കടൽപാമ്പുകൾ മനുഷ്യരെ ഇണകളെന്ന് തെറ്റിദ്ധരിക്കുന്നു, അടുത്തെത്തുന്നത് ഇണ ചേരാനോ ആക്രമിക്കാനോ, പഠനം

By Web TeamFirst Published Aug 24, 2021, 2:26 PM IST
Highlights

ആ പഠനകാലത്ത്, ലിഞ്ചും കൂട്ടരും കടൽ പാമ്പുകളിൽ നിന്നുള്ള മിക്ക ആക്രമണ പ്രവർത്തനങ്ങളും പ്രജനനകാലത്ത് പുരുഷന്മാരാണ് നടത്തുന്നതെന്ന് കണ്ടെത്തി. 

നിങ്ങൾ സ്കൂബാ ഡൈവിംഗ് നടത്തുമ്പോൾ ആറടി നീളമുള്ള ഒരു കടൽ പാമ്പ് നിങ്ങളുടെ അടുത്തേയ്ക്ക് പെട്ടെന്ന് വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? കടൽ പാമ്പുകൾ അപൂർവമായി മാത്രമേ ആക്രമിക്കാറുള്ളുവെങ്കിലും, അതിന്റെ വിഷം മാരകമാണ്. വലിയ കടൽ പാമ്പുകൾക്ക് നമ്മളേക്കാൾ വേഗത്തിൽ നീന്താൻ കഴിയും, അതിനാൽ നമുക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഓസ്‌ട്രേലിയയിലെ മക്വാരി സർവകലാശാലയിലെ ഹെർപെറ്റോളജിസ്റ്റ് റിക്ക് ഷൈൻ പറഞ്ഞു. പാമ്പിനെ ഉപദ്രവിക്കുന്നത് കൂടുതൽ അപകടമാണ്. പാമ്പിനെ കൂടുതൽ പ്രകോപിപ്പിക്കലാകും. പക്ഷേ അവ മിക്കപ്പോഴും ഉപദ്രവിക്കാറില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനായിരിക്കും മുങ്ങൽ വിദഗ്ധരെ കാണുമ്പോൾ അവ പാഞ്ഞു വരുന്നത്?  

അടുത്തകാലത്ത് ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ ഇണചേരൽ കാലത്ത്, ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ട കടൽ പാമ്പുകൾ മുങ്ങൽ വിദഗ്ധരെ ഇണകളാണെന്ന് തെറ്റിദ്ധരിച്ച് അവരുടെ അടുത്തേയ്ക്ക് വരുന്നതാണെന്ന് കണ്ടെത്തി. മുങ്ങൽ വിദഗ്ധർ എതിരാളികളോ, ഇണകളോ ആണെന്ന് പാമ്പുകൾ കരുതുന്നു. ഒലിവ് കടൽ പാമ്പുകൾ, പ്രത്യേകിച്ച് പുരുഷന്മാർ, മുങ്ങൽ വിദഗ്ധരെ പലതവണ സമീപിക്കുകയും വേഗത്തിലുള്ള ചലനങ്ങൾ നടത്തുന്നതായും തെക്കൻ ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിക്കുന്ന മൂന്ന് ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. ശൈത്യകാലത്ത് പ്രജനനം നടത്തുന്ന സമയതാണിത് കൂടുതലും സംഭവിക്കുന്നതെന്ന് അവർ കണ്ടെത്തി.  

ഓസ്‌ട്രേലിയയിലെ കോമൺ‌വെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ മുതിർന്ന ഗവേഷകനായ ടിം ലിഞ്ചിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. ആൺ കടൽ പാമ്പുകൾ ഇണചേരാൻ നോക്കുകയാണെന്നും മനുഷ്യരെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതല്ലെന്നും അവർ പറയുന്നു. സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് ഉണ്ടായിരുന്നത്. ഗ്രേറ്റ് ബാരിയർ റീഫിലെ ഒലിവ് കടൽ പാമ്പുകളുമായി (ഐപിസുറസ് ലേവിസ്) 158 തവണ ലിഞ്ച് സമ്പർക്കം പുലർത്തി. 

ആ പഠനകാലത്ത്, ലിഞ്ചും കൂട്ടരും കടൽ പാമ്പുകളിൽ നിന്നുള്ള മിക്ക ആക്രമണ പ്രവർത്തനങ്ങളും പ്രജനനകാലത്ത് പുരുഷന്മാരാണ് നടത്തുന്നതെന്ന് കണ്ടെത്തി. പഠനം ഇതിനെ "mistaken identity during sexual interactions"എന്ന് വിളിക്കുന്നു. ഗവേഷകർ 1994-95 കാലഘട്ടത്തിലാണ് വിശദാംശങ്ങൾ രേഖപ്പെടുത്തിയതെങ്കിലും, ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇപ്പോഴാണ്. കൊവിഡ് -19 മഹാമാരിയാണ് ലിഞ്ചിന് വീണ്ടും ഇതിനെ കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത്.  

സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് മനുഷ്യരെ സമീപിക്കുന്നതെന്നും ഇണചേരൽ സ്വഭാവം കാണിക്കുന്നുവെന്നും പഠനം വിലയിരുത്തി. ഒരു മുങ്ങൽ വിദഗ്ധന്റെ മുട്ടിന് ചുറ്റും വട്ടമിടുന്നത് ഇതിൽ ഉൾപ്പെടുന്നു. കടൽ പാമ്പുകൾ മനുഷ്യരെ മറ്റൊരു പാമ്പായി തെറ്റിദ്ധരിക്കുന്നത് തികച്ചും സാദ്ധ്യമാണ്. അവർ സാധാരണയായി പെൺ പാമ്പുകളെ ഇണകളായും പുരുഷന്മാരെ എതിരാളികളായും കാണുന്നു. ഇത് ചില അനാവശ്യ ആക്രമണങ്ങളിലേയ്ക്ക് വഴിവയ്ക്കും. എന്നാൽ അവരുടെ സ്വഭാവ സവിശേഷതകളെ അടിസ്ഥാനമാക്കി, പ്രകോപനമില്ലാത്ത ആക്രമണത്തിനുള്ള ഏറ്റവും വിശ്വസനീയമായ വിശദീകരണമാണിത്. കരയിലെ പാമ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കടൽ പാമ്പുകൾക്ക് കാഴ്ച്ചക്കുറവാണ് എന്നതും പഠനം കൂട്ടിച്ചേർക്കുന്നു.


 

click me!