
എയർപോർട്ടിൽ ജീവനക്കാർക്കും യാത്രക്കാർക്കും മുന്നിൽ സ്വയം തീകൊളുത്തി യുവാവ്. ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് തീകൊളുത്തിയത് എന്നാണ് പൊലീസിന്റെ അനുമാനം. കസാക്കിസ്ഥാനിലെ അൽമാട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. യുവാവ് മദ്യപിച്ചിട്ടാണ് എത്തിയത് എന്നും കരുതുന്നു.
വീട്ടിലെത്താനുള്ള അവസാനത്തെ ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് യുവാവ് എയർപോർട്ടിലുള്ള ട്രാവൽ ഏജൻസിയെ സമീപിക്കുകയായിരുന്നു. ഏതെങ്കിലും വിമാനത്തിൽ തനിക്ക് പോയേ തീരൂ എന്നും ടിക്കറ്റ് വേണമെന്നും ഇയാൾ ജീവനക്കാരോട് ആവശ്യപ്പെട്ടതായി കസാഖ് മാധ്യമമായ ടെൻഗ്രിൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ട്രാവൽ ഏജൻസി ഓഫീസിൽ കയറിയ യുവാവ് ഭാര്യയെ വിളിക്കാനെന്ന് പറഞ്ഞ് ഒരു ജീവനക്കാരിയോട് ഫോൺ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഭാര്യയോടുള്ള സംസാരം തർക്കത്തിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ ഇയാൾ ജീവനക്കാരിയോട് അവിടെ നിന്നും പോകാനാവശ്യപ്പെട്ടു.
ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ അയാൾക്ക് ട്രെയിൻ കിട്ടാതെയായി. ടിക്കറ്റുകൾ മാറ്റി വിമാനത്തിനുള്ള ടിക്കറ്റ് വാങ്ങാനാണ് അയാൾ ഇവിടെ എത്തിയത്. അയാൾ മദ്യപിച്ചിരിക്കാമെന്നും എയർപോർട്ടിലുണ്ടായിരുന്നവർ പറയുന്നുണ്ട് എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ടെൻഗ്രിൻ ന്യൂസിനോട് പറഞ്ഞത്.
ജീവനക്കാരിയോട് അവിടെ നിന്നും പോകാൻ പറഞ്ഞതിന് പിന്നാലെ ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നത്രെ. പിന്നാലെ ചുറ്റുമുണ്ടായിരുന്നവർ തീയണക്കാൻ ശ്രമിച്ചു. അധികം വൈകാതെ തന്നെ ഇയാൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, അയാളുടെ അവസ്ഥ ഗുരുതരമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ജീവനക്കാരിയായിരുന്ന സെനിയയാണ് ആ സമയത്ത് വേണ്ടവിധം പ്രവർത്തിച്ചത് എന്ന് ട്രാവൽ ഏജൻസി ബോസ് പറയുന്നു. അവർ പരിഭ്രമിക്കാതെ കൃത്യസമയത്ത് വേണ്ടതുപോലെ കാര്യങ്ങൾ കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.