സാറെന്നും മാഡമെന്നും വിളിച്ചില്ലെങ്കിൽ, താഴ്മയായി അപേക്ഷിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അരുചി തോന്നുമോ?

By Web TeamFirst Published Sep 4, 2021, 2:31 PM IST
Highlights

സാധാരണക്കാരല്ല തങ്ങളെന്നും, പ്രത്യേകമായൊരു വിഭാഗമാണെന്നുമുള്ള തോന്നൽ നിലനിർത്തേണ്ടത് ബ്യൂറോക്രസിയുടെതന്നെ ആവശ്യമായിരുന്നു. 

ഭാഷയിലൂടെ തിരുത്തപ്പെടുന്നത് നൂറ്റാണ്ടുകൾ നീണ്ട കൊളോണിയലിസത്തിന്റെയും ഫ്യൂഡലിസത്തിന്റെയും ആലഭാരങ്ങളാണെങ്കിൽ, ആ മാറ്റത്തെ ഉൾക്കൊള്ളാനുള്ള ജനാധിപത്യപരമായ ഒരു അന്തരീക്ഷം കൂടി സമകാലികമായിത്തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കുടുംബമുൾപ്പെടെയുള്ള എല്ലാ സാമൂഹികയൂണിറ്റുകളിലും ആരംഭിക്കുകയും വളർന്ന് തിടം വയ്ക്കുകയും ചെയ്യേണ്ടതാണിത്.

കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വന്ന രണ്ടു വാർത്തകൾ ഭാഷയെയും അധികാരത്തെയും കുറിച്ചുള്ള ഗൗരവതരമായ പര്യാലോചനകൾക്ക് വഴിവയ്ക്കുന്നതാണ്. പാലക്കാട് ജില്ലയിലെ മാത്തൂർ, തൃശ്ശൂർ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തുകളിൽ സർ, മാഡം എന്നീ അഭിസംബോധനാരീതികൾ ഒഴിവാക്കുന്നു എന്നതാണ് ഒന്ന്. പൊലീസുകാർ പൗരന്മാരെ എടീ എന്നും എടാ എന്നും അഭിസംബോധന ചെയ്യരുത് എന്ന ഹൈക്കോടതി നിർദ്ദേശം മറ്റൊന്നും. ജനാധിപത്യം ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ മനുഷ്യാന്തസ്സ് ഉറപ്പുവരുത്തുന്നതിൽ ഭാഷയ്ക്കുള്ള സ്ഥാനത്തെയും പ്രസക്തിയെയും കുറിച്ചുള്ള വലിയ സംവാദങ്ങളിലേക്ക് തുറക്കാവുന്ന വാതിലുകളാണ് ഈ വാർത്തകൾ. കാരണം ഭാഷയെന്നത് സാമൂഹികമായ മനോഭാവത്തിന്റെ സൃഷ്ടിയാണ്, സംസ്കാരത്തെയും സ്വത്വത്തെയും അടയാളപ്പെടുത്തുന്ന വലിയ സൂചകവുമാണ്.

ഒരു ക്ഷേമരാഷ്ട്രം അതിന്റെ പൗരന്മാർക്ക് ഉറപ്പുവരുത്തുന്ന സേവനങ്ങളാണ് വിവിധ സർക്കാർ സ്ഥാപനങ്ങളിലൂടെ വ്യക്തികൾക്ക് ലഭിക്കുന്നത്. ഇതിൽ ഒട്ടുമിക്ക സേവനങ്ങൾക്കും നാമമാത്രമായതെങ്കിലും ഫീസ് ഈടാക്കുന്നുമുണ്ട്. ഈ സേവനങ്ങൾ നൽകുന്ന ഉദ്യോഗസ്ഥർക്ക് മാന്യമായ വേതനവ്യവസ്ഥയും സർക്കാരെന്ന തൊഴിൽദാതാവ് ഉറപ്പുവരുത്തുന്നുണ്ട്. ഒരു ഓഫീസറുടെയും സൗജന്യമോ സഹായമനസ്ഥിതിയോ അല്ല പൊതുജനത്തിന് ലഭിക്കേണ്ട സേവനം. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും സാറെന്നും മാഡമെന്നും വിളിച്ചില്ലെങ്കിൽ, നിവേദനങ്ങളിൽ താഴ്മയായി അപേക്ഷിച്ചില്ലെങ്കിൽ പൊതുജനത്തോട് ഉദ്യോഗസ്ഥർക്ക് അരുചി തോന്നുന്നത്? 

