്രകടിപ്പിച്ചിരുന്നു അന്ന.

അങ്ങനെ, കടല്‍ക്കൊള്ളക്കാരുടെ സംഘത്തില്‍ അവള്‍ അംഗമായി. അവള്‍ ഒരു പുരുഷനെപ്പോലെയാണ് വസ്ത്രം ധരിക്കുകയും പെരുമാറുകയും ഒക്കെ ചെയ്‍തിരുന്നത്. ജാക്കിനും മേരി റീഡ് എന്ന സ്ത്രീക്കും മാത്രമാണ് അന്ന ഒരു സ്ത്രീയാണ് എന്ന് ആദ്യകാലത്ത് അറിയാമായിരുന്നത്. അന്നയും റീഡും മാത്രമായിരുന്നു സംഘത്തിലെ സ്ത്രീകള്‍. എന്നാല്‍, അന്ന ഗര്‍ഭിണിയായതോടെ അവള്‍ ഒരു സ്ത്രീയാണെന്ന് മറ്റുള്ളവരും തിരിച്ചറിഞ്ഞു. അതിനുശേഷം ജാക്ക് അവളെ ക്യൂബയിലെത്തിക്കുകയും അവളൊരു മകന് ജന്മം നല്‍കുകയും ചെയ്‍തു. അതിനുശേഷം വീണ്ടും അവള്‍ കടല്‍ക്കൊള്ളക്കാരുടെ സംഘത്തിലേക്ക് തിരികെയെത്തുകയാണ്. അങ്ങനെ സമുദ്രത്തില്‍വെച്ചാണ് അവളും ജാക്കും വിവാഹിതരാവുന്നത്. വില്ല്യം എന്നുപേരായ ഒരു കപ്പല്‍ തട്ടിയെടുക്കുന്നതും ആയിടയ്ക്കാണ്. ജാക്ക്, അന്ന, റീഡ് എന്നിവര്‍ ചേര്‍ന്നാണ് അത് ചെയ്യുന്നത്. ആ സമയത്ത് തന്നെ ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ഒരു പുതിയ സംഘത്തിലേക്കുള്ള ആളുകളെ തെരഞ്ഞെടുക്കുന്നുണ്ട്. ജമൈക്കയിലും ചുറ്റുവട്ട പ്രദേശങ്ങളിലുമായിട്ടാണ് സംഘം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത്. ദെ ബോസ്റ്റണ്‍ ന്യൂസ് ലെറ്ററില്‍ സര്‍ക്കാര്‍ അവളെ 'വാണ്ടഡ് പൈറേറ്റ്' ആയി പരസ്യം വരെ നല്‍കിയിരുന്നുവത്രെ. 

1720 ഒക്ടോബറില്‍ ജാക്കും സംഘവും ജമൈക്ക ഗവര്‍ണറുടെ കടല്‍ക്കൊള്ളക്കാരെ വേട്ടയാടുന്നതിനുവേണ്ടിയുള്ള സംഘത്താല്‍ അക്രമിക്കപ്പെടുന്നു. ജാക്കിന്‍റെ സംഘത്തില്‍ പലരും അമിതമായി മദ്യപിച്ചതിനാല്‍ തിരികെ അക്രമിക്കാനോ പൊരുതാനോ അവര്‍ക്കായിരുന്നില്ല. അന്നയും റീഡുമാണ് അന്ന് അവരോട് ശക്തമായി ഏറ്റുമുട്ടിയത്. തങ്ങളോട് പോരടിക്കുന്ന രണ്ടുപേര്‍ സ്ത്രീകളാണ് എന്ന് ആദ്യമൊന്നും അവര്‍ക്ക് മനസിലായില്ല. ഏതായാലും ഇത്രയും പേരോട് അവര്‍ രണ്ടുപേര്‍ക്കും മാത്രമായി പിടിച്ചുനില്‍ക്കാനായില്ല. ആ കടല്‍ക്കൊള്ള സംഘത്തെ ജമൈക്കയിലേക്ക് കൊണ്ടുപോയി പിന്നീട്. സംഘത്തിലെ എല്ലാവരേയും തൂക്കിലേറ്റുകയും ചെയ്‍തു. ജാക്കിനോടുള്ള അന്നയുടെ അവസാനത്തെ സംസാരം ഇതായിരുന്നുവെന്ന് പറയുന്നു, ''ഉശിരോടെ നിന്ന് പോരാടിയിരുന്നെങ്കിൽ, ഒരു പട്ടിയെപ്പോലെ തൂക്കിലേറ്റപ്പെടില്ലായിരുന്നു.''

ഗര്‍ഭിണികളായതിനാല്‍ വധശിക്ഷ നല്‍കരുതെന്ന് അന്നയും റീഡും ഗവര്‍ണറോട് അപേക്ഷിച്ചു. അങ്ങനെ കുഞ്ഞുങ്ങള്‍ പിറക്കുന്നതുവരെ അവരുടെ വധശിക്ഷ നീട്ടിവെക്കപ്പെടുന്നു. ജയിലില്‍വെച്ചുതന്നെ റീഡ് മരണപ്പെടുന്നു. എന്നാല്‍, പിന്നീട് ബോണിക്ക് എന്ത് സംഭവിച്ചു, അവള്‍ തൂക്കിലേറ്റപ്പെട്ടോ അതോ അവള്‍ക്ക് വേറെ വല്ലതും സംഭവിച്ചുവോ എന്ന കാര്യം നിഗൂഢമായിത്തന്നെ തുടരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതുവരെ അവള്‍ ജയിലിലുണ്ടായിരുന്നു. 

അന്ന മോചിപ്പിക്കപ്പെട്ടോ, വധിക്കപ്പെട്ടോ, തടവില്‍ത്തന്നെ തുടര്‍ന്നോ എന്ന കാര്യങ്ങള്‍ക്കൊന്നും യാതൊരു തരത്തിലുള്ള രേഖകളുമില്ല.  A General History of the Robberies and Murders of the most notorious Pyrates എന്ന 1724 -ല്‍ പ്രസിദ്ധീകരിച്ച പുസ്‍തകത്തില്‍ ചാള്‍സ് ജോണ്‍സണ്‍ എഴുതിയിരിക്കുന്നത് അവള്‍ വധിക്കപ്പെട്ടിട്ടില്ല, പക്ഷേ, അവള്‍ക്ക് എന്ത് സംഭവിച്ചുവെന്നത് അജ്ഞാതമാണ് എന്ന് തന്നെയാണ്.

click me!