
ഓസ്ട്രേലിയയിൽ നടന്ന ഒരു റെയ്ഡിൽ പിടിച്ചെടുത്തത് ഒരു ലക്ഷത്തിലധികം വിദേശ ഇനത്തിൽപ്പെട്ട പാറ്റകളെ. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, ദി എൻവയോൺമെന്റ് ആൻഡ് വാട്ടർ (DCCEEW) നൽകുന്ന വിവരങ്ങൾ പ്രകാരം, ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു സ്ഥലത്തുനിന്നാണ് ഈ പ്രാണികളെ കണ്ടെടുത്തത്. പിടിച്ചെടുത്ത ശേഖരത്തിന് ഏകദേശം 2,00,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1,36,40,240 ഇന്ത്യൻ രൂപ) മൂല്യമുണ്ടെന്നാണ് വകുപ്പ് കണക്കാക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വിദേശ പ്രാണികളെ ഇത്രയും വലിയ അളവിൽ പിടികൂടുന്നത് ഇതാദ്യമായാണ്. കണ്ടെടുത്തവയിൽ മഡഗാസ്കർ ഹിസ്സിങ് കോക്രോച്ചുകളും ഉൾപ്പെടുന്നു. എബിസി ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇവയ്ക്ക് ഒരു മനുഷ്യന്റെ കൈപ്പത്തിയോളം വരെ വലിപ്പം വയ്ക്കാം. മഡഗാസ്കർ സ്വദേശികളായ ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാറ്റ ഇനങ്ങളിൽ ഒന്നാണ്.
വിദേശ പ്രാണികളെ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും വളർത്തുന്നതിനെക്കുറിച്ചും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. മുൻപ് ഒരിക്കലുമുണ്ടാകാത്ത തരത്തിലുള്ള വലിയൊരു ഓപ്പറേഷനാണ് ഇതെന്നും, നിയമവിരുദ്ധമായി നടക്കുന്ന വന്യജീവി വ്യാപാരം ഉയർത്തുന്ന വലിയ ഭീഷണികളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ ചിത്രങ്ങളും വകുപ്പ് പങ്കുവച്ചിട്ടുണ്ട്. പ്രാണികൾക്ക് പുറമെ, മൂവായിരത്തിലധികം ബ്രീഡിങ് കോളനികളും അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
ബയോസെക്യൂരിറ്റി ഭീഷണികൾ
പുറത്തുനിന്നുള്ള ഇത്തരം ജീവികളെ ഓസ്‌ട്രേലിയൻ പരിസ്ഥിതിയിലേക്ക് തുറന്നുവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇവ കാട്ടിലേക്ക് രക്ഷപ്പെടുകയാണെങ്കിൽ, പ്രാദേശിക ആവാസവ്യവസ്ഥയെ തകിടം മറിക്കാനും അധിനിവേശ ജീവികളായി മാറി വിഭവങ്ങൾക്കായി തദ്ദേശീയ ഇനങ്ങളോട് മത്സരിക്കാനും സാധ്യതയുണ്ടെന്ന് DCCEEW പറയുന്നു. ഈ ശേഖരവുമായി ബന്ധമുള്ള വ്യക്തി ആരാണെന്ന് വകുപ്പ് ഇതുവരെ പരസ്യമാക്കിയിട്ടില്ല, അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.