അദൃശ്യമായ ഒരു മതിൽക്കെട്ട് ഈ രണ്ടുവിഭാഗത്തിനുമിടയിൽ നിലനിർത്തിക്കൊണ്ട്, ഒരു പുതിയ ഫ്യൂഡൽ വ്യവസ്ഥയെ സ്ഥാപിച്ചെടുക്കുകയാണ് ഭാഷ ഇവിടെ. ഒപ്പം, ഈ പുതിയ അധികാരക്രമത്തിലെ കീഴാളർക്ക് ജനാധിപത്യപരമായ പ്രാപ്യത (Democratic access) മേൽത്തട്ടിലേക്ക് ലഭിക്കുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഇവിടെയൊക്കെ ഭാഷയിലൂടെ അധികാരം സ്ഥാപിക്കുകയും അതുനിലനിർത്തുകയുമാണ് അവർ ചെയ്യുന്നതെന്ന് കാണാം. പൊതുജനങ്ങളും അധികാരികളും തമ്മിൽ അകലം പാലിക്കാനും ഇത്തരം പദാവലികളിലൂടെ അവർ ശ്രമിക്കുന്നു. 

2012 ജൂൺ മാസത്തിലാണ് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി, രാഷ്ട്രപതി ഇനിമേൽ ഹിസ് എക്സലൻസി അല്ലെന്നും വെറും ശ്രീയാണെന്നും നിർദ്ദേശിച്ചത്. മാത്രവുമല്ല, പൊതുവേദികളിൽ രാഷ്ട്രപതിയുടെ കസേര മറ്റുള്ളതിനേക്കാൾ ഉയരം കൂടിയതും കമനീയവുമാവേണ്ടതില്ലെന്നും അദ്ദേഹം നിഷ്‌കർഷിച്ചു. ഹിസ് ഹൈനസ്, ഹിസ് എക്‌സലൻസി, ഹിസ്‌ഹോളിനസ് തുടങ്ങിയ സംബോധനകളും തുല്യമായ അന്യഭാഷാ പ്രയോഗങ്ങളും അധികാരത്തിന്റെയും അസമത്വത്തിന്റെയും ഇടങ്ങളാണ് കാണിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ നിർദ്ദേശം. 

നിയമസഭയ്ക്കുള്ളിൽ സ്പീക്കറെ സർ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന എം.ബി. രാജേഷിന്റെ ആവശ്യവും ഇതോടൊപ്പം ചേർത്തുവായിക്കാം. ഭാഷയെ ജനാധിപത്യവത്കരിക്കാനുള്ള ശ്രമങ്ങളും അതേക്കുറിച്ചുള്ള ചർച്ചകളും കൂടുതൽ കൂടുതൽ മുഖ്യധാരയിലേക്കു വരുന്ന കാലമാണിത്. Sire എന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാണ് Sir എന്ന വാക്കുണ്ടായത്. പ്രഭുക്കളെയും സാമൂഹ്യമായി ഉന്നതപദവിയിൽ നിൽക്കുന്നവരെയും വിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചത്. Madam ആകട്ടെ, My Dame എന്ന രണ്ടു വാക്കുകളിൽനിന്നും. അവിവാഹിതരായ സ്ത്രീകളെ  Miss എന്ന പദംകൊണ്ട് വിശേഷിപ്പിച്ചുപോന്നു. നമ്മുടെ സ്‌കൂളുകൾ മുതൽ കോടതിവരെയുള്ള അധികാരകേന്ദ്രങ്ങളെല്ലാം തന്നെ സാമൂഹികപദവി നിലനിർത്താൻ നിരന്തരം ഉപയോഗിക്കുകയും മറ്റുള്ളവരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന അഭിസംബോധനാപദങ്ങളായി ക്രമേണ ഇത്തരം പദങ്ങൾ മാറി. 

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വരവോടുകൂടി ഭാഷയിൽ കൊളോണിയൽ അധികാരസങ്കൽപ്പങ്ങൾ കുടിയേറി. അധ്യാപകൻ മാഷിൽനിന്ന് സാറായി പരിണമിച്ചു. സർ എന്ന വിളിയിൽ പല അധ്യാപകരും ഉള്ളാലെ അധികാരം ആസ്വദിച്ചു. ടീച്ചർമാർ മിസുമാരും മാഡംമാരുമായി പരിണമിച്ചു. ടീച്ചറേ, മാസ്റ്ററേ എന്ന വിളികൾ പൊഞ്ഞാറായി മാറി. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ കുട്ടികൾ പി. ബാലചന്ദ്രനെ ബാലേട്ടാ എന്നു വിളിച്ചപ്പോൾ നമ്മുടെ ടിപ്പിക്കൽ അധ്യാപകസമൂഹം ഗുരു എന്ന ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരത്തിന്റെ എഴുത്താണി മുനകൂർപ്പിച്ച് പേടിപ്പിച്ചു. 

