ഒരു ഭാഗത്ത് വരള്‍ച്ച, മറുഭാഗത്ത് പ്രളയം; ആര്‍ട്ടിക്കിലെ മഞ്ഞുരുക്കം ഭൂമിയെ ബാധിക്കുന്നത് ഇങ്ങനെ

By Gopika SureshFirst Published Jan 31, 2020, 4:48 PM IST
Highlights

കാലാവസ്ഥ വ്യതിയാനങ്ങളുടെ അനന്തരഫലമായി ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുകുന്നത് ആഗോള അന്തരീക്ഷവസ്ഥയെയും കാറ്റിനെയും എല്‍നിനോ പ്രതിഭാസത്തെയെയും വരെ ബാധിക്കുമെന്ന് പഠനം.

കാലാവസ്ഥ വ്യതിയാനങ്ങളുടെ അനന്തരഫലമായി ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുകുന്നത് ആഗോള അന്തരീക്ഷവസ്ഥയെയും കാറ്റിനെയും എല്‍നിനോ പ്രതിഭാസത്തെയെയും വരെ ബാധിക്കുമെന്ന് പഠനം. പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിലവിലെ ധാരണകളെ മാറ്റിമറിക്കുന്ന കണ്ടെത്തല്‍. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യനോഗ്രഫിയിലെ പ്രൊഫസര്‍ ചാള്‍സ് എഫ് കെന്നെലിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കവും ആഗോള കാലാവസ്ഥ-അന്തരീക്ഷാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തരുന്ന പഠനങ്ങളില്‍ ഒന്നാണിത്. 

ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുകുന്നത് മൂലം ധ്രുവ പ്രദേശങ്ങളിലെ ജീവികളുടെ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും ആഗോള സമുദ്ര നിരപ്പ് ഉയരുന്നതും നമുക്കറിയാം. എന്നാല്‍ ഈ മഞ്ഞുരുക്കങ്ങള്‍ക്ക് ആഗോള മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഈ പഠനം വിലയിരുത്തുന്നത്. ഉഷ്ണമേഖലാ താപനമാണ് ധ്രുവങ്ങളെക്കാള്‍ കാലാവസ്ഥാവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നതെന്ന വിശ്വാസത്തെ മാറ്റിമറിക്കുകയാണ് ഈ കണ്ടെത്തല്‍. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായയി സംഭവിക്കുന്ന ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുക്കം ലോകത്തെ ഉപരിതല കാറ്റിന്റെ വേഗതയെ തന്നെ മാറ്റുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഈ മഞ്ഞുരുക്കം മധ്യ പസഫിക് ട്രേഡ് വിന്റിന്റെ തീവ്രത കൂട്ടുകയും, എല്‍ നിനോ ഉണ്ടാക്കുന്നതിനിടയാക്കുകയും ചെയ്യും. 

ആര്‍ട്ടിക് സമുദ്രത്തിലെ താപനം മൂലമുണ്ടാകുന്ന വേനല്‍ക്കാലത്തെ മഞ്ഞുരുക്കം അന്തരീക്ഷ പാളിയിലെ മുകളിലോട്ടുള്ള സംവഹനത്തിനു സഹായിക്കുന്നു.  ഈ സംവഹനങ്ങള്‍ അന്തരീക്ഷ പാളിയുടെ മുകളിലെത്തുമ്പോള്‍ പ്ലാനെറ്ററി തരംഗങ്ങളിലൂടെ സംവേഗശക്തിയെയും (momentum) താപത്തെയും അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറിന്റെ മുകള്‍ഭാഗത്തിലൂടെ തെക്കോട്ട് വമിപ്പിക്കുന്നു. 

ഷെങ്ഫെന്‍ ചെന്നിന്റെ നേതൃത്വത്തില്‍ 'ക്ലൈമറ്റ് ഡൈനാമിക്‌സ്' ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരുപഠനവും ആര്‍ട്ടിക് മഞ്ഞുരുക്കവും എല്‍നിനോയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നുണ്ട്. 

ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന ആര്‍ട്ടിക് മഞ്ഞിന്റെ സംയോജനത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആഗോള കാലാവസ്ഥ വ്യതിയാനത്തിനും തുടര്‍ന്ന് മഴ, കാട്ടുതീ, കൃഷി, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങിയ വിവിധരീതിയില്‍ മനുഷ്യനെ സംബന്ധിക്കുന്ന ഘടകങ്ങളെ ബാധിക്കുമെന്നുമാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍  വലിയ സ്വാധീനം ചെലുത്തുന്ന എല്‍-നിനോ പ്രതിഭാസത്തെ ബാധിക്കുക വഴി ഭാവിയില്‍ മനുഷ്യജീവിതം കൂടുതല്‍ ദുസ്സഹമായേക്കാം. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ഇടവേളകളിലാണ് സാധാരണയായി എല്‍നിനോ പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്. ആഗോള കാലാവസ്ഥയെ തന്നെ വലിയരീതിയില്‍ സ്വാധീനിക്കാന്‍ എല്‍-നിനോക്ക് സാധിക്കും. തെക്കന്‍ അമേരിക്കന്‍ പ്രദേശങ്ങളില്‍ മഴകൂടുകയും അതുവഴി വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ പസിഫിക്കിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ വരള്‍ച്ചയും ദുര്‍ബലമായ മണ്‍സൂണുമാണ്  ഇത് ഉണ്ടാക്കുക. 

click me!