
മുംബൈയിലെ തെരുവോരത്തു കഴിയുന്ന 17 -കാരിയായ അസ്മ ഷെയ്ക്കിന്റെ കഥ ബിബിസി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആളുകൾക്കിടയിൽ വളരെ ശ്രദ്ധ നേടിയിരുന്നു. അവൾക്ക് സ്വന്തമായി വീടില്ലായിരുന്നു. അവളുടെ അച്ഛൻ കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ് അന്നന്നത്തേക്കുള്ള ആഹാരം കണ്ടെത്തിയിരുന്നത്. മഴക്കാലത്ത് റോഡരികിൽ ടാർപ്പായ വച്ച് കെട്ടിയാണ് അവർ ഉറങ്ങാറുള്ളത്. 2019 -ൽ മുംബൈ നഗരത്തിലെ ഒരു പ്രമുഖ കോളേജിൽ പ്രവേശനം നേടിയ അവൾ തെരുവ് വിളക്കിന്റെ ചുവട്ടിലിരുന്നാണ് പഠിച്ചിരുന്നത്. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മഴയും വെയിലും കൊള്ളാതെ, രാത്രി ആരെയും ഭയക്കാതെ സ്വസ്ഥമായി ഉറങ്ങാൻ ഒരു വീട്. അവളുടെ സങ്കടം പലരുടെയും കണ്ണ് നനച്ചു. എന്നാൽ ഇപ്പോൾ അവളുടെ പ്രാർത്ഥനയ്ക്ക് മറുപടി ലഭിച്ചിരിക്കുന്നു.
അവളും അവളുടെ കുടുംബവും മുഹമ്മദ് അലി റോഡിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയിരിക്കുന്നു. അവിടെ അവർ അടുത്ത മൂന്ന് വർഷത്തേക്ക് താമസിക്കും, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അസ്മയുടെ കഥ കേട്ട്, വിദേശത്ത് താമസിക്കുന്ന ഒരു കൂട്ടം ആളുകളാണ് പഠനം പൂർത്തിയാകുന്നതുവരെ അപ്പാർട്ട്മെന്റിന്റെ വാടക നൽകാനായി മുന്നോട്ട് വന്നത്. പത്താം ക്ലാസ് പരീക്ഷ ജയിച്ചപ്പോഴാണ് അസ്മയുടെ കഥ ആദ്യമായി ശ്രദ്ധ നേടിയത്. തെക്കൻ മുംബൈയിലെ ഒരു ഫുട്പാത്തിൽ താമസിക്കുകയും രാത്രിയിൽ തെരുവ് വിളക്കുകൾക്കടിയിൽ ഇരുന്ന് പഠിക്കുകയും ചെയ്ത അവളുടെ കഥ ആളുകളെ കണ്ണുനീരണിയിച്ചു. അവളുടെ പിതാവ് സലിം ഷെയ്ക്ക് അതേ ഫുട്പാത്തിൽ ജ്യൂസ് വിറ്റ് ഉപജീവനം കഴിച്ചിരുന്നു. പക്ഷേ കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗൺ അദ്ദേഹത്തിന്റെ ബിസിനസിനെ സാരമായി ബാധിച്ചു. എസ്‌എസ്‌സി പരീക്ഷകളിൽ 40% മാർക്ക് നേടി കെസി കോളേജിൽ ചേർന്ന മകളെ കുറിച്ചോർക്കുമ്പോൾ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
"എനിക്ക് ഒരു ബിരുദധാരിയാകണം. ഒരു വീട് സ്വന്തമാക്കാനാണ് ഞാൻ പഠിക്കുന്നത്. ഈ ഫുട്പാത്തിൽ നിന്ന് എന്റെ കുടുംബത്തെ എനിക്ക് രക്ഷിക്കണം" ഈ വർഷം ജൂലൈയിൽ നൽകിയ അഭിമുഖത്തിൽ അസ്മ ഷെയ്ക്ക് ബിബിസിയോട് പറഞ്ഞു. ഇന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അസ്മ കോളേജ് അടച്ചതിനാൽ ഓൺലൈനിലൂടെയാണ് പഠിക്കുന്നത്. എന്നാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവൾ പറയുന്നു.