പ്രീപ്രൈമറി തലം തൊട്ട് സർവകലാശാലവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നാം എത്രയോ സിനിമകളിൽ കേട്ട, നോവലുകളിൽ വായിച്ച മാഷ്, ടീച്ചർ വിളി ക്ലാസുകളിൽനിന്ന് ചൂരൽപോലെ പടിയിറങ്ങി. പകരം ശ്രേഷ്ഠസംസ്‌കാരത്തിന്റെ ഭാഗമായി സാറും മാഡവും കുടിയേറി. വരേണ്യമായ ക്ലാസുമുറി സംസ്‌കാരത്തിൽനിന്ന് പൊതുജനസേവനത്തിലേക്ക് കടന്നുവന്ന ഉദ്യോഗസ്ഥതലമുറ അധികാരകസേരയിലേറിയപ്പോൾ സാറും മാഡവും അധികാരഭാഷയിൽ രൂഢമായി. അത്തരം അഭിസംബോധനാ രീതികളാണ് ശ്രേഷഠമെന്ന പാഠം അബോധമായി പൊതുജനത്തെ പഠിപ്പിക്കാൻ ബ്യൂറോക്രസിക്കു കഴിഞ്ഞു. 

സാധാരണക്കാരല്ല തങ്ങളെന്നും, പ്രത്യേകമായൊരു വിഭാഗമാണെന്നുമുള്ള തോന്നൽ നിലനിർത്തേണ്ടത് ബ്യൂറോക്രസിയുടെതന്നെ ആവശ്യമായിരുന്നു. ഇങ്ങനെ അധികാരത്തിന്റെ ശ്രേണീകരണം ഭാഷയിലുടെ നിലനിർത്താൻ അധികാരകേന്ദ്രങ്ങൾ ജാഗരൂകമായി. ഈ അകൽച്ചയും അധികാരവും സൃഷ്ടിച്ച അന്തരം നിലനിൽക്കുന്നതുകൊണ്ടാവണം, കൊവിഡ്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ വിസമ്മതിച്ച അധ്യാപകർ അടക്കമുള്ള സർക്കാർ ജീവനക്കാരെ റേഷൻ കടയിൽ അരിതൂക്കി നൽകാൻ നിർത്തണമെന്ന് പൊതുജനം ആഗ്രഹിച്ചത്. 

ഓരോ വ്യക്തിയും സാഹചര്യം അനുകൂലമാകുമ്പോൾ മറ്റൊരു വ്യക്തിയിലേക്ക് അധികാരം പ്രയോഗിക്കാനുള്ള ശ്രമം നടത്താറുണ്ട്. അത് ജ്ഞാനപരമായോ ജാതീയമായോ കായികമായോ ആകാം. ഇത്തരം അധികാരങ്ങളെല്ലാം തന്നെ ഭയവും വിധേയത്വവുമാണ് അപരനിൽ സൃഷ്ടിക്കുന്നത്. ഇത്തരത്തിലൊരു അധികാരനിർമിതിയാണ് ഭാഷയിലൂടെയും നടക്കുന്നത്. ഇതിന് പല വഴികളുണ്ട്. അതിലൊന്നാണ് അഭിസംബോധനാരീതികൾ. നമ്മുടെ കോടതികൾ, നിയമസഭ തുടങ്ങി തൊട്ടു കീഴോട്ടുള്ള അധികാരസ്ഥാപനങ്ങളിലെല്ലാം അധികാരം ഉറപ്പിക്കുന്ന ഒരു രീതി അഭിസംബോധനാ രീതിയാണെന്ന് കാണാനാകും. 

