
എത്ര പണം സമ്പാദിച്ചാലും സന്തോഷം കണ്ടെത്താനാവാത്ത ചില മനുഷ്യരുണ്ട്. മറ്റ് ചിലരാവട്ടെ പണമില്ലെങ്കിലും ഹാപ്പിയായിരിക്കും. പണമുണ്ടായിട്ടും സന്തോഷം കണ്ടെത്താനാവാത്തതിന് പല കാരണങ്ങളുമുണ്ടാവും. അത്തരത്തിലുള്ള ഒരു പോസ്റ്റാണ്
ഡോ. സണ്ണി ഗാർഗ് എന്ന കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കഠിനമായ ഉറക്കമില്ലായ്മയും അമിതമായ ഉത്കണ്ഠയും കാരണം തന്നെ കാണാനെത്തിയ 34 വയസ്സുകാരനായ ഒരു ഗുഡ്ഗാവ് സ്വദേശിയുടെ കഥയാണ് അദ്ദേഹം പറയുന്നത്. നല്ല രീതിയിൽ ജീവിതത്തിൽ മുന്നേറിക്കൊണ്ടിരുന്ന ആളായിരുന്നു ഈ യുവാവ്. വർഷം ഏകദേശം 40 ലക്ഷം രൂപ വരുമാനം, സ്വന്തമായി ഒരു 2BHK അപ്പാർട്ട്‌മെന്റ്, കൂടാതെ ഒരു ബിഎംഡബ്ല്യു കാറും. എങ്കിലും, അയാൾ കൺസൾട്ടേഷനിടയിൽ വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.
രാത്രി ഉറങ്ങാന്‍ വയ്യ!
'ഡോക്ടർ, ഞാൻ വളരെ ദരിദ്രനാണെന്ന് എനിക്ക് തോന്നുന്നു. രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല' എന്നാണ് അയാൾ പറഞ്ഞതത്രെ. സാമ്പത്തികമായി വിജയിച്ചിട്ടും മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തുകയാണ് ഇയാൾ ചെയ്യുന്നത്. അതും സ്വന്തം നാട്ടുകാരുമായോ, സാധാരണ ജോലികൾ ചെയ്യുന്നവരോ ഒന്നുമായിട്ടല്ല. പകരം, ചെറുപ്പകാലത്ത് തന്നെ പത്തും നൂറും കോടികളുടെ ആസ്തിയുണടാക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർ, സംരംഭകർ, സോഷ്യൽ മീഡിയ പേഴ്സണാലിറ്റീസ് എന്നിവരുമായാണ് അയാൾ ഇപ്പോൾ തന്നെ താരതമ്യപ്പെടുത്തുന്നത്.
'പണ്ട്, അയാൾ തന്റെ ഗ്രാമത്തിലെ അയൽക്കാരന്റെ ക്ലർക്കായി ജോലി ചെയ്യുന്ന മകനുമായിട്ടാണ് സ്വയം താരതമ്യം ചെയ്തിരുന്നത്. എന്നാൽ ഇന്ന്, താരതമ്യം ചെയ്യുന്നത് തന്റെ സ്റ്റാർട്ടപ്പ് വിറ്റ് 80 കോടി രൂപയുമായി ഇരിക്കുന്ന ലിങ്ക്ഡ്ഇന്നിലെ ഒരു 28 വയസ്സുകാരനുമായാണ്' എന്നും ഡോക്ടർ പറയുന്നു. 'മോഡേൺ പോവർട്ടി' എന്ന വാക്കുകൊണ്ടാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത് പണമില്ലാത്ത അവസ്ഥയല്ല, മറിച്ച് മനസ്സമാധാനമില്ലാത്ത അവസ്ഥയാണ്.
3 ചോദ്യങ്ങള്‍
അയാളുടെ മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ ഡോക്ടർ അയാളോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചു: കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എത്ര തവണ നിങ്ങൾ നിങ്ങളോട് തന്നെ തന്നെ 'ഞാൻ പൂർണ്ണനാണ്/എനിക്കിത് മതി' എന്ന് പറഞ്ഞിട്ടുണ്ട്?' എന്നായിരുന്നു ആദ്യ ചോദ്യം. 'ഒരിക്കൽ പോലും ഇല്ല' എന്നായിരുന്നു അതിന്റെ ഉത്തരം.
'ആർക്കുവേണ്ടിയാണ് ഈ പണമെല്ലാം സമ്പാദിക്കുന്നത്' എന്നതായിരുന്നു അടുത്ത ചോദ്യം. 'തനിക്ക് അത് കൃത്യമായി അറിയില്ലെ'ന്നായിരുന്നു മറുപടി.
അടുത്ത ചോദ്യം, 'പണത്തിനോ കരിയറിലെ പുരോഗതിക്കോ വേണ്ടിയല്ലാതെ, നിന്റെ ജീവിതത്തിൽ നീ ചെയ്യുന്ന ഒരൊറ്റ കാര്യമെങ്കിലും ഉണ്ടോ' എന്നതായിരുന്നു. അതിനും മറുപടി 'ഇല്ല' എന്ന് തന്നെ.
പ്രശ്നം സാമ്പത്തികമല്ല, മറിച്ച് അസ്തിത്വപരമാണ് എന്നാണ് ഈ ഉത്തരങ്ങൾ വ്യക്തമാക്കിയത് എന്ന് ഡോ. ഗാർഗ് പറയുന്നത്. അയാൾ പ്രൊഫഷണലായി വിജയം നേടിയെങ്കിലും, ജോലിക്കും വരുമാനത്തിനുമൊക്കെ അപ്പുറമുള്ള ജീവിത ലക്ഷ്യവും സംതൃപ്തിയും സ്വന്തം വ്യക്തിത്വവും അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.
'പണം എല്ലാ പ്രവൃത്തികളുടെയും അളവുകോലായി മാറുമ്പോൾ, നിങ്ങൾ ഒരു മനുഷ്യനായിരിക്കുന്നത് അവസാനിപ്പിച്ച് ഒരു യന്ത്രമായി മാറുന്നു' എന്നാണ് ഡോക്ടർ പറയുന്നത്.
നിരവധിപ്പേരാണ് ഡോക്ടറുടെ പോസ്റ്റിന് കമന്റുകളുമായി വന്നത്. സോഷ്യൽ മീഡിയയിൽ ഇന്ന് വലിയ വലിയ വിജയഗാഥകൾ മാത്രമേ കാണാൻ കഴിയൂ. അത് മറ്റുള്ളവരിൽ താൻ പോരാ എന്ന ചിന്തയുണ്ടാക്കുമെന്നും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും പലരും പ്രതികരിച്ചു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് എപ്പോഴും നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കും എന്നും ആളുകൾ അഭിപ്രായപ്പെട്ടു. വിഷാദത്തിന് മരുന്ന് കഴിക്കുന്നവർ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ് എന്നും ആളുകൾ പ്രതികരിച്ചു.