പകൽ ഫുട്പാത്തിൽ ഇരുന്നാണ് അവൾ പഠിക്കുന്നത്. എന്നാൽ, വണ്ടികളുടെ നിരന്തര ശബ്ദം മൂലം ക്ലാസുകൾ കേൾക്കാനോ, പഠിക്കാനോ ബുദ്ധിമുട്ടാണെന്ന് അവൾ പറയുന്നു. അതുകൂടാതെ അവിടെ ഇരിക്കുന്നത് കണ്ടാൽ പൊലീസ് വിരട്ടി ഓടിക്കുമെന്നും, അതുകൊണ്ട് തന്നെ പകൽ നിരന്തരം സ്ഥലം മാറി മാറി ഇരിക്കേണ്ടി വരുമെന്നും, പഠിക്കാൻ സാധിക്കുന്നില്ലെന്നും അവൾ സങ്കടപ്പെട്ടു. രാത്രികാലങ്ങളിൽ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഇരുന്ന് പഠിക്കേണ്ടി വരുന്നതും ഒരു പ്രശ്‌നമാണ്. എന്നാൽ ഏറ്റവും പ്രയാസം ഇരുട്ട് വീഴുമ്പോഴാണ്. രാത്രികാലങ്ങളിൽ താൻ ഉറങ്ങാറില്ലെന്ന് അവൾ പറയുന്നു. തെരുവിൽ കിടന്നുറങ്ങുന്ന സമയത്ത് അമ്മയുടെയും, അവളുടെയും അടുത്ത് ആണുങ്ങൾ വന്ന് കിടക്കും. അതുകൊണ്ട് ഒരു മുളവടിയും അരികിൽ വച്ചാണ് തങ്ങൾ രാത്രി കിടക്കുന്നതെന്നും അവൾ കരഞ്ഞു പറഞ്ഞു. പഠിച്ച്, ഒരു ജോലി നേടാനായാൽ ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നവൾ ആശ്വസിക്കുന്നു.
അസ്മയുടെ കഥ വൈറലായ ശേഷം ആളുകളിൽ നിന്ന് നിരവധി സഹായ വാഗ്ദാനങ്ങൾ അവൾക്ക് ലഭിച്ചു. ഖത്തറിൽ നിന്നും നൗഷീർ അഹമ്മദ് ഖാൻ പഠനം പൂർത്തിയാകുന്നതുവരെ എല്ലാ മാസവും വിദ്യാഭ്യാസ ചിലവുകൾക്കായി 3,000 രൂപ സംഭാവന നൽക്കാമെന്ന് വാക്ക് നൽകി. അദ്ദേഹത്തെ കൂടാതെ വിദേശത്തുള്ള ഒരു കൂട്ടം ആളുകൾ പഠനം പൂർത്തിയാകുന്നതുവരെ അവൾക്ക് അന്തിയുറങ്ങാൻ ഒരു വീട് വാഗ്ദാനം ചെയ്തു. ഇതിനായി അവർ 1.2 ലക്ഷം രൂപ സമാഹരിച്ചു. അത് ഫ്ലാറ്റിനും വൈദ്യുതി ബില്ലുകൾക്കും കുടുംബത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വാടക നൽകാനും ഉപയോഗിക്കും. അസ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചവരിൽ പ്രധാനിയായിരുന്നു സ്പെയിനിൽ നിന്നുള്ള ജർമ്മൻ ഫെർണാണ്ടസ്. ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പറഞ്ഞു, "ഈ പെൺകുട്ടിയുടെ ജീവിതം എന്നെ ആഴത്തിൽ സ്പർശിച്ചു. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിതനിലവാരം മാറ്റാൻ സഹായിക്കും."