മേൽ/കീഴ് ഉദ്യോഗസ്ഥ ബന്ധം, ഉദ്യോഗസ്ഥ/ പൊതുജനബന്ധം തുടങ്ങിയ സ്ഥലങ്ങളിൽ പ്രയോഗിക്കുന്ന അഭിസംബോധനാപദങ്ങൾ ഒന്നുതന്നെയാണെങ്കിലും ഇവിടെ സൃഷ്ടിക്കപ്പെടുന്ന അധികാരത്തിന് സാരമായ മാറ്റമുള്ളതായി വ്യക്തമാകും. നാം, അല്ലെങ്കിൽ നോം എന്നുപറയുമ്പോൾ പറയുന്ന ആളിന്റെ വലിപ്പവും സ്ഥാനവും പ്രകടമാകുന്നതുപോലെ, അടിയൻ എന്നോ, ഈയുള്ളവൻ എന്നോ പ്രയോഗിക്കുമ്പോഴും പറയുന്ന ആളിന്റെ സ്ഥിതിയും വ്യക്തമാകും. അടിയൻ എന്ന വാക്കിന്റെ മറ്റൊരു വിധേയത്വരൂപമായിത്തന്നെയാണ് സർ, മാഡം വിളികൾ മാറുന്നത്. ഇവിടെ ഇംഗ്ലീഷ് ഭാഷയിലൂടെ വിധേയത്വം ആവിഷ്‌ക്കരിക്കുന്നു എന്നുമാത്രം. തന്റെ മുന്നിൽ നിൽക്കുന്ന അപരന് അപ്രാപ്യനാണ് താൻ എന്ന തോന്നൽ ഉദ്യോഗസ്ഥരിലും, ഉദ്യോഗസ്ഥരുടെ ഔദാര്യം പറ്റുകയാണെന്ന് താനെന്ന മനോഭാവം അപരനിലും സൃഷ്ടിച്ചെടുക്കാൻ ഇത്തരം വിളികൾക്കു കഴിയും. 

Louis Dumont (ലൂയി ഡ്യൂമോണ്ട്) എന്ന ഫ്രഞ്ച് നരവംശശാസ്ത്രജ്ഞൻ ഇന്ത്യയിലെ ജാതിയധിഷ്ഠിതമായ അധീശത്വസംവിധാനത്തെ 'ഹോമോ ഹൈറാർക്കിക്കസ്' എന്നു വിശേഷിപ്പിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഈ സംവിധാനത്തിന്റെ അടിത്തട്ടിൽ പെട്ടുപോയ മനുഷ്യർക്ക് വിധേയത്വം ഒരു സാമൂഹികശീലമായി അനുഭവപ്പെട്ടേക്കും. ജാതിസമ്പ്രദായത്തോടൊപ്പം സാമ്പത്തികവും സാമൂഹികവും ലിംഗപരവുമായി വികസിച്ചുവന്ന എല്ലാത്തരം അധീശത്വത്തിനും വിധേയപ്പെടുന്ന സമാനമായൊരു അവസ്ഥാവിശേഷം ഇതിന്റെ തുടർച്ചയായുണ്ടായിട്ടുണ്ട്. പലതരം അരക്ഷിതാവസ്ഥകൾക്ക് അടിമപ്പെടുന്ന മനുഷ്യർക്ക് അധികാരപ്രകടനത്തിനെതിരേ ചെറുത്തുനിൽപ് അസാദ്ധ്യമാണ്. പകരം, അധികാരികളുടെ പ്രീതി പിടിച്ചുപറ്റുക എന്ന മാർഗ്ഗത്തിലേക്ക് അവരെത്തുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ആശയങ്ങൾക്കുപോലും ഈ സംവിധാനത്തെ തകർക്കാൻ കഴിഞ്ഞിട്ടില്ല. കുടുംബം മുതൽ ഭരണകൂടം വരെയുള്ള എല്ലാ അധികാര യൂണിറ്റുകളിലും ഈ വ്യവസ്ഥ വ്യത്യസ്ത രൂപങ്ങളിൽ, ഒരേ അന്തസ്സത്തയോടെ നിലനിൽക്കുന്നു.

