
വിമാനത്താവളത്തിൽ എത്താൻ രണ്ട് മിനിട്ട് താമസിച്ചില്ലായിരുന്നെങ്കിൽ, കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അന്റോണിസ് മാവ്‌റോപൗലോസ് എന്ന ഗ്രീക്കുകാരനും ഉണ്ടാകുമായിരുന്നു. എത്യോപ്യയിൽ ഉണ്ടായ വിമാനാപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അന്റോണിസ് താൻ താമസിച്ചെത്തിയ ആ രണ്ട് മിനിട്ട് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യ നിമിഷങ്ങളാണെന്ന് ആവർത്തിക്കുകയാണ്.
ഞായറാഴ്ച രാവിലെ എത്യോപ്യയയില്‍ തകര്‍ന്നുവീണ ഇ ടി 302 വിമാനത്തിലെ 150-ാമത്തെ യാത്രക്കാരനായിരുന്നു അന്റോണിസ്. വിമാനത്താവളത്തിൽ എത്താൻ വൈകിയതിനെ തുടർന്ന് യാത്രാനുമതി നിക്ഷേധിച്ച അന്റോണിസ് അടുത്ത വിമാനത്തിൽ പോകാനായി കാത്തിരിക്കുകയായിരുന്നു. അതിനിടയില്‍ രണ്ട് മിനിട്ട് വൈകിയതിനാൽ തനിക്ക് പ്രവേശനം നിക്ഷേധിച്ചതിൽ പ്രതിഷേധിച്ച് അന്റോണിസ് വിമാനത്താവളത്തിൽവച്ച് ബഹളം വച്ചു. തുടർന്ന് അന്റോണിസിനെ അധികൃതര്‍ വിമാനത്താവളത്തിലെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നിട്ട് ജീവന്‍ തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറയാന്‍ അദ്ദേഹത്തോട് ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പോഴാണ് അന്റോണിസിനെ ഞെട്ടിപ്പിക്കുന്നൊരു വാർത്ത ഉദ്യോഗസ്ഥർ പറയുന്നത്. താൻ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം തകർന്ന് അതിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്നതായിരുന്നു ആ വാർത്ത.
വളരെ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടതെങ്കിലും ജീവൻ രക്ഷപ്പെട്ടതിൽ ദൈവത്തോട് നന്ദി പറയുകയാണ് അന്റോണിസ്. എന്റെ ഭാഗ്യ ദിവസം എന്ന തലക്കെട്ടോടുകൂടി അന്റോണിസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ തന്റെ അനുഭവം ആളുകളുമായി പങ്കുവച്ചത്. വിമാനം മിസായത് കൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും മറ്റ് യാത്രക്കാര്‍ക്കുണ്ടായ ദുര്യോഗത്തില്‍ വിഷമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനയാത്രാടിക്കറ്റിന്റെ ചിത്രമുൾപ്പടെയാണ് അന്റോണിസ് അനുഭവക്കുറിപ്പ് പങ്കുവച്ചത്.
ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായ അന്റോണിസ് യുഎന്നിന്റെ പരിസ്ഥിതി പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് നെയ്‌റോബിയിലേക്ക് യാത്രക്കൊരുങ്ങിയത്.