യന്ത്രത്തോക്കുകളും ബോംബുകളുമായി അമ്പതംഗ കൊള്ളസംഘം; മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ചു

Web Desk   | Asianet News
Published : Aug 30, 2021, 08:31 PM IST
യന്ത്രത്തോക്കുകളും ബോംബുകളുമായി അമ്പതംഗ കൊള്ളസംഘം; മൂന്ന് ബാങ്കുകള്‍ കൊള്ളയടിച്ചു

Synopsis

യന്ത്രത്തോക്കുകളും ബോംബുകളും ഡ്രോണുകളുമായി അനേകം കാറുകളില്‍ വന്നിറങ്ങിയ അമ്പതിലേറെ കൊള്ളക്കാര്‍ മൂന്ന് ബാങ്കുകള്‍ ഒരേ സമയം കൊള്ളയടിച്ചു. സമീപത്തെ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കൊള്ളക്കാര്‍ കാറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും റോഡിലാകെ ബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തു.  

യന്ത്രത്തോക്കുകളും ബോംബുകളും ഡ്രോണുകളുമായി അനേകം കാറുകളില്‍ വന്നിറങ്ങിയ അമ്പതിലേറെ കൊള്ളക്കാര്‍ മൂന്ന് ബാങ്കുകള്‍ ഒരേ സമയം കൊള്ളയടിച്ചു. സമീപത്തെ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കൊള്ളക്കാര്‍ കാറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും റോഡിലാകെ ബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തു. മറ്റിടങ്ങളില്‍നിന്നും പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബാങ്ക് ജീവനക്കാരെയും മറ്റും ബന്ദികളാക്കി കാറുകള്‍ക്കു മുകളിലും വശങ്ങളിലുമൊക്കെ കെട്ടിയിട്ടതിനാല്‍ കൊള്ള സംഘത്തെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. സംഘം തട്ടിക്കൊണ്ടുപോയവരുടെ വിവരങ്ങള്‍ ലഭ്യമല്ല. 

ബ്രസീലിലെ അറകാറ്റിയുബ നഗരത്തിലാണ് സിനിമയെ വെല്ലുന്ന കൊള്ള നടന്നത്. വമ്പന്‍ കൊള്ളസംഘം ആസൂത്രിതമായി നടത്തിയ ആക്രമണത്തിലും കൊള്ളയിലും നഗരമാകെ സ്തംഭിച്ചു. ഏറെ നേരം ഈ പ്രദേശം കൊള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് പൊലീസുകാരുടെ നീക്കം അറിഞ്ഞ കൊള്ളക്കാര്‍, തങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ പൊളിച്ചശേഷമാണ് രക്ഷപ്പെട്ടത്. 

പൊലീസുകാരും കൊള്ളസംഘവും തമ്മില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കൊള്ളക്കാരനെന്ന് സംശയിക്കുന്ന ഒരാളും മറ്റു രണ്ടുപേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.  കൊള്ളക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പിടിയിലായതായും പൊലീസ് അവകാശപ്പെട്ടു. 

പൊലീസ് സ്ഥലത്തെത്താന്‍ ഏറെ ബുദ്ധിമുട്ടിയതായി മേയര്‍ ദിലദാര്‍ ബോര്‍ഹസ് പറഞ്ഞു. നിരവധി പേരെ ബന്ദികളാക്കിയതിനാല്‍, കൊള്ളക്കാരെ ആക്രമിക്കുക ബുദ്ധിമുട്ടായിരുന്നു. റോഡിലാകെ കത്തിച്ച വാഹനങ്ങളും ബോംബുകളുമായതിനാല്‍ അവര്‍ക്ക് ചെല്ലാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിച്ചോ എന്ന കാര്യം അറിയില്ലെന്നു പറഞ്ഞ മേയര്‍ നഗരത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടു. സ്‌ഫോടക വസ്തുക്കള്‍ റോഡില്‍ കുഴിച്ചിട്ടതിനാല്‍ നാട്ടുകാര്‍ വീടുകളില്‍നിന്നും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. 


തിങ്കളാഴ്ച രാവിലെയാണ് സായുധ സംഘം മൂന്ന് ബാങ്കുകള്‍ ആക്രമിച്ചത്. ഇവിടെനിന്നും കുറേ പേരെ സംഘം ബന്ദികളാക്കുകയും അവരുടെ വാഹനങ്ങളില്‍ കെട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെ പൊലീസ് സ്‌റ്റേഷന്‍ യന്ത്രത്തോക്കുകളുമായി ഒരു സംഘം വളഞ്ഞു. പ്രദേശത്തേക്ക് എത്താനുള്ള വഴികള്‍ ഇവര്‍ തടസ്സപ്പെടുത്തി. നിരവധി കാറുകള്‍ക്ക് റോഡില്‍ തീകൊളുത്തി. 

ആളുകളെ വണ്ടികള്‍ക്കു മുകളിലും വശങ്ങളിലുമായി കെട്ടിയിട്ടതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളില്‍നിന്നും എത്ര പണം കവര്‍ന്നു എന്ന കാര്യം അറിവായിട്ടില്ല. റോഡില്‍ പണം വിതറുന്നതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2017-ല്‍ ഇവിടെ ഒരു സ്വകാര്യ സ്ഥാപനം ഇതുപോലെത്തിയ സായുധ സംഘം കൊള്ളയടിച്ചിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും കുറേയധികം പേരെ ബന്ദിയാക്കുകയും ചെയ്തിരുന്നു. 

1920-30 കാലഘട്ടത്തില്‍ ബ്രസീലിയന്‍ നഗരങ്ങളില്‍ മിന്നലാക്രമണം നടത്തിയിരുന്ന കന്‍ഗാഷോ എന്നറിയപ്പെടുന്ന സായുധ കൊള്ളസംഘത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ഇത്തരം ആസൂത്രിത സംഘങ്ങളെന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. 

 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്