
ചെറുപ്പമായിരിക്കാനും മെലിഞ്ഞിരിക്കാനും വേണ്ടി ആളുകൾ എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറാവുന്ന കാലമാണിത്. ഹോളിവുഡാണ് അതിൽ ഏറ്റവും മുൻപന്തിയിൽ എന്നാണ് പറയുന്നത്. അവിടെ ആളുകൾക്ക് ഇത്തരം സൗന്ദര്യവർധകചികിത്സകളോട് ആസക്തി തന്നെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അരിസോണയിൽ നിന്നുമുള്ള ഈ സ്ത്രീ. ഇന്റർനെറ്റിൽ ഇവരുടെ കഥയറിഞ്ഞ ആളുകൾ അന്തംവിട്ടുപോയിരിക്കയാണ്.
50 -കാരിയായ കെല്ലി ബീസ്‌ലി, ഫേസ്‍ലിഫ്റ്റ് സർജറി നടത്താൻ തന്റെ വീട് തന്നെ വിറ്റു. എന്നിട്ടിപ്പോൾ താമസിക്കുന്നത് ഒരു വാനിലാണ്. മുഖത്തെ ചുളിവുകളൊക്കെ നീക്കം ചെയ്ത് മുഖം മിനുക്കുന്ന ശസ്ത്രക്രിയയാണ് ഇത്. 11 ലക്ഷത്തിനാണ് അരിസോണയിലുള്ള തന്റെ മൂന്ന് കിടപ്പുമുറികളുള്ള വീട് കെല്ലി വിറ്റത്. തന്റെ മുഖം കാണാൻ ചെറുപ്പമുള്ളതാക്കണം എന്ന് കെല്ലി തീരുമാനിച്ചിരുന്നു. അതിനുവേണ്ടി വീട് വിറ്റ് ആ തുക ഉപയോഗിക്കാം എന്നും അവർ തീരുമാനിക്കുകയായിരുന്നു.
കെല്ലി കാലിഫോർണിയയിലെ ലേക്ക് താഹോയിൽ താമസിക്കുന്ന ഒരു ബ്ലോഗറാണ്. വീട് വിറ്റ ശേഷം ഒരു വാനിൽ സഞ്ചരിക്കുകയാണ് ഇപ്പോൾ കെല്ലി. പ്ലാസ്റ്റിക് സർജറിയിലൂടെ ഒരു പുതിയ മുഖം തന്നെ ഇപ്പോൾ കെല്ലിക്ക് കിട്ടിയിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറി നടത്തുക എന്നത് ഒരു മോശം കാര്യമല്ല എന്ന് മറ്റുള്ളവരെ ബോധവാന്മാരാക്കുന്നതിന് വേണ്ടിക്കൂടിയാണ് താൻ ഇത് ചെയ്തത് എന്നും കെല്ലി പറയുന്നു.
തനിക്ക് 48 വയസായപ്പോൾ മുഖത്തിന് പെട്ടെന്ന് മാറ്റങ്ങൾ വരുന്നത് താൻ ശ്രദ്ധിച്ചു. അതിൽ ചുളിവുകളും പാടുകളും എല്ലാം പെടുന്നു. കഴിഞ്ഞ 15 വർഷമായി ഫില്ലേഴ്സ് പോലുള്ളവ ഉപയോഗിച്ച് വരുന്നുണ്ട് എങ്കിലും താൻ ആഗ്രഹിച്ച മാറ്റം ശരീരത്തിനുണ്ടാക്കാൻ അതിനൊന്നും കഴിഞ്ഞില്ല. അങ്ങനെയാണ് വീടുവിറ്റ് സർജറി നടത്താനും താമസം വാനിലേക്ക് മാറ്റാനും തീരുമാനിക്കുന്നത് എന്നാണ് കെല്ലി SWNS -നോട് പറഞ്ഞത്.
സർജറിയിലൂടെയുള്ള തന്റെ മാറ്റം താൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എന്നും ഇപ്പോൾ താൻ കൂടുതൽ ചെറുപ്പമായതായി തോന്നിക്കുന്നു എന്നും കെല്ലി പറഞ്ഞു.