ടാങ്കര്‍ ഓടിക്കാനാളില്ല, പെട്രോള്‍ കിട്ടാനില്ല, ബ്രിട്ടനില്‍  ഇന്ധന വിതരണത്തിന് പട്ടാളം ഇറങ്ങുന്നു

By Web TeamFirst Published Sep 28, 2021, 2:52 PM IST
Highlights

പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കു മുന്നില്‍ നാലാം ദിവസവും നെടുനീളന്‍ ക്യൂ തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പല പെട്രോള്‍ സ്‌റ്റേഷനുകളിലും ഇന്ധനമില്ല.
 

ബ്രിട്ടനില്‍ ഇന്ധന വിതരണത്തിന് പട്ടാളമിറങ്ങുന്നു. ഡ്രൈവര്‍മാരില്ലാതെ ഇന്ധനവിതരണം മുടങ്ങുകയും രാജ്യത്ത് ഗുരുതരമായ ഇന്ധനപ്രതിസന്ധി ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണിത്. 

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം തയ്യാറായിക്കഴിഞ്ഞതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 150 പട്ടാള ഡ്രൈവര്‍മാര്‍ ടാങ്കറുകള്‍ ഓടിക്കാന്‍ സജ്ജമായി. ഇതോടൊപ്പം അനുബന്ധ ജോലിക്കാവശ്യമുള്ള സൈനികരും ഇന്ധന വിതരണം നടത്താന്‍ തയ്യാറായിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതിനുള്ള തീരുമാനം ഉണ്ടായത്. 

പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കു മുന്നില്‍ നാലാം ദിവസവും നെടുനീളന്‍ ക്യൂ തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പല പെട്രോള്‍ സ്‌റ്റേഷനുകളിലും ഇന്ധനമില്ല. ആളുകള്‍ ആശങ്കാകുലരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതിനെ തുടര്‍ന്നാണ് ഈ അവസ്ഥ ഉണ്ടായത്. ഇന്ധനമില്ലാത്തത് ആശുപത്രി അടക്കമുള്ള അവശ്യ സര്‍വീസുകളെ ബാധിച്ചു. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു. 

ബ്രെക്‌സിറ്റ് വന്നതോടെ തൊഴില്‍, താമസ നിയമങ്ങളിലുണ്ടായ മാറ്റമാണ് അടിയന്തിര പ്രതിസന്ധിക്ക് കാരണമായത്.  പുതിയ നിയമങ്ങള്‍ വന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ട്രക്ക് ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ മടങ്ങി. ലൈസന്‍സ് പുതുക്കാത്ത സാഹചര്യവും ഇതിനു വഴി തെളിയിച്ചു. കൊവിഡ് അടക്കമുള്ള കാരണങ്ങളും ഇതിനു കാരണമായതായി പറയുന്നു. താരതമ്യേന മോശം വേതന വ്യവസ്ഥകളും തൊഴില്‍ രംഗത്തെ പ്രതിസന്ധിയും ചെറുപ്പക്കാര്‍ രംഗത്തുവരാത്തതുമെല്ലാം ഈ പ്രതിസന്ധിയിലേക്ക് നയിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനിടെ, ലൈസന്‍സ് പുതുക്കാനുള്ള കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി 5000 താല്‍ക്കാലിക വീസ അനുവദിക്കാനും തീരുമാനമായി. എന്നാല്‍, താല്‍ക്കാലിക ജോലികള്‍ക്ക് ആളുകള്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ വീസ നിലവില്‍ വരാനുള്ള കാലതാമസവും പ്രശ്‌നം വഷളാക്കുമെന്ന് സംശയമുണ്ട്. 

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍ തിരിച്ചുപോയതോടെയാണ് പ്രതിസന്ധി മൂര്‍ച്ഛിച്ചത്. അതോടെ ഇന്ധന ക്ഷാമം തുടങ്ങി. തുടര്‍ന്ന്, പരിഭ്രാന്തരായ ജനം ഇന്ധനം വാങ്ങിക്കൂട്ടാന്‍ തിരക്കു കൂട്ടി. പല പെട്രോള്‍ സ്റ്റേഷനുകളിലും സ്‌റ്റോക്കു തീര്‍ന്നു. ഇന്ധനം കിട്ടാതായതോടെ, അവശ്യ സേവന മേഖലകളും പ്രതിസന്ധിയിലായി. ഇതാണ്, ടാങ്കറുകള്‍ ഓടിക്കാന്‍ പട്ടാളത്തെ വിളിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

click me!