Latest Videos

30 വര്‍ഷം മുടങ്ങാതെ പുസ്തകവുമായി നടന്നിരുന്ന ഒരു മനുഷ്യന്‍! ആ ഗ്രാമങ്ങളുടെ അക്ഷരവെളിച്ചമായിരുന്നു ഇദ്ദേഹം

By Web TeamFirst Published Mar 10, 2019, 7:01 PM IST
Highlights

ഗ്രാമത്തില്‍ സഞ്ചരിച്ച് നികുതി പിരിക്കാനുള്ള ജോലി ലഭിച്ചതോടെയാണ് അദ്ദേഹം ഗ്രാമത്തിലുള്ളവര്‍ക്ക് പുസ്തകം എത്തിച്ചു നല്‍കാന്‍ തുടങ്ങിയത്. ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാന്‍ അദ്ദേഹം സൗജന്യമായി പുസ്തകം എത്തിച്ചു കൊടുത്തു. 

ഓരോ വീട്ടിലും ചെന്ന്, പുസ്തകങ്ങള്‍ നല്‍കി എത്രയോ ഗ്രാമങ്ങളെ വായിക്കാന്‍ പഠിപ്പിച്ച മനുഷ്യന്‍, ആ ഗ്രാമങ്ങളുടെ അക്ഷരവെളിച്ചം... മാര്‍ച്ച് ഒന്നിന് അന്തരിച്ച പോളന്‍ സര്‍ക്കാരിനെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല.

'എന്‍റെ ഗ്രാമത്തിലുള്ളവര്‍ പഠിച്ചിരുന്നില്ല.. അതിന് എവിടെയായിരുന്നു അവര്‍ക്ക് സമയം? വിശപ്പ് എങ്ങനെ മാറ്റുമെന്നതായിരുന്നു ഓരോ ദിവസവും അവര്‍ക്ക് പ്രധാനം. അതുകൊണ്ടാണ് അവരെക്കൊണ്ട് പുസ്തകം വായിപ്പിക്കുന്നതിന് ഞാന്‍ മുന്‍കൈ എടുത്തത്.' പോളന്‍ സര്‍ക്കാര്‍ പറഞ്ഞതാണ്. അദ്ദേഹം അധികമൊന്നും പഠിച്ചിട്ടില്ല. പക്ഷെ, 30 വര്‍ഷക്കാലം ബംഗ്ലാദേശിലെ പാവങ്ങളില്‍ പാവങ്ങളായ മനുഷ്യരെക്കൊണ്ട് പുസ്തകം വായിപ്പിക്കുകയായിരുന്നു 'സഞ്ചരിക്കുന്ന വായനശാല' എന്ന് അറിയപ്പെട്ടിരുന്ന ആ മനുഷ്യന്‍. 

മാര്‍ച്ച് ഒന്നിന് തന്‍റെ 98 -ാമത്തെ വയസ്സില്‍ മരിച്ചു. 

ബംഗ്ലാദേശിലെ ഒരു ഗ്രാമത്തില്‍ 1921 -ലാണ് അദ്ദേഹം ജനിച്ചത്. ജനിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചു. അതോടെ കുടുംബം ദാരിദ്ര്യത്തിലും പട്ടിണിയിലുമായി. വീട്ടിലെ ഈ സാമ്പത്തിക പ്രതിസന്ധി കാരണം ആറാം ക്ലാസില്‍ വെച്ച് അദ്ദേഹത്തിന് പഠനം നിര്‍ത്തേണ്ടി വന്നു. പക്ഷെ, അപ്പോഴേക്കും വായന എന്നത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറിയിരുന്നു. 

അതിനിടെ, പോളന്‍ ചില ഫോക് തിയ്യേറ്റര്‍ ഗ്രൂപ്പുകളില്‍ ചെറിയ ചെറിയ കോമിക് വേഷങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. വായനയോടും പുസ്തകങ്ങളോടും ഉള്ള ഇഷ്ടം കാരണം നാടകങ്ങളിലെ എഴുത്തു കാര്യങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. 

ഗ്രാമത്തില്‍ സഞ്ചരിച്ച് നികുതി പിരിക്കാനുള്ള ജോലി ലഭിച്ചതോടെയാണ് അദ്ദേഹം ഗ്രാമത്തിലുള്ളവര്‍ക്ക് പുസ്തകം എത്തിച്ചു നല്‍കാന്‍ തുടങ്ങിയത്. ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാന്‍ അദ്ദേഹം സൗജന്യമായി പുസ്തകം എത്തിച്ചു കൊടുത്തു. അതുവരെ അവരാരും തന്നെ വായനയെ ഗൗരവമായി കണ്ടിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ആ ഗ്രാമത്തിലൊരു സ്കൂള്‍ കണ്ടു. അവിടെ ഓരോ വര്‍ഷവും ആദ്യത്തെ പത്ത് റാങ്കിലുള്ളവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി കൊടുത്തു തുടങ്ങി. അതിന് മുമ്പ് അത്തരമൊരു കാര്യം അവിടെ കേട്ടുകേള്‍വി പോലുമില്ലായിരുന്നു. അത് പതിയെ അടുത്തുള്ള മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്കും വ്യാപിച്ചു. ഗ്രാമത്തിലുള്ളവര്‍ വായന തുടങ്ങി. 

അതിനിടെയാണ് പോളന്‍ സര്‍ക്കാരിന് പ്രമേഹം കണ്ടെത്തിയതും ഡോക്ടര്‍ അദ്ദേഹത്തോടെ ദിവസേന നടക്കണം എന്നും പറയുന്നത്. ആ സമയത്ത് അദ്ദേഹത്തിന് ഒരു ആശയം തോന്നി. എല്ലാ ദിവസവും രാവിലെ അവിടുത്തെ പരമ്പരാഗത വസ്ത്രമായ കുര്‍ത്തിയും ലുങ്കിയും ധരിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങും. കയ്യില്‍ ഒരു പുസ്തകക്കെട്ടും കാണും. ഓരോ വീട്ടിലും ചെന്ന് അദ്ദേഹത്തിന്‍റെ കയ്യിലുള്ള പുസ്തകത്തില്‍ നിന്നും ഏതെങ്കിലും ഒരു പുസ്തകം തെരഞ്ഞെടുക്കാന്‍ അപേക്ഷിക്കും. പിന്നീട്, വായനയെ കുറിച്ചും പുസ്തകത്തെ കുറിച്ചും ചോദിക്കാനും അദ്ദേഹം മറക്കില്ല. അങ്ങനെ, 30 വര്‍ഷം അദ്ദേഹം ഈ പതിവ് തുടര്‍ന്നു. ഓരോരുത്തരും അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങി വായിച്ചു തുടങ്ങി. വായനയെന്ന ശീലം അദ്ദേഹത്തില്‍ നിന്ന് ആ ഗ്രാമത്തിന്‍റേതായി. 

ആളുകള്‍ ഭക്ഷണവും വസ്ത്രവും ഒക്കെ ദാനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ, ആരും അറിവ് അങ്ങനെ നല്‍കുന്നത് കാണാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പത്തു ഗ്രാമങ്ങളിലായി 5000 പേരെയെങ്കിലും അദ്ദേഹം വായന ശീലിപ്പിച്ചു. മാത്രമല്ല, ഏതവസരത്തിലും ആര്‍ക്കും അദ്ദേഹം സമ്മാനം നല്‍കുന്നത് പുസ്തകങ്ങളായിരുന്നു. 

നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ഇതിലൂടെ ലഭിക്കുകയുമുണ്ടായി. 


 

click me!