അഭിസംബോധനകളിലെ ഈ മാറ്റത്തിന് രാഷ്ട്രീയമായ വലിയ മാനങ്ങളുള്ളപ്പോൾത്തന്നെ, ഈ മാറ്റത്തെ സ്വാംശീകരിക്കാനുള്ള സാമൂഹികവും സാംസ്കാരികവുമായ ഒരന്തരീക്ഷം കേരളത്തിലൂണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നിയമസഭയിലെ സർ എന്ന വിളിക്ക് എം.ബി. രാജേഷ് നിർദ്ദേശിച്ച ബദൽ ബഹുമാന്യനായ സ്പീക്കർ എന്നാണ്. പക്ഷേ ഒരു ബ്യൂറോക്രാറ്റിക് സംവിധാനത്തിൽ ഇത്തരമൊരു ഔപചാരികത പലപ്പോഴും അപ്രായോഗികമായിരിക്കും. പദവിയുടെ പേര് ഉപയോഗിച്ചുള്ള അഭിസംബോധന വളരെ കൃത്രിമവും നാടകീയവുമായി അനുഭവപ്പെടും. പേരു വിളിച്ചുള്ള ആരോഗ്യകരമായ ഒരു അഭിസംബോധനാരീതി കേരളത്തിൽ പതിവില്ലതാനും. 

ഇംഗ്ലീഷിലുള്ളപോലെ, മിസ്റ്റർ എന്നോ മിസ്സ് എന്നോ ഒരു വിശേഷണപദം നമുക്ക് സ്വന്തമായില്ല. പ്രായം, ലിംഗം, മതം തുടങ്ങിയ ഓരോ സാമൂഹികചരവും വ്യക്തികളുമായുള്ള ഇടപെടലിനെയും അഭിസംബോധനകളെയും സ്വാധീനിക്കുന്നുമുണ്ട്. കുടുംബത്തിലുൾപ്പെടെ ഈ അധികാരവ്യവസ്ഥ വളരെ സൂക്ഷ്മമായി പ്രവർത്തിക്കുന്നതു കാണാം. ജീവിതപങ്കാളിയെയോ അധികം പ്രായവ്യത്യാസമില്ലാത്ത സഹോദരങ്ങളെയോ പോലും പേരുപയോഗിച്ച് സംബോധന ചെയ്യാൻ സ്ത്രീകൾക്ക് സാധിക്കാത്ത ഒരവസ്ഥ കേരളത്തിലെ കുടുംബങ്ങളിൽ സർവ്വസാധാരണമാണ്. വൈവാഹികനില സൂചിപ്പിക്കാതെയുള്ള ബഹുമാനപദങ്ങൾ സ്ത്രീകളുടെ കാര്യത്തിൽ നമുക്കില്ല.  ഇംഗ്ലീഷിൽ വൈവാഹികപദവി സൂചിപ്പിക്കാത്ത Ms എന്ന പദം പ്രചുരപ്രചാരം നേടിയെങ്കിലും ശ്രീമതിയും കുമാരിയും നമ്മുടെ ഔദ്യോഗികരേഖകളിലുൾപ്പെടെ മാറാതെ നിൽക്കുന്നു. 

ഭാഷയിലൂടെ തിരുത്തപ്പെടുന്നത് നൂറ്റാണ്ടുകൾ നീണ്ട കൊളോണിയലിസത്തിന്റെയും ഫ്യൂഡലിസത്തിന്റെയും ആലഭാരങ്ങളാണെങ്കിൽ, ആ മാറ്റത്തെ ഉൾക്കൊള്ളാനുള്ള ജനാധിപത്യപരമായ ഒരു അന്തരീക്ഷം കൂടി സമകാലികമായിത്തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കുടുംബമുൾപ്പെടെയുള്ള എല്ലാ സാമൂഹികയൂണിറ്റുകളിലും ആരംഭിക്കുകയും വളർന്ന് തിടം വയ്ക്കുകയും ചെയ്യേണ്ടതാണിത്. പല രാഷ്ട്രങ്ങളിലും സൈനികർക്കിടയിൽപ്പോലും അമിതമായ വിധേയത്വം പ്രദർശിപ്പിക്കുന്ന അടയാളങ്ങൾ മാഞ്ഞുതുടങ്ങുകയാണിന്ന്. പലപ്പോഴും അതിവിനയം വളരെ സ്വീകാര്യമായ ഒരു ഗുണമായിത്തുടരുന്ന കേരളത്തിൽ അടിസ്ഥാനപരമായ മനുഷ്യാന്തസ്സിനെയും സാമ്പത്തികവും ജാതീയവും ലിംഗപരവുമായ തുല്യതയെയും മാനിച്ചുകൊണ്ടുള്ള സാമൂഹികമായ ഇടപെടലുകളുടെ ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. മാത്തൂരും അവിണിശ്ശേരിയും സൃഷ്ടിക്കുന്ന മാതൃക തൊലിപ്പുറത്തെ പരിഷ്കാരമാകാതിരിക്കാൻ മറ്റു മാർഗ്ഗങ്ങളില്ല.

click me!